Sections

കെട്ടുറപ്പുള്ള അടിത്തറയില്‍ മാത്രമേ സംരംഭം വളരൂ !

Friday, Sep 16, 2022
Reported By Jeena S Jayan
business , Business Guide

സ്ഥാപനം എന്തിന് വേണ്ടി ആണോ നിലകൊള്ളുന്നത് എന്നുള്ള  ലക്ഷ്യബോധം ഉണ്ടാവണം

 

ഒരു സംരംഭം അല്ലെങ്കില്‍ സംരംഭക സ്ഥാപനം മികച്ച രീതിയില്‍ സഞ്ചരിക്കാന്‍ ഏറ്റവും അത്യാവശ്യം വേണ്ടത് വ്യക്തമായ ഘടനയോടുള്ള പ്രവര്‍ത്തനം തന്നെയാണ്. വ്യത്യസ്തരായ ജീവനക്കാര്‍ ജോലി ചെയ്യുന്ന ഒരു സ്ഥാപനം ഉയര്‍ച്ചയിലേക്ക് എത്തുവാന്‍ ,ആദ്യം സ്ഥാപനം എന്തിന് വേണ്ടി ആണോ നിലകൊള്ളുന്നത് എന്നുള്ള  ലക്ഷ്യബോധം ഉണ്ടാവണം.അതോടൊപ്പം തന്നെ ആ ലക്ഷ്യം നിറവേറ്റാന്‍ അനുയോജ്യമായ ഘടന കൂടി രൂപപ്പെടുത്തി പാലിച്ചുപോകേണ്ടതും അത്യാവശ്യമാണ് . സ്ഥിരമായി ഒരു ഘടന പാലിച്ചുപോരുന്നത് കൊണ്ട് ഏറെ ഗുണങ്ങള്‍ സ്ഥാപനത്തിന് ഉണ്ടാകും 


ഉത്തരവാദിത്തങ്ങളില്‍ വ്യക്തമായ ധാരണയുണ്ടാകുക

വ്യക്തമായ ഘടനയിലൂടെ ഒരു സ്ഥാപനത്തിലെ ഓരോ വ്യക്തിയുടെയും പങ്കും ഉത്തരവാദിത്വങ്ങളും കൃത്യമായി വിലയിരുത്താനും നിരീക്ഷിക്കാനും പറ്റും . അത്‌കൊണ്ട് തന്നെ തന്റെ ഉത്തരവാദിത്വങ്ങള്‍ നടപ്പിലാക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ പറ്റി ജീവനക്കാര്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കും .ഇത് ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും സ്ഥാപനത്തിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും .

അധികാരം തിരിച്ചറിഞ്ഞ് നല്‍കുക

മാനേജറിന്റെ ജോലി ആയിരിക്കില്ല ഒരിക്കലും ഒരു സംരംഭത്തില്‍ സെയില്‍സ്മാന്‍ ചെയ്യുന്നത്.വ്യക്തമായി പറഞ്ഞാല്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഒരേ അധികാരം ആയിരിക്കില്ല.കാരണം ഓരോ വ്യക്തിയുടെയും സ്ഥാനമാനങ്ങള്‍ക്ക് അനുസരിച്ച അതില്‍ വ്യത്യാസം വരുന്നുണ്ട് . ഒരു സ്ഥാപനത്തിന്റെ ഘടന എന്നതുകൊണ്ട് ഓരോ ജീവനക്കാരുടെ അധികാരം എന്തെല്ലാം ആണ് എന്ന് പറഞ്ഞുവെക്കാനും ശരിയായ അധികാരഘടന പരിപാലിച്ചുകൊണ്ടുപോകാനും ഓരോ ബിസിനസ്സ്‌കാരനും ശ്രദ്ധിക്കേണ്ടതുണ്ട്

കാര്യക്ഷമതയോട് കൂടിയുള്ള പ്രവര്‍ത്തനം

മേല്പറഞ്ഞ രണ്ടു കാര്യങ്ങളും വ്യക്തമായി നടപ്പിലാക്കുന്നതിലൂടെ കൈവരിക്കുന്ന ഒന്നാണ് ആ സ്ഥാപനത്തിന്റെ കാര്യക്ഷമത എന്നത് . കാരണം ഇപ്പോള്‍ സ്ഥാപനത്തിന്റെ ഘടനയും ,ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വങ്ങളും നിര്‍വ്വചിക്കപെട്ടിരിക്കുന്നു .ഇനി അത് വേണ്ട സമയങ്ങളില്‍ വേണ്ട വിധേന ഉപയോഗിച്ച് സ്ഥാപനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാനം .കാരണം കാര്യക്ഷമത വര്‍ദ്ധിക്കുമ്പോള്‍ സ്ഥാപനത്തിന്റെ ലാഭവും വര്‍ദ്ധിക്കും


വ്യക്തമായ തീരുമാനത്തിലേക്ക് എത്താനുള്ള പ്രയത്‌നം

ഒരു സ്ഥാപനത്തിലെ ഓരോ സ്ഥാനങ്ങളിലുള്ള വ്യക്തികള്‍ക്കും സ്വതന്ത്രമായി തീരുമാനം എടുക്കാന്‍ ഉള്ള കഴിവും ഉത്തരവാദിത്തവും ഉണ്ട് .അതുകൊണ്ട് തന്നെ വ്യക്തമായി തീരുമാനം എടുക്കാന്‍ ഉള്ള ഒരു സാധ്യതയും ,പ്രക്രിയയും ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കേണ്ടത് അനിവാര്യമാണ് .


ശക്തമായ ആശയവിനിമയം

വ്യക്തവും ശക്തവും ആയ ആശയവിനിമയം ഒരു സ്ഥാപനത്തിന്റെ  വളര്‍ച്ചയെ വലിയ രീതിയില്‍ സ്വാധീനിക്കും എന്നതിന് യാതൊരു തര്‍ക്കവും ഇല്ല .കാരണം മേല്‍ത്തട്ടില്‍ ഇരിക്കുന്ന നേതാക്കള്‍ പറയുന്ന കാര്യങ്ങള്‍ താഴെക്കിടയില്‍ ഉള്ള ജീവനക്കാരിലേക്ക് എത്തുന്ന പോലെ തന്നെ പ്രധാനം ആണ് താഴെക്കിടയില്‍ ഉള്ള ജീവനക്കാര്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ തന്റെ സ്ഥാപനത്തിലെ മേല്‍ത്തട്ടില്‍ ഉള്ള നേതാക്കളിലേക്ക് എത്തുക എന്നുള്ളതും .

സംരംഭത്തില്‍ അനുയോജ്യമായ സ്ഥാനക്കയറ്റം നല്‍കാന്‍ ശ്രദ്ധിക്കണം

ഓരോ വ്യക്തിയുടെ കഴിവിനും പ്രവര്‍ത്തിക്കും അനുസരിച്ച് ശരിയായ സ്ഥാനക്കയറ്റം നല്കാന്‍ ഒരു സ്ഥാപനത്തിന്റെ ഘടന വളരെ സഹായിക്കും . തന്റെ പ്രയത്‌നത്തിന് അനുസരിച്ചുള്ള സ്ഥാനക്കയറ്റം ലഭിക്കുന്നതിലൂടെ അയാള്‍ സ്ഥാപനത്തോട് കൂറ് പുലര്‍ത്തുന്നവര്‍ ആയിരിക്കും.


മികച്ച ടീമിനെ വാര്‍ത്തെടുക്കുക

ഒരു സ്ഥാപനം ഒരു വണ്‍ മാന്‍ ഷോ പോലെ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രയാസം ഉള്ള കാര്യം ആണ് .സ്ഥാപനം ഏതുമായിക്കൊള്ളട്ടെ ,ആ സ്ഥാപനത്തിന്റെ ലക്ഷ്യവും സ്വപ്നങ്ങളും നിറവേറ്റാന്‍ സ്ഥാപകനെ പോലെ തന്നെ ആത്മാര്‍ത്ഥതയും പരിശ്രമവും ഉള്ള അനേകം ജീവനക്കാര്‍ നിങ്ങളുടെ സ്ഥാപനത്തില്‍ ഉണ്ടാകും .അങ്ങനെയുള്ളവരെ കണ്ടെത്തി ഒരു കോര്‍ ടീം ഉണ്ടാകുക എന്നത് വളരെ അത്യാവശ്യം ആണ് .ഇവര്‍ നിങ്ങളുടെ ഉയര്‍ച്ചയിലും താഴ്ച്ചയിലും കൂടെ ഉണ്ടാകും എന്ന് മാത്രം അല്ല സ്ഥാപനത്തിന്റെ വളര്‍ച്ചയിലും ശക്തമായ പങ്കുവഹിക്കും എന്നതിന് യാതൊരു സംശയവും ഇല്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.