Sections

സമീകൃതാഹാരം: ആരോഗ്യകരമായ ഭക്ഷണത്തിനുള്ള നുറുങ്ങുകൾ

Wednesday, Dec 04, 2024
Reported By Soumya
Importance of Balanced Diet: Tips for Healthy Eating

ആഹാരത്തെപ്പറ്റി വളരെ അധികം കാര്യങ്ങൾ മനസ്സിലാക്കാനുണ്ടെങ്കിലും ഏറ്റവും പ്രധാനം സമീകൃതാഹാരംതന്നെയാണ്.ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും വേണ്ട അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് സമീകൃതാഹാരം. അതായത് അന്നജം, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയെ കൂടാതെ വൈറ്റമിൻസ്, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ, ഫൈറ്റോകെമിക്കൽസ്, നാരുകൾ തുടങ്ങിയ സൂക്ഷ്മപോഷകങ്ങളും അതിൽ അടങ്ങിയിരിക്കണം. ഓരോ ദിവസവും 70 ധാതുക്കളും 20 വൈറ്റമിനുകളും 15 ഫൈറ്റോ കെമിക്കൽസും ഭക്ഷണത്തിൽ ഉണ്ടായിരിക്കണം. ഇവയുടെ അഭാവത്തിൽ പല രോഗങ്ങളും ഉണ്ടാവുന്നു. ഇന്ത്യയിലെ ജനസംഖ്യയിൽ തൊണ്ണൂറു ശതമാനം ആൾക്കാരും സമീകൃതാഹാരമല്ല കഴിക്കുന്നതെന്നാണ് കണക്കുക്കൾ സൂചിപ്പിക്കുന്നത്. സമീകൃത ആഹാരം കഴിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം.

  • ഭക്ഷണപദാർഥങ്ങളിലെ പ്രധാന പോഷകങ്ങളെപ്പറ്റി ഒരു ഏകദേശ ധാരണ എല്ലാവർക്കും ഉണ്ടാവണം. കഴിക്കുന്ന ഭക്ഷണത്തിൽ അന്നജം, കൊഴുപ്പ് എന്നിവ കൂടുതലാണോ? പ്രോട്ടീനോ വൈറ്റമിനുകളോ ധാതുക്കളോ ഒക്കെ ഉണ്ടോയെന്നെങ്കിലും അറിഞ്ഞിരിക്കണം. ഉദാഹരണമായി അപ്പവും ഉരുളക്കിഴങ്ങ് സ്റ്റൂവും സമീകൃതം അല്ല കാരണം രണ്ടിലും അന്നജമാണ് കൂടുതൽ. അതേ സമയം അപ്പവും കടലക്കറി, മുട്ട എന്നിവയിലേതെങ്കിലും ആണെങ്കിൽ അപ്പത്തിൽ അന്നജവും കടല, മുട്ട എന്നിവയിൽ പ്രോട്ടീനും ഉണ്ട്. കപ്പ കഴിക്കുന്നവർ കപ്പ പുഴുക്കിനോടൊപ്പം മീൻ കറി കൂട്ടി കഴിക്കുക. കാരണം കപ്പയിൽ അന്നജം വളരെ കൂടുതലുണ്ട്. മത്സ്യത്തിലാവട്ടെ പ്രോട്ടീനും ഒമേഗ ത്രീ ഫാറ്റി അമ്ലങ്ങളും ഉണ്ട്.
  • തവിടോടു കൂടിയ കുത്തരി ചോറ് പ്ലേറ്റിന്റെ കാൽഭാഗം മാത്രവും കാൽഭാഗം പ്രോട്ടീനടങ്ങിയ മത്സ്യം, മുട്ട, ഇറച്ചി, ബീൻസ്, കൂണ് എന്നിവയിലേതെങ്കിലും പ്ലേറ്റിന്റെ പകുതിഭാഗം വിവിധ പച്ചക്കറികൾ കൊണ്ടുള്ള കറികളും ഉപയോഗിക്കണം.
  • പൊതുവേ പച്ചക്കറികളും പഴങ്ങളും കഴിക്കാൻ നമ്മുടെ കുട്ടികൾ പോലും വൈമുഖ്യം കാണിക്കുന്നു. അവ വിവിധ പോഷകങ്ങളുടെ കലവറയാണ്. സമീകൃതാഹാരത്തിനു വേണ്ട മിക്ക വൈറ്റമിനുകളും ധാതുക്കളും നാരുകളും ആന്റി ഓക്സിഡന്റുകളും ഫൈറ്റോകെമിക്കൽസുകളുമൊക്കെ ഇവയിൽ ധാരാളമുണ്ട്.
  • ബദാം, കപ്പലണ്ടി, വാൾനട്സ് തുടങ്ങിയ അണ്ടിപ്പരിപ്പുകൾ ഫ്ലാക്സ് സീഡ് പോലുള്ളവ, മുളപ്പിച്ച പയർ എന്നിവയൊക്കെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഭക്ഷണം സമീകൃതമാക്കാൻ സഹായിക്കും.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.