- Trending Now:
ഇമ്മിഡിയറ്റ് പെയ്മെന്റ് സര്‍വീസ് (ഐഎംപിഎസ്) സേവനത്തിന്റെ ദിവസ പരിധി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. നേരത്തെ രണ്ട് ലക്ഷം രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 5 ലക്ഷം രൂപയായാണ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് തത്സമയ ആഭ്യന്തര പണ കൈമാറ്റങ്ങളിളിലൂടെ വലിയ തുക ട്രാന്‍സ്ഫര്‍ ചെയ്യുവാന്‍ സഹായിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ബാങ്കിന്റെ ഈ തീരുമാനം. ആര്‍ബിഐ ഗവര്‍ണറായ ശക്തികാന്ത ദാസ് കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പലവിധ ചാനലുകള്‍ മുഖേന 24*7 സമയവും ആഭ്യന്തര ഫണ്ട് കൈമാറ്റം വാഗ്ദാനം ചെയ്യുന്ന സേവനമാണ് ഇമ്മീഡിയറ്റ് പെയ്മെന്റ് സര്‍വീസ് അഥവാ ഐഎംപിഎസ്. ഐഎംപിഎസ് സംവിധാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് ഇടപാട് തുകയുടെ പരിധി 2 ലക്ഷം രൂപയില്‍ നിന്നും 5 ലക്ഷം രൂപയാക്കി ഉയര്‍ത്തുവാന്‍ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. - ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പത്ര സമ്മേളനത്തില്‍ അറിയിച്ചു.
ഡിജിറ്റല്‍ രീതിയിലുള്ള പണ ഇടപാടുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ്. ഐഎംപിഎസ് ട്രാന്‍സാക്ഷന്‍ പരിധി ഉയര്‍ത്തുന്നതിന് സമാനമായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. റിയില്‍ ടൈം രീതിയില്‍ പണം കൈമാറ്റം ചെയ്യുന്നതിനായി ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബാങ്കിംഗ് സേവനമാണ് ഇമ്മീഡിയറ്റ് പെയ്മെന്റ് സര്‍വീസ്. സ്മാര്‍ട് ഫോണുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ബാങ്ക് ശാഖകള്‍, എടിഎമ്മുകള്‍, എസ്എംഎസ്, ഐവിആര്‍എസ് എന്നിവയിലൂടെ ഐഎംപിഎസ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. കുറഞ്ഞ ചിലവിലും സുരക്ഷിതത്വത്തിലും രാജ്യത്തിനകത്തുള്ള ബാങ്കുകളിലേക്ക് തത്സമയം പണം കൈമാറ്റം ചെയ്യുവാന്‍ ഇതുവഴി സാധിക്കും. 2010 ലാണ് ആദ്യമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഐഎംപിഎസ് അഥവാ ഇമ്മിഡിയറ്റ് പെയ്മെന്റ് സര്‍വീസ് ആരംഭിക്കുന്നത്.
2014 ജനുവരി മാസത്തിലാണ് ഈ തത്സമയ ഇന്റര്‍ ബാങ്ക് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ മോഡിലൂടെയുള്ള പണ കൈമാറ്റ പരിധി 2 ലക്ഷം രൂപയായി നിശ്ചയിച്ചത്. അതേ സമയം പുതിയ വായ്പാ നയത്തിലും പലിശ നിരക്കുകള്‍ പുതുക്കേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചാതായും ശക്തികാന്ത ദാസം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ റീപ്പോ നിരക്ക് 4 ശതമാനത്തില്‍ തുടരും. റീവേഴ്‌സ് റീപ്പോ നിരക്ക് 3.35 ശതമാനമായും നിലകൊള്ളും. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റീപ്പോ നിരക്ക്.
വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപത്തിനുള്ള പലിശ നിരക്കാണ് റിവേഴ്‌സ് റീപ്പോയും. തുടര്‍ച്ചയായി എട്ടാം തവണയാണ് റീപ്പോ, റിവേഴ്‌സ് റീപ്പോ നിരക്കുകള്‍ മാറ്റേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ നേതൃത്വത്തിലുള്ള ധനനയ സമിതി തീരുമാനിക്കുന്നത്. 2020 മാര്‍ച്ചിലാണ് റീപ്പോ നിരക്ക് 4 ശതമാനമായി റിസര്‍വ് ബാങ്ക് വെട്ടിക്കുറച്ചതും. സമ്പദ്ഘടനയുടെ ഇപ്പോഴത്തെ വളര്‍ച്ചയും പണപ്പെരുപ്പവും തമ്മിലെ അന്തരം ധനനയ സമിതി വിശദമായി വിലയിരുത്തി. മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്കിലും ഇത്തവണ മാറ്റമില്ല. 4.25 ശതമാനത്തില്‍ എംഎസ്എഫ് നിരക്ക് തുടരുകയാണ്. ജൂലായ് - സെപ്തംബര്‍ കാലയളവില്‍ ഉപഭോക്തൃ വിലസൂചിക അിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴെയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വെള്ളിയാഴ്ച്ച അറിയിച്ചു. നിക്ഷേപ മേഖലകളില്‍ ചെറിയ ഉണര്‍വ് കാണുന്നുണ്ട്. വരാനിരിക്കുന്ന ഉത്സവകാലം നഗര മേഖലകളില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കും, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സൂചിപ്പിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.