Sections

ഡിപി വേൾഡ് ഐഎൽടി20 സീസൺ 2 സീ ചാനലുകളിലും ഒടിടിയിലും സംപ്രേഷണം ചെയ്യും

Saturday, Jul 22, 2023
Reported By Admin
ZEE

ഡിപി വേൾഡ് ഐഎൽടി20യുടെ രണ്ടാം സീസൺ പ്രഖ്യാപിച്ച് സീ എൻറർടൈൻമെൻറ് എൻറർപ്രൈസസ് ലിമിറ്റഡ്


കൊച്ചി: ലോകത്തിൽ ഏറ്റവുമധികം ആളുകൾ വീക്ഷിക്കുന്ന രണ്ടാമത്തെ ടി20 ക്രിക്കറ്റ് ലീഗായ ഡിപി വേൾഡ് ഐഎൽടി20യുടെ രണ്ടാം സീസൺ പ്രഖ്യാപിച്ച് സീ എൻറർടൈൻമെൻറ് എൻറർപ്രൈസസ് ലിമിറ്റഡ്. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിൻറെ അനുമതിയോടെയുള്ള ടൂർണമെൻറ് 2024 ജനുവരി മുതൽ കമ്പനിയുടെ ലീനിയർ ചാനലുകളിലും ഒടിടി പ്ലാറ്റ്ഫോമായ സീ5 എന്നിവയിലും തത്സമയം സംപ്രേഷണം ചെയ്യും. ആകെ 34 മത്സരങ്ങളാണ് ഡിപി വേൾഡ് ഐഎൽടി20 ടൂർണമെൻറിലുള്ളത്.

2024 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലാണ് രണ്ടാം സീസൺ അരങ്ങേറുക. അബുദാബി നൈറ്റ് റൈഡേഴ്സ്, ഡെസേർട്ട് വൈപ്പേഴ്സ്, ദുബായ് ക്യാപിറ്റൽസ്, ഗൾഫ് ജയൻറ്‌സ്, എംഐ എമിറേറ്റ്സ്, ഷാർജ വാരിയേഴ്സ് എന്നീ ആറ് ഫ്രാഞ്ചൈസികളാണ് ക്രിക്കറ്റ് ലോകത്തെ മികച്ച താരങ്ങളെ നിലനിർത്തി ടൂർണമെൻറിനിറങ്ങുന്നത്.

സൂപ്പർതാരവും ക്യാപ്റ്റനുമായ ആന്ദ്രെ റസ്സലിനെയും സ്പിന്നർ സുനിൽ നരെയ്നെയും അബുദാബി നൈറ്റ് റൈഡേഴ്സ് നിലനിർത്തിയിട്ടുണ്ട്.  ഉദ്ഘാടന സീസണിലെ ടോപ് സ്‌കോറർ അലക്സ് ഹെയ്ൽസിനെയും ക്യാപ്റ്റൻ കോളിൻ മൺറോയെയും നിലനിർത്തിയാണ് ആദ്യ സീസൺ ഫൈനലിസ്റ്റുകളായ ഡെസേർട്ട് വൈപ്പേഴ്സ് രണ്ടാം ടൂർണമെൻറിനിറങ്ങുന്നത്. ദുബായ് ക്യാപിറ്റൽസ് വെസ്റ്റ് ഇൻഡീസ് താരം റോവ്മാൻ പവലിനെയും ഇംഗ്ലണ്ടിൻറെ ഇതിഹാസ താരം ജോ റൂട്ടിനെയും നിലനിർത്തി.

ചാമ്പ്യൻമാരായ ഗൾഫ് ജയൻറ്‌സ് ക്യാപ്റ്റൻ ജെയിംസ് വിൻസിനെയും ടൂർണമെൻറിലെ മികച്ച ബൗളറായ ക്രിസ് ജോർദനെയും നിലനിർത്തിയപ്പോൾ, കീറൺ പൊള്ളാർഡിനെയും ഡ്വെയ്ൻ ബ്രാവോയുമാണ് എം.ഐ എമിറേറ്റ്സ് നിലനിർത്തിയത്. നിക്കോളാസ് പൂരൻ, ട്രെൻറ് ബോൾട്ട് എന്നിവരെയും എംഐ എമിറേറ്റ്സ് നിലനിർത്തി.  ഓൾറൗണ്ടർ ക്രിസ് വോക്സിനെയും ബാറ്റ്സ്മാൻ ജോ ഡെൻലിയെയുമാണ് ഷാർജ വാരിയേഴ്സ് നിലനിർത്തിയത്.

ഡിപി വേൾഡ് ഐഎൽടി20ക്ക് ആദ്യ സീസണിൽ ലഭിച്ച മികച്ച പ്രതികരണത്തിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും, ഇത് ടിവി, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലായി ലോകമെമ്പാടും 367 മില്യൺ റീച്ച് സൃഷ്ടിച്ചെന്നും ച്ച സീ എൻറർടൈൻമെൻറ് എൻറർപ്രൈസസ് ലിമിറ്റഡിൻറെ ബിസിനസ് പ്രസിഡൻറ്  രാഹുൽ ജോഹ്രി പറഞ്ഞു. ടീമുകൾ നിലനിർത്തിയ ലോകത്തിലെ മുൻനിര ടി20 ക്രിക്കറ്റ് താരങ്ങൾക്കൊപ്പം സമാനതകളില്ലാത്ത ക്രിക്കറ്റ് ആക്ഷൻറെ വലിയ വാഗ്ദാനവുമായാണ് രണ്ടാം സീസൺ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിപി വേൾഡ് ഐഎൽടി20യുടെ ഉദ്ഘാടന സീസൺ മികച്ച വിജയമായിരുന്നുവെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ജനറൽ സെക്രട്ടറി മുബഷിർ ഉസ്മാനി പറഞ്ഞു. രണ്ടാം സീസണിനായി സീ എൻറർടൈൻമെൻറ് എൻറർപ്രൈപസസ് ലിമിറ്റഡുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.