Sections

ഈ രീതിയിൽ പെരുമാറുന്നവരെങ്കിൽ നിങ്ങളൊരു മികച്ച നേതാവല്ല

Sunday, Dec 03, 2023
Reported By Soumya
Motivation

ഇന്ന് ലോകത്തിൽ ഏറ്റവും ആവശ്യമുള്ളവരാണ് നേതാക്കന്മാർ. ഇന്നത്തെ ലോകത്തിന്റെ പിന്നോക്ക അവസ്ഥയ്ക്ക് പ്രധാനപ്പെട്ട കാരണം നല്ല നേതാക്കന്മാരുടെ അഭാവമാണ്. രാഷ്ട്രീയ രംഗത്തായാലും, സൈനികരംഗത്തായാലും, സാമൂഹിക രംഗത്ത് ആയാലും സാംസ്കാരിക രംഗത്തായാലും അധ്യാപക രംഗത്ത് ആയാലും നേതാക്കന്മാരുടെ പങ്ക് വളരെ വലുതാണ്. സമർത്ഥരായ നേതാക്കന്മാർ ഇല്ലെങ്കിൽ ഈ മേഖലകൾക്ക് മുന്നോട്ടു പോകാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ നേതാക്കന്മാർ വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഇന്ന് പല മേഖലകളിലുമുള്ള നേതാക്കന്മാർ കാര്യശേഷിയിൽ വളരെ പിന്നോക്കം നിൽക്കുന്നവരാണ്. ഇങ്ങനെ നല്ല നേതാക്കന്മാർ അല്ലാത്തവരുടെ ചില ലക്ഷണങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഈ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ നല്ല ഒരു നേതാവായി മാറാൻ എല്ലാവർക്കും സാധിക്കും.

ആശയവിനിമയ ശേഷിയില്ലാത്തവർ

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആശയവിനിമയശേഷി ഇല്ലെങ്കിൽ അയാൾക്ക് മുന്നോട്ടു പോകാൻ സാധിക്കില്ല. എന്താണ് നിങ്ങളുടെ ജോലിയെന്നും അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും വളരെ വിശദമായി പറഞ്ഞു കൊടുക്കാനുള്ള കഴിവില്ലെങ്കിൽ ഒരിക്കലും ഒരു നേതാവാകാൻ സാധിക്കില്ല. പകരം പലതും ആജ്ഞാപിക്കുക മാത്രം ചെയ്തിട്ട് ഈ നേതാക്കന്മാർ പോകാറുണ്ട്. പക്ഷേ അങ്ങനെയല്ല നല്ല നേതാക്കന്മാർ, വിശദീകരിച്ച് കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ടവരാണ്. വിശദീകരിച്ചു പറയണമെങ്കിൽ ആ കാര്യത്തെക്കുറിച്ച് വ്യക്തമായ നിലപാടും, കാഴ്ചപ്പാടുകളും, അഭിപ്രായവുമുള്ള ഒരാൾക്ക് മാത്രമേ സാധിക്കുകയുള്ളൂ.

സേവന തല്പരരല്ലാത്ത നേതാക്കന്മാർ

ഒരു നേതാവിനുണ്ടാകേണ്ട ഏറ്റവും വലിയ കോളിറ്റിയാണ് സേവനം നൽകാനുള്ള മനസ്ഥിതി. സേവനം നൽകാനുള്ള മനസ്ഥിതി ഇല്ലെങ്കിൽ ബാക്കിയുള്ളവരെ അതിനായി പ്രേരിപ്പിക്കാൻ സാധിക്കില്ല. സ്വയം ചെയ്യാൻ തയ്യാറാകാത്തവരെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കാനുള്ള കഴിവുണ്ടാകില്ല. അതുപോലെ സ്വയം സേവന മനോഭാവം ഇല്ലാത്ത ആളുകൾക്ക് മറ്റുള്ളവരെ ആകർഷിക്കാനും സാധിക്കില്ല.

അർഹിക്കുന്നതിനേക്കാൾ പ്രതിഫലം ആഗ്രഹിക്കുന്നവർ

പല ആളുകളും അർഹിക്കുന്നതിനേക്കാൾ പ്രതിഫലം ആഗ്രഹിക്കുന്നവരാണ്. താൻ ചെയ്യുന്ന ജോലിയെക്കാൾ കൂടുതൽ തനിക്ക് പ്രതിഫലം ലഭിക്കണമെന്നും മറ്റുള്ളവർക്ക് പ്രതിഫലം കുറച്ചു കൊടുത്തുകൊണ്ട് പറ്റുമെങ്കിൽ അവരിൽ നിന്നും കൂടുതൽ കാശ് അടിച്ചു മാറ്റണമെന്നോ അല്ലെങ്കിൽ അതും കൂടി കൈക്കലാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. ഇത്തരക്കാർക്ക് നേതാവാകാൻ ഒരിക്കലും സാധിക്കില്ല. അർഹിക്കുന്ന പ്രതിഫലം നിങ്ങൾ എടുക്കുകയും അതുപോലെ മറ്റുള്ളവർക്ക് കൊടുക്കുകയും ചെയ്യണം.

തനിക്കൊപ്പം ഉള്ളവർ തന്നെക്കാൾ വലിയ നേതാവാകുമോയെന്ന ഭയം.

ഇത് രാഷ്ട്രീയ രംഗത്ത് മാത്രമല്ല ഏതൊരു രംഗത്തും, സാംസ്കാരിക സാമൂഹ്യരംഗത്തും പ്രശ്നമായി കൊണ്ടിരിക്കുകയാണ്. തന്റെ സ്ഥാനം തന്റെ അനുയായികൾ കൈക്കലാക്കും എന്ന് പേടിച്ച് പലകാര്യങ്ങളും അനുയായികളിൽ നിന്നും മറച്ചുവയ്ക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. ഒരിക്കലും ഒരാൾക്ക് ഒരു ജോലി ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കില്ല. അങ്ങനെയല്ലെങ്കിൽ അത് പരിപൂർണ്ണമായി ചെയ്യുവാനും സാധിക്കില്ല. അതിന് ടീം അംഗങ്ങൾ അത്യാവശ്യമാണ്. അങ്ങനെ പരസ്പര സഹകരണത്തോടുകൂടി മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ. അനുയായികളെ സംശയമുള്ള ഒരാൾക്ക് ജോലികൾ പകുത്ത് നൽകാൻ സാധിക്കില്ല. നല്ല ഒരു നേതാവ് അനുയായികളെ ഒപ്പം നിർത്താനും നല്ല ഒരു ദിശ കാണിച്ചു കൊടുക്കുവാനും കഴിവുള്ളവർ ആയിരിക്കണം.

ഭാവന ഇല്ലാത്തവർ

ഭാവന ഇല്ലാത്തവർക്ക് ഒരിക്കലും നേതാവാകാൻ സാധിക്കില്ല. ഒരു നേതാവിന് വേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഭാവന.

സ്വാർത്ഥത

ഏറ്റവും ഇടുങ്ങിയ ചിന്താഗതിയാണ് സ്വാർത്ഥതയെന്ന് പറയുന്നത്. തന്റെ അനുയായികൾ ചെയ്ത എല്ലാ ജോലികളുടെയും ബഹുമതി സ്വയം ഏറ്റെടുക്കുന്നവർ. തന്റെ ടീം അംഗങ്ങൾ ചെയ്യുന്നതെല്ലാം തന്റെ കഴിവു കൊണ്ടാണ് ബാക്കിയുള്ളവളരെ തോന്നിപ്പിക്കാൻ വേണ്ടി കാര്യങ്ങൾ ചെയ്യാനുള്ള പ്രവണത. തന്റെ അനുയായികൾ ചെയ്യുന്ന നല്ല പ്രവർത്തികളെ അഭിനന്ദിക്കുവാൻ താല്പര്യമില്ലാത്തവരും അതെല്ലാം തന്റെ കഴിവ് കൊണ്ടാണ് നടന്നതെന്ന് പറയുന്ന ചിലരുണ്ട്. ഇവരെ ആരും അംഗീകരിക്കില്ല.

സ്വഭാവശുദ്ധി ഇല്ലാത്തവർ

ഒരു വ്യക്തി സ്വഭാവത്തിൽ വളരെ മോശമായി കഴിഞ്ഞാൽ ഉദാഹരണത്തിന് വ്യക്തിപരമായിട്ടോ, സാമൂഹ്യപരമായിട്ടോ, സാമ്പത്തികപരമായിട്ടോ, സ്ത്രീ വിഷയങ്ങളിലോ സ്വഭാവദൂഷ്യമുള്ള ഒരാളിനെ സംബന്ധിച്ച് ആരും തന്നെ വിശ്വാസത്തിൽ എടുക്കില്ല. ഏതൊരു വ്യക്തിയും വ്യക്തിപരമായി നല്ല സ്വഭാവമുള്ളവരായിരിക്കണം. അങ്ങനെയുള്ള ആൾക്ക് മാത്രമേ മറ്റുള്ളവരെ സ്വാധീനിക്കുവാൻ കഴിയുകയുള്ളൂ.

ആരെയും വിശ്വസിക്കാത്തവർ

ചില ആളുകൾക്ക് ആരെയും വിശ്വാസമില്ല. എല്ലാത്തിനും ഏതിനും സംശയമായിരിക്കും. സംശയിക്കുന്ന ഒരാളുമായി ആരും ചേർന്നു പോകില്ല. എപ്പോഴും പരാതി പറയുകയായിരിക്കും ഇവരുടെ പ്രധാനപ്പെട്ട ജോലി. പരാതിക്കാരെ ആരും അടിപ്പിക്കുകയില്ല. ഇങ്ങനെയുള്ളവർ തങ്ങളുടെ സഹപ്രവർത്തകരെ എപ്പോഴും അധിക്ഷേപിക്കുന്നവർ ആയിരിക്കും. അവർ നല്ല നേതാക്കന്മാർ ആവില്ല.

അനുയായികളെ ഭീഷണിപ്പെടുത്തി പ്രവർത്തികൾ ചെയ്യിപ്പിക്കുന്നത്

ചിലർ അനുയായികളെ നിയമത്തിന്റെയും മറ്റും പ്രശ്നങ്ങൾ പറഞ്ഞുകൊണ്ട് ഭീഷണിപ്പെടുത്തി കാര്യങ്ങൾ ചെയ്യിപ്പിക്കുന്നവരുണ്ട്. ഇവരൊരിക്കലും നല്ല നേതാക്കൾ അല്ല. ടീം അംഗങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടാണ് കാര്യങ്ങൾ ചെയ്യേണ്ടത്. ഭീഷണിപ്പെടുത്തി ചെയ്യുന്ന കാര്യങ്ങൾക്ക് ഒരിക്കലും നിലനിൽപ്പില്ല. ഭീഷണിക്ക് ഒരു പരിധിയുണ്ട് അവസരം കിട്ടിയാൽ സഹപ്രവർത്തകർ ഇത്തരം നേതാക്കന്മാർക്കെതിരെ ആഞ്ഞടിക്കും. ഭീഷണിപ്പെടുത്തുന്നവർ ലോകചരിത്രത്തിൽ തന്നെ അധികമായി വിജയിച്ചു കണ്ടിട്ടില്ല.

എപ്പോഴും നേതാവായി മാത്രം ഇരിക്കാൻ ആഗ്രഹിക്കുന്നവർ

ഇവർ സ്ഥാനമാനങ്ങൾ മാത്രം ആഗ്രഹിക്കുന്നവരാണ്. എപ്പോഴും ഒരാൾക്ക് ഒരേ സ്ഥാനത്ത് ഇരിക്കാൻ സാധിച്ചു എന്ന് വരില്ല സ്ഥാനമാനങ്ങളിൽനിന്നും മാറി കൊടുക്കേണ്ടി വന്നേക്കാം. സ്ഥാനം മാറിക്കഴിഞ്ഞാൽ മറ്റുള്ളവരെ കുറിച്ച് മോശമായി സംസാരിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്ന ഒരാൾക്ക് പിന്നീട് ആ സ്ഥാനങ്ങളിലേക്ക് എത്താൻ സാധിക്കില്ല. യഥാർത്ഥ ഒരു നേതാവിന് സ്ഥാനമാനങ്ങൾ ആവശ്യമില്ല. അവർക്ക് പ്രചോദനം മാത്രം മതി. ഇത്തരം സ്വഭാവഗുണങ്ങൾ ഉള്ള ഒരാൾക്ക് നല്ല നേതാവായി തുടരാൻ സാധിക്കില്ല.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.