Sections

2023 എആർസിസി ഫൈനൽ റൗണ്ട്: ആദ്യപത്തിൽ ഫിനിഷ് ചെയ്ത് കാവിൻ ക്വിന്റൽ 

Monday, Dec 04, 2023
Reported By Admin
Honda Racing Finale

കൊച്ചി: തായ്ലൻഡിൽ സമാപിച്ച 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പിന്റെ (എആർആർസി) ഫൈനൽ റൗണ്ടിലും മികച്ച പ്രകടനവുമായി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം. ബുരിറാം ചാങ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന ചാമ്പ്യന്ഷിപ്പിന്റെ എപി 250സിസി ക്ലാസ് വിഭാഗത്തിലാണ് ഹോണ്ട റേസിങ് ഇന്ത്യ ടീം തിളങ്ങിയത്. ഇന്ത്യൻ താരങ്ങളായ കാവിൻ ക്വിന്റലും മലയാളി താരം മൊഹ്സിൻ പറമ്പനും ഫൈനൽ റൗണ്ടിന്റെ അവസാന റൗണ്ടിലും മികച്ച മത്സരമാണ് എതിരാളികൾക്ക് നല്കിയത്.

ആദ്യറേസിൽ മെഷീന്റെ സാങ്കേതിക തകരാർ കാരണം അവസാന ലാപ്പുകൾ ഫിനിഷ് ചെയ്യാനാവാതെ പോയ കാവിൻ ക്വിന്റൽ രണ്ടാം റേസിൽ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത് നിർണായകമായ 6 പോയിന്റുകൾ ടീമിനായി നേടിക്കൊടുത്തു. 18 :56.590 സമയത്തിലായിരുന്നു യുവതാരത്തിന്റെ ഫൈനൽ റേസ് ഫിനിഷിങ്. അതേസമയം, സഹതാരം മൊഹ്സിൻ പറമ്പൻ നിർഭാഗ്യവശാൽ രണ്ടാം റേസ് ഫിനിഷ് ചെയ്യാനായില്ല. ആദ്യ റേസിൽ മലപ്പുറം സ്വദേശിയായ മൊഹ്സിൻ പറമ്പൻ 16ാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.

മുഴുവൻ റൗണ്ടുകളും പൂർത്തിയായ ചാമ്പ്യൻഷിപ്പിൽ അവസാന റേസിലെ ആറു പോയിന്റുകളോടെ ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീമിന്റെ ആകെ പോയിന്റ് സമ്പാദ്യം 33 ആയി. മികച്ച പ്രകടനത്തോടെ 2023 എഫ്ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കാനും ഹോണ്ട റേസിങ് ഇന്ത്യ ടീമിന് സാധിച്ചു.

Honda Racing Finale

2023 ഏഷ്യാ റോഡ് റേസിങ് ചാംപ്യൻഷിപ്പിലുടനീളം കാവിൻ ക്വിന്റലും മൊഹ്സിൻ പറമ്പനും അസാമാന്യമായ കഴിവുകളും നിശ്ചയദാര്ഢ്യവും പ്രകടിപ്പിച്ചെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു. നേരിടേണ്ടിവന്ന വെല്ലുവിളികൾക്കിടയിലും, റേസിങ് ഡിഎൻഎയുടെ യഥാർത്ഥ ആസക്തിയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു അവരുടെ പ്രകടനങ്ങൾ. ഇരുവരും എച്ച്എംഎസ്ഐയെ പ്രതിനിധീകരിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്, സമീപഭാവിയിൽ കൂടുതൽ ആവേശകരമായ മത്സരങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെല്ലുവിളികൾക്കിടയിലും, അവസാന മത്സരത്തിൽ നടത്തിയ പരിശ്രമത്തിലും അർപ്പണബോധത്തിലും എനിക്ക് അഭിമാനമുണ്ടെന്ന് ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ റെഡർ കാവിൻ ക്വിന്റൽ പറഞ്ഞു. ഇത് എന്റെയും ടീമിന്റെയും കഠിനാധ്വാനത്തിന്റെ തെളിവാണെന്ന് താരം പറഞ്ഞു.

ശക്തമായ മത്സരം നടത്തിയെങ്കിലും നിർഭാഗ്യവശാൽ എനിക്ക് റേസ് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യയുടെ മലയാളി റൈഡറായ മൊഹ്സിൻ പറമ്പൻ പറഞ്ഞു. ഓരോ റേസും എന്നെ പുതിയ എന്തെങ്കിലും പഠിപ്പിക്കുന്നു, എന്റെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും യുവതാരം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.