Sections

2023 എആർആർസി, ടിടിസി: നേട്ടം തുടർന്ന് ഹോണ്ട റേസിങ് ഇന്ത്യ റൈഡർമാർ

Monday, Mar 27, 2023
Reported By Admin
Honda

തായ്ലാൻഡിലെ ചാങ് ഇൻറർനാഷണൽ സർക്യൂട്ടിൽ നേട്ടം തുടർന്ന് ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം


കൊച്ചി: തായ്ലാൻഡിലെ ചാങ് ഇൻറർനാഷണൽ സർക്യൂട്ടിൽ നടന്ന 2023 എഫ്ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പ് (എആർആർസി) ആദ്യ റൗണ്ടിൻറെ രണ്ടാം റേസിലും നേട്ടം തുടർന്ന് ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം. രണ്ടാം റേസിൽ കാവിൻ ക്വിൻറലും മലയാളി സഹതാരം മൊഹ്സിൻ പറമ്പനും ടീമിനായി പോയിൻറ് നേടി. ഏഷ്യൻ പ്രൊഡക്ഷൻ 250സിസി വിഭാഗത്തിൽ കാവിൻ ക്വിൻറൽ 11ാം സ്ഥാനത്തും, മൊഹ്സിൻ 13ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ആദ്യറേസിൽ 15ാം സ്ഥാനം നേടിയ കാവിൻ രണ്ടാം റേസിൽ നേട്ടം മെച്ചപ്പെടുത്തി അഞ്ച് പോയിൻറും നേടി. ഇതോടെ താരത്തിൻറെ ആകെ പോയിൻറ് നേട്ടം ആറായി.

21ാം സ്ഥാനത്ത് മത്സരം തുടങ്ങിയ മൊഹ്സിൻ 13ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് നിർണായകമായ മൂന്ന് പോയിൻറും നേടി. ആദ്യറേസിൽ 19ാം സ്ഥാനത്തായിരുന്നു ഇരുപതുകാരൻറെ ഫിനിഷിങ്. ആദ്യറൗണ്ട് സമാപിച്ചതോടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യയിൽ നിന്നുള്ള ഏക ടീമായ ഹോണ്ട റേസിങ് ഇന്ത്യയുടെ ആകെ പോയിൻറ് സമ്പാദ്യം ഒൻപതായി.

തായ്ലാൻറ് ടാലൻറ് കപ്പിൻറെ രണ്ടാം റേസിലും ഹോണ്ടയുടെ ഇന്ത്യൻ യുവറൈഡർ റഹീഷ് ഖത്രി പോയിൻറ് നേട്ടം ആവർത്തിച്ചു. ആദ്യറേസിന് സമാനമായി 11ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത താരം അഞ്ച് പോയിൻറുകൾ കൂടി കൂട്ടിച്ചേർത്ത് ടീമിൻറെ ആകെ പോയിൻറ് നേട്ടം പത്താക്കി ഉയർത്തി. പരിക്ക് കാരണം സഹതാരം ശ്യാം സുന്ദറിന് രണ്ടാം റേസിലും മത്സരം തുടങ്ങാനായില്ല.

എആർആർസിയിലും ടിടിസിയിലും ഒരു പുതിയ ടീമെന്ന നിലയിൽ ഇന്ത്യൻ ടീം എതിരാളികൾക്ക് വലിയ വെല്ലുവിളി ഉയർത്തുകയാണെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ ബ്രാൻഡ് ആൻഡ് കമ്മ്യൂണിക്കേഷൻ ഓപ്പറേറ്റിങ് ഓഫീസ് പ്രഭു നാഗരാജ് പറഞ്ഞു. തായ്ലൻഡ് റൗണ്ട് ഒരു നീണ്ട സീസണിൻറെ തുടക്കം മാത്രമാണ്. മലേഷ്യയിൽ നടക്കുന്ന അടുത്ത റൗണ്ടിലേക്ക് ടീം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.