Sections

എആർആർസി നാലാം റൗണ്ടിൽ രണ്ട് പോയിന്റുകൾ നേടി ഹോണ്ട ടീം

Monday, Aug 14, 2023
Reported By Admin
Honda

കൊച്ചി: ഇന്തോനേഷ്യയിലെ മന്ദാലിക ഇന്റർനാഷണൽ സ്ട്രീറ്റ് സർക്യൂട്ടിൽ സമാപിച്ച 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പിന്റെ (എആർആർസി) നാലാം റൗണ്ടിൽ നിർണായകമായ രണ്ട് പോയിന്റുകൾ കൂടി കൂട്ടിച്ചേർത്ത് ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം. ഏഷ്യാ പ്രൊഡക്ഷൻ 250 സിസി ക്ലാസ് (എപി250 ക്ലാസ്) ആദ്യ റേസിൽ ഇന്ത്യൻ ജോഡികളായ കാവിൻ ക്വിന്റൽ, മൊഹ്സിൻ പി എന്നിവർ യഥാക്രമം 16, 22 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. രണ്ടാം റേസിൽ ശക്തമായ പ്രകടനം കാഴ്ചവച്ച കാവിൻ ക്വിന്റൽ 14ാം സ്ഥാനത്തെത്തി രണ്ട് പോയിന്റുകളും സ്വന്തമാക്കി. മലപ്പുറം സ്വദേശി മൊഹ്സിൻ പി 19ാം സ്ഥാനത്താണ് മത്സരം പൂർത്തിയാക്കിയത്.

ആദ്യറേസിൽ 18:21.505 എന്ന മൊത്തം ലാപ് സമയത്തോടെയാണ് കാവിൻ ക്വിന്റൽ 16ാം സ്ഥാനത്ത് മത്സരം പൂർത്തിയാക്കിയത്. ഈ റേസിൽ പോയിന്റൊന്നും നേടാനായില്ല. എന്നാൽ അവസാന മത്സരത്തിൽ കൂടുതൽ വേഗം കണ്ടെത്തിയ താരം 18:17.388 എന്ന ലാപ് ടൈമോടെ 14ാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു. ആദ്യറേസിൽ നിന്ന് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 18:53.400 എന്ന ലാപ് ടൈമിലാണ് മൊഹ്സിൻ രണ്ടാം റേസിൽ 19ാം സ്ഥാനത്തെത്തിയത്.

2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പിന്റെ നാല് റൗണ്ടുകൾ പൂർത്തിയായപ്പോൾ ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീമിന്റെ ഇതുവരെയുള്ള ആകെ പോയിന്റ് നേട്ടം 21 ആയി ഉയർന്നു. 2023 ഒക്ടോബർ 6 മുതൽ 8 വരെ ചൈനയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം റൗണ്ടിനായി കാത്തിരിക്കുകയാണ് ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം.

കാഠിന്യമേറിയ റൗണ്ടിൽ ഞങ്ങളുടെ റൈഡർമാർ പ്രശംസനീയമായ പ്രകടനങ്ങളാണ് നടത്തിയതെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു. കാവിനും മൊഹ്സിനും തങ്ങളുടെ പരമാവധി പരിശ്രമിച്ചു, മത്സരത്തിലുടനീളം ഇരുവരും അചഞ്ചലമായ ദൃഢനിശ്ചയം പ്രകടിപ്പിക്കുകയും ചെയ്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.