Sections

ടാറ്റ മെമ്മോറിയൽ സെൻററിന് ഐസിഐസിഐ ബാങ്ക്  1200 കോടി രൂപ സംഭാവന നൽകും

Saturday, Jun 03, 2023
Reported By Admin
TATA TMC

ഒരു സ്ഥാപത്തിൽനിന്നു ടിഎംസിക്കു ലഭിക്കുന്ന ഏറ്റവും വലിയ സംഭാവനയാണിത്


കൊച്ചി: രാജ്യത്തുടനീളം കാൻസർ ചികിത്സയും ഗവേഷണ കേന്ദ്രങ്ങളും നടത്തുന്ന പ്രമുഖ സ്ഥാപനമായ ടാറ്റ മെമ്മോറിയൽ സെൻററിന് (ടിഎംസി) ഐസിഐസിഐ ബാങ്ക് 1200 കോടി രൂപ സംഭാവന നൽകും. ഒരു സ്ഥാപത്തിൽനിന്നു ടിഎംസിക്കു ലഭിക്കുന്ന ഏറ്റവും വലിയ സംഭാവനയാണിത്.

മഹാരാഷ്ട്രയിലെ നവി മുംബൈ, പഞ്ചാബിലെ മുള്ളൻപൂർ, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം എന്നിവിടങ്ങളിലെ ടിഎംസിയുടെ കേന്ദ്രങ്ങളിൽ കെട്ടിടങ്ങളും (മൂന്നു കേന്ദ്രങ്ങളിലും കൂടി 7.5 ലക്ഷം ചതുരശ്രയടി) അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുമാണ് ബാങ്ക് അവരുടെ സിഎസ്ആർ ഫണ്ടിൽനിന്നു തുക സംഭാവന ചെയ്യുന്നത്.

ഐസിഐസിഐ ബാങ്കിൻറെ സിഎസ്ആർ വിഭാഗമായ ഐസിഐസിഐ ഫൗണ്ടേഷൻ ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് (ഐസിഐസിഐ ഫൗണ്ടേഷൻ) നടപ്പിലാക്കുന്ന ഈ സംരംഭം 2027-ഓടെ പൂർത്തിയാകും. ഓങ്കോളജി ചികിത്സയിലെ മികവിൻറെ ഈ പുതിയ കേന്ദ്രങ്ങൾ പ്രതിവർഷം 25,000 പുതിയ രോഗികൾക്ക് നൂതന ചികിത്സകൾ ലഭ്യമാക്കും. ഇതുവഴി നിലവിലെ ശേഷി ഇരട്ടിയാക്കുകയും രാജ്യത്തെ കാൻസർ ചികിത്സാ മേഖലയിലെ അടിസ്ഥാന സൗകര്യത്തിന് കരുത്ത് നൽകുകയും ചെയ്യും.

ഐസിഐസിഐ ബാങ്ക് ചെയർമാൻ ഗിരീഷ് ചന്ദ്ര ചതുർവേദി, എക്സിക്യൂട്ടീവ് ഡയറക്ടർ സന്ദീപ് ബത്ര എന്നിവരുടെ സാന്നിധ്യത്തിൽ ഐസിഐസിഐ ഫൗണ്ടേഷൻ പ്രസിഡൻറ് സഞ്ജയ് ദത്തയും ടിഎംസി ഡയറക്ടർ ഡോ. ആർ. എ. ബദ്വയും ഇതു സംബന്ധിച്ച കരാർ ഒപ്പു വച്ചു. ഇതോടൊപ്പം മുംബൈയിലെ ടിഎംസി ആശുപത്രിയിൽ ഐസിഐസിഐ ഫൗണ്ടേഷൻ സഹായത്തോടെയുള്ള ഐസിഐസിഐ എംആർഐ സൗകര്യം ഐസിഐസിഐ ബാങ്ക് ചെയർമാൻ ചതുർവേദി ഉദ്ഘാടനം ചെയ്തു.

നവി മുംബൈ, മുള്ളൻപൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലെ ടിഎംസിയുടെ കേന്ദ്രങ്ങളിൽ 2027-ഓടെ മൂന്ന് പുതിയ ബ്ലോക്കുകൾ നിർമ്മിക്കുന്നതിന് 1200 കോടി രൂപ നീക്കിവയ്ക്കുകയാണ്. ആരോഗ്യസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായുള്ള ഐസിഐസിഐ ബാങ്കിൻറെ ഈ സംരംഭം രാജ്യത്തിൻറെ വിവിധ മേഖലകളിൽ സമഗ്രമായ കാൻസർ പരിചരണം വർധിപ്പിക്കുകയും നൂതന കാൻസർ ചികിത്സ ലഭ്യമാക്കുകയും ചെയ്യുമെന്ന് ഐസിഐസിഐ ബാങ്ക് ചെയർമാൻ ഗിരീഷ് ചന്ദ്ര ചതുർവേദി പറഞ്ഞു.

നവി മുംബൈ, വിശാഖപട്ടണം, മുള്ളൻപൂർ എന്നിവിടങ്ങളിലെ ടാറ്റ മെമ്മോറിയൽ സെൻററിൻറെ മൂന്ന് ആശുപത്രികളിൽ കൂട്ടിച്ചേർക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ മേഖലയിലെ ജനങ്ങൾക്ക് ഉയർന്ന സബ്സിഡി നിരക്കിൽ സമയബന്ധിതവും ഉയർന്ന നിലവാരമുള്ളതുമായ ചികിത്സ നൽകുവാൻ സഹായിക്കുമെന്ന് ടാറ്റ മെമ്മോറിയൽ സെൻറർ ഡയറക്ടർ ഡോ. ആർ.എ.ബദ്വപറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.