- Trending Now:
വർക്ക് ഫ്രം കേരളയാണ് പുതിയ നയം - വ്യവസായമന്ത്രി പി രാജീവ്
കൊച്ചി: ഐബിഎമ്മിൻറെ ജെൻഎഐ ഇനോവേഷൻ സെൻറർ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഇൻഫോപാർക്ക് ഫേസ് ഒന്നിലെ ലുലു ടവറിലാണ് ഐബിഎമ്മിൻറെ അത്യാധുനിക ഓഫീസ് ആരംഭിച്ചത്.
വർക്ക് ഫ്രം കേരളയാണ് ഇനി പുതിയ നയമെന്ന് ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പി രാജീവ് പറഞ്ഞു. സുസ്ഥിര ഗതാഗത സൗകര്യങ്ങൾ, ശുദ്ധവായു, ശുദ്ധജലം, തുറന്ന സമീപനമുള്ള ജനത എന്നിവയെല്ലാം കേരളത്തിൻറെ പ്രത്യേകതയാണ്. ആഗോള കമ്പനികളിലെ മലയാളികളായ ജീവനക്കാർക്ക് കേരളത്തിൽ താമസിച്ചു കൊണ്ട് ജോലിയെടുക്കാവുന്ന അവസ്ഥയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐബിഎമ്മിൻറെ പുതിയ ജെൻഎഐ ഇനോവേഷൻ സെൻറർ വലിയ പ്രതീക്ഷയാണ് നൽകുന്നത്. നിലവിൽ 2000 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഭാവിയിൽ ഇത് 5000 ആകുമെന്നാണ് പ്രതീക്ഷ. ലോകത്തെ തന്നെ ഐബിഎമ്മിൻറെ ഏറ്റവും വളർച്ചാ നിരക്കുള്ള കാമ്പസാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഐബിഎമ്മിൻറെ വാട്സൺഎക്സ് പ്ലാറ്റ്ഫോമിലുള്ള ജെൻഎഐ ലാബുമായി സഹകരണം വർധിപ്പിക്കും. വിദ്യാർഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇനോവേഷൻ സെൻററിൽ തങ്ങളുടെ എഐ പരീക്ഷണങ്ങൾ നടത്താവുന്ന സംവിധാനം ഉണ്ടാകുമെന്നും പി രാജീവ് പറഞ്ഞു.
ഐബിഎമ്മിൻറെ അന്താരാഷ്ട്ര ഉപഭോക്താക്കൾക്കായി എക്സ്പീരിയൻസ് സെൻറർ പുതിയ സംവിധാനത്തിലുണ്ടാകുമെന്ന് ഐബിഎം ഇന്ത്യാ സോഫ്റ്റ്വെയർ ലാബ്സ് വൈസ്പ്രസിഡൻറ് വിശാൽ ചഹാൽ പറഞ്ഞു. പ്രധാനമായും മൂന്ന് ഘടങ്ങളാണ് ഇവിടെയുണ്ടാകുന്നത്. അന്താരാഷ്ട്ര ഉപഭോക്താക്കൾക്കായുള്ള അവതരണ സംവിധാനം, ജീവനക്കാരും ഉപഭോക്താക്കളും ചേർന്ന് വർക്ക്ഷോപ്പും കൂടിയാലോചനകളും നടത്താനുള്ള സംവിധാനം, വിദ്യാർത്ഥികൾക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള സംവിധാനം തുടങ്ങിയവയാണ് ഇവിടെയുണ്ടാവുന്നത്. ഇതോടെ അന്താരാഷ്ട്ര ഐടി ഉപഭോക്താക്കളുടെ ദൃഷ്ടിയിൽ കൊച്ചി പ്രധാന ഇടമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐബിഎമ്മിൻറെ ലോകത്തെ തന്നെ ഏറ്റവും മികച്ച ഓഫീസ് സംവിധാനമാണ് കൊച്ചിയിലേതെന്ന് വിശാൽ ചഹേൽ പറഞ്ഞു. വാട്സൺ എക്സ് പ്ലാറ്റ്ഫോമിൻറെ പൂർണ ഡെവലപ്മൻറ് പ്രവർത്തനങ്ങൾ കൊച്ചിയിലായിരിക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർത്ഥികൾക്കും സൗജന്യമായി ജെൻഎഐ ലാബിൽ ഉത്പന്ന മാതൃക, പരീക്ഷണങ്ങൾ എന്നിവ നടത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഐബിഎമ്മിൻറെ ജെൻഎഐ സെൻറർ മന്ത്രി രാജീവ് പൂർണമായും നടന്ന് കണ്ടു. പൂർണമായും കൊച്ചിയിൽ വികസിപ്പിച്ചെടുത്ത മൂന്ന് ഐബിഎം ഉത്പന്നങ്ങളുടെ മാതൃകകൾ ഐബിഎം പ്രതിനിധികൾ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. വാട്സൺ എക്സിലൂടെ വികസിപ്പിച്ച ഓർക്കസ്ട്രേറ്റ്, ഇൻസ്ട്രക്ട് ലാബ് ടെക്നോളജി വിത്ത് ഐബിഎം ആൻഡ് റെഡ്ഹാറ്റ്, ഐബിഎം കോൺസെർട്ട് എന്നിങ്ങനെ മൂന്ന് ഉത്പന്നങ്ങളുടെ മാതൃകകളാണ് അവതരിപ്പിച്ചത്.
തികച്ചും പ്രാദേശികമായ കരകൗശല വസ്തുക്കളാണ് ഓഫീസിൻറെ ഉൾവശത്തെ രൂപകൽപ്പനയ്ക്ക് ഉപയോഗിച്ചിട്ടുള്ളത്. പെരുമാട്ടി, നിലമ്പൂർ, ഏരൂർ തുടങ്ങിയ സ്ഥലത്ത് നിന്നുള്ള പ്രാദേശിക കലാകാരന്മാരാണ് രൂപകൽപ്പനയ്ക്കുള്ള കലാസൃഷ്ടികൾ നൽകിയത്. ഉദ്ഘാടന ചടങ്ങിൽ ഈ കലാകാരന്മാരെ പ്രത്യേകം ആദരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.