ചിന്തകൊണ്ടും പ്രവൃത്തികൊണ്ടും എന്തും കീഴടക്കാൻ കഴിയുന്നവരാണ് മനുഷ്യർ. ഈ മനുഷ്യരിൽ തന്നെ ചിന്ത-പ്രവർത്തന ശേഷി വ്യത്യസ്തമായിരിക്കുന്നു. ഈ ചിന്തയിലുണ്ടാവുന്ന വ്യതിയാനങ്ങൾ മനുഷ്യനെ മാനസികവും ശാരീരികവുമായി ബാധിക്കുന്നു. പല മാനസിക രോഗങ്ങൾക്കും കാരണം അവന്റെ വേറിട്ട ചിന്തയാണ്. ഇത്തരത്തിൽ ഉണ്ടാവുന്ന ഒരു മാനസിക രോഗമാണ് രോഗഭയം. അസുഖ ഉത്കണ്ഠ രോഗം ( Illness Anxiety Disorder - IAD) അഥവാ ഹൈപ്പോകോൺഡ്രിയാസിസ് ( hypochondriasis) എന്നറിയപ്പെടുന്ന ഈ ഭയം സാധാരണ ആരോഗ്യ പ്രശ്നങ്ങളേക്കാൾ ഗുരുതരമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഈ തകരാറുള്ള വ്യക്തികൾ തങ്ങളെ ബാധിച്ചിരിക്കുന്ന രോഗത്തെക്കുറിച്ച് അമിതമായ ഭയമുള്ളവരായിരിക്കുമെന്ന് മാത്രമല്ല ആ ഭയം മറികടക്കാൻ പലതരത്തിലുള്ള കാര്യങ്ങൾ ഇവർ ചെയ്യുകയും ചെയ്യും. ആരോഗ്യ പ്രശ്നങ്ങൾ ഇടയ്ക്കിടെ ചർച്ച ചെയ്യപ്പെടുന്ന കുടുംബാന്തരീക്ഷത്തിൽ വളരുന്ന വ്യക്തികൾക്കിടയിൽ ഈ മാനസികാവസ്ഥയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ കുട്ടിക്കാലത്ത് ഗുരുതരമായ അസുഖങ്ങൾ ബാധിച്ചവർക്കും കുടുംബത്തിലെ മറ്റേതെങ്കിലും വ്യക്തികൾ ഗുരുതരമായ അസുഖങ്ങളിൽ മരണപ്പെട്ടവർക്കും ഈ ഭയം പൊതുവിൽ കൂടുതലായിരിക്കും. ആരോഗ്യ വിവരങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഇൻറർനെറ്റിനെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെയും കൂടുതലായി ഉപയോഗിക്കുന്നവരിലും ഈ പ്രവണത കൂടുതലായിരിക്കുമെന്നും പഠനങ്ങൾ പറയുന്നു. രോഗത്തെക്കുറിച്ചുള്ള വ്യക്തിയുടെ ആശങ്ക, അവന്റെ പ്രവൃത്തി, കുടുംബജീവിതം, സാമൂഹിക ജീവിതം എന്നിവയെ കാര്യമായി ബാധിക്കുന്നു. രോഗത്തെ കുറിച്ചുള്ള ഉത്കൺഠയാണ് വ്യക്തികളിൽ പലപ്പോഴും വിഷാദരോഗരോഗങ്ങളിൽ കൊണ്ടെത്തിക്കും.
രോഗഭയമുള്ള വ്യക്തികളിൽ കാണപ്പെടുന്ന പൊതുസ്വഭാവങ്ങൾ
- മറ്റുള്ളവരിൽ നിന്ന് സമാധാന വാക്കുകൾ അല്ലെങ്കിൽ ധൈര്യം പകരുന്ന വാക്കുകൾക്കായി കാതോർക്കുന്നു.
- താൻ രോഗരഹിതനാണെന്നു ഉറപ്പു വരുത്തുന്നതിനായി പലവിധ രോഗനിർണ്ണയ ടെസ്റ്റുകൾക്കു വിധേയരാവുകയും പല തവണ ഇതാവർത്തിക്കുകയും ചെയ്യുന്നു.
- തന്റെ അനാരോഗ്യത്തെ കുറിച്ച് വ്യാകുലപ്പെടുന്നു.
- തന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങൾ ഇന്റർനെറ്റ്, ആരോഗ്യമാസികകൾ, മറ്റു പുസ്തകങ്ങൾ മുതലായവ വഴി ശേഖരിക്കുന്നു.
- രോഗകാരണങ്ങളാൽ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും ഉൾവലിയുന്നു.
- രോഗവിമുക്തനാണെന്നു വൈദ്യപരിശോധനയിൽ തെളിയിക്കപ്പെട്ടാലും തന്റെ അനാരോഗ്യത്തെ കുറിച്ചുള്ള ഭയം, ഉത്കൺഠ, ആശങ്ക എന്നിവ വർധിക്കുന്നു.
- ശാരീരിക പ്രവൃത്തികൾ ശരിയായി നടക്കുന്നുണ്ടോയെന്നു തുടർച്ചയായി പരീക്ഷിക്കുന്നു.
- അവരുടെ രോഗത്തെകുറിച്ച് ഓർമിപ്പിക്കുന്ന സന്ദർഭങ്ങൾ, മറ്റു രോഗികൾ, ആസ്പത്രികൾ മുതലായവ ഒഴിവാക്കുന്നു.
ഇതിൽ നിന്നും മറികടക്കാൻ എന്ത് ചെയ്യണം
- തനിക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന അറിവുതന്നെ ഇതിൽ നിന്ന് പുറത്തുവരുവാൻ അവനെ ശക്തനാക്കുന്നു.
- ഇങ്ങനെ ഉള്ളവർ രോഗലക്ഷണങ്ങൾ ഇൻറർനെറ്റിൽ അന്വേഷിയ്ക്കുന്നതും, മറ്റുള്ളവരുമായി തന്റെ രോഗലക്ഷണങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതും പരമാവധി ഉപേക്ഷിക്കുക.
- ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ വിദഗ്ധരുടെ അടുക്കൽ നിന്നുതന്നെ അതിനെക്കുറിച്ചുള്ള ശരിയായ അറിവ് നേടുക.
- റിലാക്സേഷൻ എക്സെർസൈസുകൾ പരമാവധി പരിശീലിക്കുന്നതും ഇത്തരം ചിന്തകളിൽ നിന്ന് മനസ്സിനെ വ്യതിചലിപ്പിക്കുവാൻ പരിശീലിക്കുന്നതും വളരെയേറെ ഗുണകരമായിരിക്കും.
- മരുന്ന്, സൈക്കോതെറാപ്പി എന്നീ ചികിത്സാരീതികൾ ഇന്ന് ലഭ്യമാണ്. അത്യാവശ്യഘട്ടത്തിൽ (ഇതേ അവസ്ഥ 6 മാസത്തിൽ കൂടുതൽ അനുഭവപ്പെട്ടാൽ) ഒരു മാനസികാരോഗ്യ വിദഗ്ധനെ കണ്ടു വേണ്ട രീതിയിൽ ചികിത്സ നേടുക.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ആരോഗ്യകരമായ ജീവിതത്തിൽ മനഃശാന്തിക്കുള്ള പ്രാധാന്യം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.