Sections

ഹ്യൂമൻ മെറ്റാന്യൂമോവൈറസ്: ലക്ഷണങ്ങൾ, വ്യാപനം, പ്രതിരോധ മാർഗങ്ങൾ

Wednesday, Jan 08, 2025
Reported By Soumya
Human Metapneumovirus: Symptoms, Transmission, and Prevention

ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (Human metapneumovirsu) ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു വൈറസാണ്. ന്യൂമോവിരിഡേ (Pneumoviridae) ഗണത്തിൽപ്പെട്ട ഈ വൈറസ് 2001-ൽ ആദ്യമായി തിരിച്ചറിഞ്ഞത്.എച്ച്എംപിവി ഒരു പുതിയ വൈറസല്ല. ഇന്ത്യയിൽ ഏറെക്കാലമായി പ്രചാരത്തിലുള്ള ഒരു ഫ്ളൂ വൈറസിന്റെ ഭാഗം തന്നെയാണത്. ശ്വാസകോശ അണുബാധകൾക്ക് കാരണമാകുന്ന ഇത് ജലദോഷം അല്ലെങ്കിൽ പനി പോലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. എല്ലാ തരം പ്രായത്തിലുമുള്ള വ്യക്തികളെയും ബാധിക്കുമെങ്കിലും അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിലും നവജാതശിശുക്കളിലും ഇത് ഗുരുതരമാകാം. പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരേയും ഇത് കൂടുതലായി ബാധിക്കാം. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളാണ് ഇത് കാണിക്കുന്നത്. പനി, തൊണ്ടവേദന, മൂക്കടപ്പ്,മൂക്കൊലിപ്പ്, അടുത്ത ചുമ ഇവയൊക്കെയാണ് ലക്ഷണങ്ങൾ.അസുഖം മൂർച്ഛിച്ചാൽ ശ്വാസം മുട്ടലും ശ്വാസതടസവും പോലുള്ള ബുദ്ധിമുട്ടുകളും കാണിക്കാം. ചില സന്ദർഭങ്ങളിൽ, അണുബാധ ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്മ പോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം.

വ്യാപന രീതി

എച്ച്എംപിവിയുടെ ഇൻകുബേഷൻ പിരീഡ് മൂന്ന് മുതൽ ആറ് ദിവസം വരെയാണ്. ഇത് ട്രോപ്പിക്കൽ പ്രദേശങ്ങളിൽ ശൈത്യകാലത്തിന്റെ അവസാനത്തിലും വസന്തകാലത്തും പ്രചരിക്കുന്നു.രോഗം ബാധിതരുമായിട്ടുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളിൽ സ്പർശിക്കുന്നതിലൂടെയോ രോഗം പടരുന്നു. രോഗം ബാധിച്ചവർ ചുമയ്ക്കുകയോ തുമ്മുകയോ വഴി രോഗം പടരാം. സ്പർശനം പോലുള്ള അടുത്ത ശാരീരിക ബന്ധവും രോഗപ്പകർച്ചയ്ക്ക് കാരണമാകും. വൈറസിന്റെ സാന്നിധ്യമുള്ള പ്രതലത്തിൽ സ്പർശിച്ച ശേഷം വായിലോ മൂക്കിലോ കണ്ണിലോ തൊടുന്നതും രോഗബാധയുണ്ടാക്കാം.

പ്രതിരോധം

ഏറ്റവും കുറഞ്ഞത് 20 സെക്കൻഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക, മുഖത്ത് കഴുകാത്ത കൈകൾ കൊണ്ട് തൊടുന്നത് ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക എന്നിവയാണ് ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ. നിലവിൽ ഹ്യൂമൻ മെറ്റാന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലെന്നും വിദഗ്ധർ പറയുന്നു. രോഗലക്ഷണങ്ങൾ കുറയ്ക്കുക മാത്രമാണ് ചെയ്യാൻ സാധിക്കുക. ഇതിന് വിശ്രമം അത്യാവശ്യമാണ്. ഒപ്പം പനിയും ശ്വാസംമുട്ടലും വേദനയും കുറയ്ക്കാനുള്ള മരുന്നുകൾ ഉപയോഗിക്കാം. ഗുരുതര കേസുകളിൽ ആശുപത്രി പ്രവേശനം ആവശ്യമായി വന്നേക്കാം.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.