- Trending Now:
ഈ സീസണില്‍ ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതി 9.5 ദശലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതിയില്‍ വന്‍ വളര്‍ച്ച. ഈ വിപണി വര്‍ഷത്തില്‍ ഇന്ത്യയിലെ പഞ്ചസാര കയറ്റുമതിയില്‍ മികച്ച മുന്നേറ്റം നടത്താനാകുമെന്നാണ് പ്രതീക്ഷ എന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഈ സീസണില്‍ ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതി 9.5 ദശലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 ഒക്ടോബറില്‍ തുടങ്ങിയ വിപണി 2022 സെപ്റ്റംബറിലാണ് അവസാനിക്കുക.
കയറ്റുമതി കൂടുന്ന സാഹചര്യത്തില്‍ രാജ്യത്ത് പഞ്ചസാര വില ഉയരുമെന്ന ആശങ്ക വേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കാരണം പഞ്ചസാരയുടെ ആഭ്യന്തര ഉത്പാദനത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ നിലവിലെ വിലയില്‍ തന്നെയായിരിക്കും പഞ്ചസാര ആഭ്യന്തര വിപണിയില്‍ എത്തുക. 2021 - 22 വിപണി വര്‍ഷത്തില്‍ മുന്‍ വിപണി വര്‍ഷത്തേക്കാള്‍ 13 ശതമാനത്തോളം ഉത്പാദന വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ രാജ്യത്തെ പഞ്ചസാര ഉത്പാദനം 35 ദശലക്ഷം ടണ്ണായി ഉയര്‍ന്നേക്കും. അതേസമയം 8.5 ദശലക്ഷം ടണ്‍ പഞ്ചസാര ശേഖരവുമായാണ് ഈ വര്‍ഷം വിപണി ആരംഭിച്ചത്. അതിനാല്‍ തന്നെ ആകെ 43.5 ദശലക്ഷം ടണ്‍ പഞ്ചസാര ലഭ്യത ഈ വര്‍ഷം ഉണ്ടാകും.
രാജ്യത്ത് ഈ വിപണി വര്‍ഷം 43.5 ദശലക്ഷം ടണ്‍ പഞ്ചസാര ശേഖരം ഉണ്ടാകുകയാണെങ്കില്‍ ഇതില്‍ 27.8 ദശലക്ഷം ടണ്‍ രാജ്യത്തെ വിപണികളിലേക്ക് മാറ്റിവെക്കും. 9.5 ദശലക്ഷം ടണ്‍ കയറ്റുമതി ചെയ്യും. ഇങ്ങനെ വരുമ്പോള്‍ 2022 ഒക്ടോബറില്‍ വിപണി അവസാനിപ്പിക്കുമ്പോള്‍ 6 ദശലക്ഷം ടണ്‍ പഞ്ചസാര അവശേഷിക്കും. ഇത് ക്ലോസിങ് ബാലന്‍സ് ആയി കണക്കാക്കി അടുത്ത വര്‍ഷത്തെ ഓപ്പണിങ് സ്റ്റോക്ക് ആക്കി നീക്കിവെക്കും.
ഇങ്ങനെ 6 ദശലക്ഷം ടണ്‍ പഞ്ചസാര കരുതല്‍ ശേഖരമായി ഇരിക്കെ ആഭ്യന്തര വിപണിയില്‍ പഞ്ചസാരയുടെ ക്ഷാമം ഉണ്ടാകുകയില്ലെന്നും വിപണിയില്‍ സുഗമമായ ലഭ്യതയും ന്യായമായ വിലയും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.