- Trending Now:
ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ പരിശ്രമത്തിൻ്റെ വിജയമാണ് പ്ലൂട്ടോ എന്ന യൂട്യൂബ് ചാനൽ .ഒരു മാസം കൊണ്ട് സിൽവർ ബട്ടൺ നേടിയ പ്യൂട്ടോ എന്ന ചാനലിന്റെയും കഠിന പരിശ്രമത്തിലൂടെ വിജയത്തിലേക്കെത്തിയ ഒരുകൂട്ടം ചെറുപ്പക്കാരുടെയും സംരംഭകത്യാത്തിന്റെ കഥയാണിത് ആ വിജയത്തിന്റെ കഥകള്‍ പ്ലൂട്ടോയുടെ ആള്‍ ഇന്‍ ഓള്‍ ആയ ഹരിഗോപനില്‍ നിന്ന് തന്നെ ചോദിച്ചറിയാം
ഇത്തരത്തിലൊരു യൂട്യൂബ് ചാനല്‍ തുടങ്ങാനും, അതിനു പ്ലൂട്ടോ എന്ന പേരിടാനും കാരണമെന്താണ് ?
ഡിഗ്രി പഠനകാലത്തുതന്നെ മനസ്സില്‍ സിനിമാമോഹം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഡിഗ്രി പഠനത്തിനുശേഷം ഒരു ഫിലിം സ്‌കൂളില്‍ പഠിക്കുകയും, പിന്നീട് ഒരു അഞ്ചുവര്‍ഷത്തോളം വിവിധ ചാനലുകളില്‍ ആയി ജോലി ചെയ്യാനുമായി. ആ കാലഘട്ടത്തില്‍ ആണ് ഇത്തരം ഒരു സംരംഭം തുടങ്ങാമെന്ന ആശയം മനസ്സില്‍ ഉണ്ടായത്. ഒരു തുടക്കക്കാരന് ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളും എനിക്ക് മുന്നിലും ഉണ്ടായിരുന്നു. നിന്നെക്കൊണ്ട് കഴിയും എന്ന് പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ച കുറെ നല്ല മനുഷ്യര്‍ തന്നെയാണ് പ്ലൂട്ടോ എന്ന യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ എനിക്ക് ശക്തിയായത്. ഒരു കോമഡി സബ്ജക്ട് ആവണം എന്ന് ആദ്യമേ പദ്ധതിയുണ്ടായിരുന്നു. അങ്ങനെ ഞങ്ങളുടെ കൂട്ടായ ചര്‍ച്ചകള്‍ക്കുശേഷം പ്ലാനറ്റ് ഓഫ് ഫണ്‍ എന്ന സബ്‌ടൈറ്റിലും പ്ലൂട്ടോ എന്ന പേരും തിരഞ്ഞെടുത്തു.
ഹൃദയ കുമാരി ടീച്ചര്‍ എന്ന പ്ലൂട്ടോയുടെ ആദ്യ വീഡിയോയില്‍ അനുമോള്‍ മാത്രമാണ് പബ്ലിക് ഫിഗര്‍ ആയി ഉണ്ടായിരുന്നുള്ളൂ, പുതിയ ആളുകളെ വച്ച് ഇത്രയും കാണികളിലേക്ക് ഹൃദയകുമാരി ടീച്ചറിനെ എത്തിക്കാന്‍ കഴിയും എന്ന് കരുതിയിരുന്നോ ?
സത്യത്തില്‍ പ്ലൂട്ടോ എന്ന ഞങ്ങളുടെ ചാനലില്‍ ആദ്യം ഒരു സെലിബ്രിറ്റിയെ ഉള്‍പ്പെടുത്തുക എന്ന പ്ലാന്‍ ഇല്ലായിരുന്നു.ക്ലാസ് റൂം കോമഡി ചെയ്യാം എന്ന് തീരുമാനിച്ച് ഹൃദയകുമാരി ടീച്ചറുടെ സ്‌ക്രിപ്റ്റ് റൈറ്റര്‍ ആയ ഗോകുലും ഡയറക്ടറായ റോയിയും ഞാനും തമ്മില്‍ നടത്തിയ ആദ്യഘട്ട ചര്‍ച്ചകളില്‍ ആണ് ഞങ്ങള്‍ക്ക് പരിചയമുള്ളതും മുന്‍പ് കൂടെ വര്‍ക്ക് ചെയ്തിരുന്ന അനുമോളെ ഹൃദയ കുമാരി ടീച്ചര്‍ ആക്കി മലയാളികളുടെ മുമ്പില്‍ എത്തിക്കാമെന്ന് തീരുമാനിക്കുന്നത്. അതുമാത്രമല്ല അനുമോള്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു ടീച്ചര്‍ കഥാപാത്രത്തെ മലയാളികള്‍ സ്വീകരിക്കുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഹൃദയകുമാരി ടീച്ചറുടെ രണ്ടാം വരവിലും ചില പുതിയ സര്‍പ്രൈസുകള്‍ ഞങ്ങള്‍ ഒളിച്ചു വച്ചിട്ടുണ്ട്. അത് നമുക്ക് കാത്തിരുന്ന് കാണാം.
ഹൃദയ കുമാരി ടീച്ചറിന്റെ കമന്റുകള്‍ക്ക് താഴെ പലരും സ്‌കൂള്‍ കാലത്തിലെ ഓര്‍മ്മകള്‍ ഓര്‍ത്തു ചിരിക്കുന്നുണ്ട്, സ്‌കൂള്‍ കാലഘട്ടത്തിലെ ട്യൂഷന്‍ ക്ലാസുകളും, അധ്യാപകര്‍ വരാന്‍ നേരത്തുള്ള ബെഞ്ചിലെ തള്ളും തമാശകളും ഒക്കെ പലര്‍ക്കും റിലേറ്റ് ചെയ്യാന്‍ കഴിയുന്നവയാണ് സ്വന്തം അനുഭവങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത് ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ?
തീര്‍ച്ചയായിട്ടും, എന്റെ സ്‌കൂള്‍ കാലഘട്ടവും അതുപോലെതന്നെ എന്റെ ചുറ്റുമുള്ളവരുടെ അനുഭവങ്ങളും എല്ലാം ആണ് ഞങ്ങള്‍ ഹൃദയകുമാരി ടീച്ചര്‍ ആദ്യത്തെ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരക്കഥയെഴുതിയ ഗോകുല്‍ അത്തരം കാര്യങ്ങളെല്ലാം കൂട്ടിയോജിപ്പിച്ച് എടുത്തത് ഞങ്ങളുടെ വിജയത്തിന് കാരണമായി. മാത്രമല്ല ഒട്ടുമിക്ക പേരുടെയും ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടമാണ് സ്‌കൂള്‍ കാലഘട്ടം ആ സമയത്ത് ഉണ്ടാകുന്ന തമാശകളും ചെറിയ കുസൃതികളും കാണാന്‍ ഒരു അവസരം എല്ലാവരും കാത്തിരിക്കുകയായിരുന്നു. എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റാവുന്ന ഇത്തരം അനുഭവങ്ങളെ പ്രായഭേദമന്യേ എല്ലാവരും ഏറ്റെടുത്തു.
ഹൃദയകുമാരി ടീച്ചറുടെ പലഭാഗങ്ങളും ഇന്‍സ്റ്റഗ്രാം റിലീസുകളിലും യൂട്യൂബില്‍ സീനുകളിലും സജീവമായിരിക്കുകയാണ് സ്‌ക്രിപ്റ്റിംഗ് സമയത്ത് ഇത്തരം സീനുകള്‍ മനപ്പൂര്‍വം ഉള്‍പ്പെടുത്തുന്നവയാണോ?
മനപ്പൂര്‍വം അത്തരം സീനുകള്‍ ഉള്‍പ്പെടുത്തിയതല്ല. പരമാവധി ചിരി ആളുകളില്‍ ഉണ്ടാക്കുക എന്ന ലക്ഷ്യമായിരുന്നു ഞങ്ങള്‍ക്ക്. അതിനായി ഞങ്ങള്‍ പരമാവധി കോമഡി സീക്വന്‍സുകള്‍ ഉള്‍പ്പെടുത്തി. എന്തൊക്കെയായാലും റിലീസുകളിലും മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഹൃദയ കുമാരി ടീച്ചറിലെ സീനുകള്‍ മികച്ച പ്രകടനം നേടിയത് യൂട്യൂബ് റീച്ച് കിട്ടാന്‍ വലിയ ഒരളവില്‍ ഞങ്ങള്‍ക്ക് സഹായകമായി.
ഹൃദയകുമാരി ടീച്ചര്‍ വീഡിയോ കാണുമ്പോള്‍ തന്നെ നിങ്ങള്‍ ടീം അംഗങ്ങള്‍ തമ്മില്‍ നല്ല ഒരു കെമിസ്ട്രി വര്‍ക്കൗട്ട് ആവുന്നത് അറിയാന്‍ കഴിയുന്നുണ്ട് നിങ്ങള്‍ എല്ലാവരും ഇതിനു മുന്നേ പരിചയമുള്ളവരാണോ?
അതെ ഹൃദയകുമാരി ടീച്ചറില്‍ ഉള്‍പ്പെട്ടിട്ടുള്ള ഞങ്ങളെല്ലാവരും വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ആ ഒരു സൗഹൃദത്തിന്റെ വിജയം തന്നെയാണ് ഞങ്ങള്‍ക്ക് കിട്ടിയ 68 ലക്ഷത്തോളം വരുന്ന യൂ ട്യൂബ് വ്യൂസ് . ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാം എന്ന് ഞാന്‍ ആദ്യമായി പറയുന്നത് ഹൃദയകുമാരി ടീച്ചറിന്റെ ഡയറക്ടര്‍ കൂടിയായ റോയിയോടാണ്. അവനോട് പറഞ്ഞപ്പോള്‍ തന്നെ അളിയാ ഓക്കെ എന്ന് പറഞ്ഞ് മുന്നോട്ടുള്ള കാര്യങ്ങളുടെ ചര്‍ച്ച തുടങ്ങി. മറ്റു വര്‍ക്കുകള്‍ ചെയ്തുകൊണ്ടിരുന്നവരായിരുന്നു ബാക്കിയെല്ലാവരും ഈ ഒരു പ്രൊജക്റ്റ് പറഞ്ഞപ്പോള്‍ തന്നെ അതെല്ലാം മാറ്റി വെച്ചു കൊണ്ട് തന്നെ എല്ലാവരും കൂടെ കൂടി. അവരുടെ എല്ലാവരുടെയും പരിശ്രമത്തിന് ഭാഗമാണ് പ്ലൂട്ടോ എന്ന ചാനലിന്റെ വിജയവും. വിഷ്വല്‍ മീഡിയ രംഗത്ത് എന്റെ ഗുരു എന്ന് പറയാന്‍ കഴിയുന്ന ആളാണ് രാജേഷ് തലച്ചിറ അദ്ദേഹത്തോടൊപ്പമുള്ള വര്‍ക്കിംഗ് എക്‌സ്പീരിയന്‍സ് ഞങ്ങള്‍ക്ക് വളരെ സഹായകമായി. സൗണ്ട് എന്‍ജിനീയര്‍ ആയ ആനന്ദ് അഭിനേതാക്കളായ ഹരിശങ്കര്‍, അജിന്‍, രാഹുല്‍ തുടങ്ങി എല്ലാവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ മൊത്തം തുകയാണ് പ്ലൂട്ടോ എന്ന ഞങ്ങളുടെ യൂട്യൂബ് ചാനല്‍.കൂടാതെ വീട്ടില്‍ നിന്ന് കിട്ടിയ പിന്തുണവളരെ വലുതാണ് ഒരു വിജയ പ്രതീക്ഷയും ഇല്ലാതെ തുടങ്ങിയ ആദ്യ ഭാഗത്തിന് അച്ചന്‍ തന്ന സാമ്പത്തിക പിന്തുണയും അമ്മയുടെയും അനിയന്റെയും മാനസിക പിന്തുണയും പ്രോല്‍ത്സാഹനവും എനിക്ക് ഏറെ സഹായകമായി.
മിനിസ്‌ക്രീനില്‍ നല്ല പ്രേക്ഷകര്‍ സ്വീകാര്യതയുള്ള നായികയാണ് അനുമോള്‍ അനുമോളുടെ സ്വാധീനം ഹൃദയകുമാരി ടീച്ചറുടെ വിജയത്തിനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?
അനുമോള്‍ വഴി പെട്ടെന്ന് തന്നെ കൂടുതല്‍ ആള്‍ക്കാരിലേക്ക് ഞങ്ങള്‍ക്ക് ഈ യൂട്യൂബ് ചാനലില്‍ എത്തിക്കാന്‍ വളരെ സഹായകമായി. ഒരു അഭിനേത്രി എന്നതിനു പുറമേ നല്ലൊരു സുഹൃത്തായി നിന്ന് സ്വന്തമായി ഒരു വര്‍ക്ക് ചെയ്തു പ്രീവിയസ് റെക്കോര്‍ഡ് ഇല്ലാത്ത ഞങ്ങളുടെ ഈ സംരംഭത്തിന് എല്ലാവിധ സഹായവും അനുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
ഷൂട്ടിങ് സമയത്ത് അനു മോളുമായി ബന്ധപ്പെട്ട എന്തെങ്കിലും രസകരമായ സംഭവങ്ങള്‍ ലോക്കല്‍ എക്കോണമി യുടെ പ്രേക്ഷകരുമായി പങ്കുവെക്കാമോ ?
അത്തരത്തിലൊരു ഇന്‍സിഡന്റ് മാത്രമായി എടുത്തുപറയുന്നത് പാടായിരിക്കും. എല്ലാ നിമിഷവും ഞങ്ങള്‍ക്കിടയില്‍ ചിരി പടര്‍ത്തുന്നതായിരുന്നു അനുവിനെ പ്രസന്‍സ്.
ഹൃദയ കുമാരി ടീച്ചറുടെ വിജയത്തിനുശേഷം പ്രേക്ഷകര്‍ ഒരു രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് രണ്ടാം എപ്പിസോഡിനെ പറ്റി ഇപ്പോള്‍ എന്താണ് പറയാനുള്ളത് ?
ഒറ്റ എപ്പിസോഡ് മാത്രം ആണ് ഞങ്ങള്‍ ആദ്യം പ്ലാന്‍ ചെയ്തിരുന്നത് പക്ഷേ ആദ്യ എപ്പിസോടിന് കിട്ടിയ പ്രേക്ഷക സ്വീകാര്യതയും അടുത്ത എപ്പിസോഡിന് ആയി പ്രേക്ഷകര്‍ കാത്തിരിക്കുന്നു എന്ന് കമന്റുകളും ആണ് ഞങ്ങളെ മാറി ചിന്തിക്കാന്‍ ഇടയാക്കിയത്. അഞ്ച് എപ്പിസോഡുകള്‍ ഉള്‍പ്പെടുന്ന ഒരു സീരിയസ് ആയി റിലീസ് ചെയ്യാനാണ് ഇപ്പോള്‍ പ്ലാന്‍. പുതിയ എപ്പിസോഡില്‍ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ആയി പുതിയ ഒരാളെ കൂടെ ഞങ്ങള്‍ അവതരിപ്പിക്കുന്ന കാര്യം കൂടെ ലോക്കല്‍ എക്കോണമിയിലൂടെ ഞങ്ങള്‍ പ്രേക്ഷകരെ അറിയിക്കുകയാണ്.
പ്ലൂട്ടോയുടെയും ഹരിഗോപന്റെയും ഭാവി പദ്ധതികള്‍ എന്താണ്?
തുടക്കം ഗംഭീരമായി, ഇനിയും ചുറ്റുമുള്ളവരെ കൂടുതല്‍ ചിരിപ്പിക്കുക എന്നത് തന്നെയാണ് ലക്ഷ്യം, മുന്നോട്ട് ഇനിയും തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഒരു നിമിഷമെങ്കിലും ആള്‍ക്കാരെ എല്ലാം മറന്ന് ചിരിക്കാന്‍ സഹായിക്കുക തന്നെയാണ് ആണ് പ്ലൂട്ടോയുടെ ലക്ഷ്യം .
സ്വന്തമായി ഒരു യൂട്യൂബ് ചാനലോ ഓണ്‍ലൈന്‍ സംരംഭങ്ങളോ തുടങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന ചെറുപ്പക്കാരോട് എന്താണ് പറയാനുള്ളത് ?
കൃത്യമായ ഒരു പ്ലാനും വിഷയം ഉണ്ടാകുക എന്നത് തന്നെയാണ് ആദ്യത്തെ കാര്യം. ചെയ്യുന്ന ജോലി അത്രയും ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ വിജയം കൈവരിക്കാനാകും. കൂടാതെ ടീം വര്‍ക്ക് എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. അത്തരത്തിലൊരു നല്ലൊരു സൗഹൃദ കൂട്ടായ്മയുടെ വിജയമാണ് പ്ലൂട്ടോ എന്ന ഞങ്ങളുടെ ചാനല്‍.27ന് ഹൃദയകുമാരി ടീച്ചറുടെ അടുത്ത എപ്പിസോഡ് ഇറങ്ങുകയാണ് ആദ്യ ഭാഗത്തിന് ഞങ്ങള്‍ക്ക് നിങ്ങള്‍ തന്ന എല്ലാ പിന്തുണയും സ്‌നേഹവും ഞങ്ങള്‍ക്ക് എപ്പോഴും ഉണ്ടാകണം
YOUTUBE : https://www.youtube.com/watch?v=kTG23yAq7Is&ab_channel=PLUTO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.