Sections

കാര്‍ഡ് ടോക്കണൈസേഷന്‍ നമ്മെ എങ്ങനെ ബാധിക്കും? പൂര്‍ണ വിവരങ്ങള്‍ അറിയാം

Sunday, Sep 11, 2022
Reported By admin
card

ടോക്കണൈസേഷന്‍ നിങ്ങളുടെ ഈ ജോലിഭാരം കുറയ്ക്കുമെന്നു മാത്രമല്ല അധിക സുരക്ഷ നല്‍കുകയും ചെയ്യും

 

റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പുതിയ ഓണ്‍ലൈന്‍ സുരക്ഷാ സംവിധാനമാണ് കാര്‍ഡ് ടോക്കണൈസേഷന്‍. ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുമ്പോള്‍ ഉപഭോക്താക്കളുടെ സാമ്പത്തിക ഡാറ്റ സംരക്ഷിക്കുക എന്ന ഉദ്ദേശമാണ് ഇതിനു പിന്നില്‍. നമ്മള്‍ സാധനങ്ങള്‍ വാങ്ങുന്നതിന്റെ സ്വഭാവത്തെ ഓണ്‍ലൈന്‍ ഷോപ്പിങ് വിപ്ലവകരമായി സ്വാധീനിച്ചു കഴിഞ്ഞു.

വീട്ടു പടിക്കല്‍ ഉല്പന്നങ്ങള്‍ എത്തുന്ന ബിസിനസ് മോഡലിനെ ദശലക്ഷക്കണക്കിന് ആളുകളാണ് രണ്ടു കയ്യും നീട്ടി സ്വീകരിച്ചത്. നെറ്റ് ബാങ്കിങ്, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍,യുപിഐ, മൊബൈല്‍ വാലറ്റുകള്‍, പേയ്‌മെന്റ് ഓണ്‍ ഡെലിവറി എന്നിങ്ങനെ നിരവധി പേയ്‌മെന്റ് ഓപ്ഷനുകള്‍ ലഭ്യമാക്കുന്നതും ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെ ജനപ്രിയമാക്കി.

വര്‍ധിച്ച തോതിലുള്ള ഓണ്‍ലൈന്‍ ഷോപ്പിങ് ഡാറ്റയുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. ഇത്തരത്തിലുള്ള റിസ്‌കുകള്‍ മറി കടക്കാന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി മാര്‍ഗ നിര്‍ദേശങ്ങളാണ് ആര്‍ബിഐ പുറത്തിറക്കിയത്. ഇവയില്‍ ഏറ്റവും പുതിയതാണ് കാര്‍ഡ് ടോക്കണൈസേഷന്‍.

നിങ്ങള്‍ ഒരു ഇ-കൊമേഴ്‌സ് വെബ്‌സൈറ്റോ, ആപ്പോ സന്ദര്‍ശിക്കുമ്പോഴൊക്കെ നിങ്ങളുടെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്തു വെക്കാനുള്ള അനുവാദം ആവശ്യപ്പെടാറുണ്ട്. ഭാവിയിലെ വിനിമയങ്ങള്‍ വേഗത്തിലാക്കാനായിരുന്നു ഇത്. എന്നാല്‍ ഈ സൗകര്യത്തോടൊപ്പം സുരക്ഷാ ഭീഷണിയും കടന്നു വരുന്നു. നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ ചോര്‍ത്തിയെടുക്കാന്‍ ഇവിടെ സാധ്യതയുണ്ട്. ഇത് തടയുക എന്നതാണ് ടോക്കണൈസേഷന്റെ ലക്ഷ്യം.

നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ക്ക് പകരം ഒരു എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ട കോഡായി മാറ്റുന്ന പ്രോസസാണ് ടോക്കണൈസേഷന്‍. ഈ കോഡ് ടോക്കണ്‍ എന്ന് അറിയപ്പെടുന്നു. ഓരോ കോഡും, കാര്‍ഡ്, ടോക്കണിനു വേണ്ടി അപേക്ഷിച്ച വ്യക്തി, ടോക്കണിനു വേണ്ടി അപേക്ഷിച്ച ഡിവൈസ് എന്നിവയുടെ കോംബിനേഷനായിരിക്കും. ഉപഭോക്താക്കളുടെ യഥാര്‍ത്ഥ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കാതെ തന്നെ മെര്‍ച്ചന്റ്‌സിന് ഈ ടോക്കണുകള്‍ ഉപയോഗിക്കാം. ഒക്ടോബര്‍ 1, 2022 മുതല്‍ നിങ്ങള്‍ ഷോപ്പിങ്ങിന് ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഇവ ടോക്കണൈസ് ചെയ്യാന്‍ ആവശ്യപ്പെടും.

കാര്‍ഡ് ടോക്കണൈസേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ല. ഒരു ഉപഭോക്താവ് എന്ന നിലയില്‍ കാര്‍ഡ് ടോക്കണൈസ് ചെയ്യണോ, വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. നിങ്ങളുടെ കാര്‍ഡ് നിശ്ചിത രീതിയില്‍ രജിസ്റ്റര്‍, ചെയ്യാനും ഡി-രജിസ്റ്റര്‍ ചെയ്യാനും ഓപ്ഷനുണ്ട്. കോണ്‍ടാക്ട്‌ലെസ്, ഇന്‍-ആപ്പ്, ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് മെത്തേഡുകള്‍ ഇതിനായി ഉപയോഗിക്കാം.

അടുത്ത ഒക്ടോബര്‍ ഒന്നു മുതല്‍ ടോക്കണൈസേഷന്‍, നിലവില്‍ ഓട്ടോ ഡെബിറ്റ്, സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷന്‍ രീതികളില്‍ നടത്തുന്ന പേയ്‌മെന്റുകളെ ബാധിക്കും. ഇ-കൊമേഴ്‌സ് മര്‍ച്ചന്റ്‌സിനോട് എല്ലാ കസ്റ്റമര്‍ ഡാറ്റകളും ഡിലീറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതായത് ഒക്ടോബര്‍ ഒന്നിനു ശേഷമുള്ള പുതിയ വിനിമയങ്ങള്‍ക്ക് ഓരോന്നിനും ഉപഭോക്താക്കള്‍, പേയ്‌മെന്റ് വിവരങ്ങള്‍ റീ-എന്റര്‍ ചെയ്ത് നല്‍കേണ്ടതാണ്. ടോക്കണൈസേഷന്‍ നിങ്ങളുടെ ഈ ജോലിഭാരം കുറയ്ക്കുമെന്നു മാത്രമല്ല അധിക സുരക്ഷ നല്‍കുകയും ചെയ്യും.

ടോക്കണൈസേഷന്‍ സംബന്ധമായ പരാതികള്‍ കാര്‍ഡ് ഇഷ്യുവര്‍ക്കാണ് നല്‍കേണ്ടത്. തീര്‍ച്ചയായും കാര്‍ഡ് ടോക്കണൈസേഷന്‍ മികച്ച ഒരു സുരക്ഷാ മാര്‍ഗമാണ്. നിങ്ങള്‍ സഥിരമായി ഓണ്‍ലൈന്‍ വിനിമയങ്ങള്‍ക്കായി കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ രണ്ടാമതൊന്നു ചിന്തിക്കാതെ കാര്‍ഡുകള്‍ ടോക്കണൈസ് ചെയ്യാം. ഇത് നിങ്ങളുടെ മനസ്സിനും സമാധാനം നല്‍കും എന്നതാണ് ഏറ്റവും വലിയ കാര്യം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.