Sections

ക്ഷമയുണ്ടെങ്കില്‍ പോക്കറ്റ് നിറയ്ക്കാന്‍ മഹാഗണി നടാം

Friday, Jul 01, 2022
Reported By admin
mahagony

നല്ല ആഴവും വളക്കൂറുമുള്ള എക്കല്‍ മണ്ണും 1500 മുതല്‍ 5000 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഇവ മികച്ച രീതിയില്‍ വളരുന്നു

 

കുറച്ച് ക്ഷമയുണ്ടെങ്കില്‍ മികച്ച ആദായം നേടാന്‍ വൃക്ഷങ്ങളെ പോലെ മറ്റൊരു വിളയില്ല.തേക്ക്,മഹാഗണി,ഈട്ടി,അക്കേഷ്യ തുടങ്ങിയ വമ്പന്മാര്‍ക്ക് വില്‍പ്പനയില്‍ പതിനായിരത്തിനു മുകളില്‍ വിലവരും.ചിലപ്പോള്‍ ലക്ഷങ്ങളും.കേരളത്തിന്റെ കാലാവസ്ഥയില്‍ തേക്കിനൊപ്പം ഇടവിളയായി കൃഷി ചെയ്യാവുന്ന ഒരു വൃക്ഷമാണ് മഹാഗണി.

നല്ല ആഴവും വളക്കൂറുമുള്ള എക്കല്‍ മണ്ണും 1500 മുതല്‍ 5000 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഇവ മികച്ച രീതിയില്‍ വളരുന്നു. വര്‍ഷം തോറും ധാരാളമായി ഉണ്ടാകുന്ന വിത്തുകള്‍ വീണു മുളച്ചാണ് പ്രവര്‍ദ്ധനം. നല്ല വളക്കൂറുള്ള മണ്ണില്‍ 30 വര്‍ഷം കൊണ്ട് 40 മീറ്റര്‍ ഉയരവും 4 മീറ്റര്‍ വണ്ണവും ഇതിന് വരുന്നു.കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ വൃക്ഷങ്ങളിലൊന്നാണ് മഹാഗണി.

കാലിവളവും മേല്‍മണ്ണും ഇട്ട് നിറച്ചതിനു ശേഷം തൈകള്‍ നടുക. വളര്‍ച്ചയ്ക്കനുസരിച്ച് നട്ട് രണ്ടാം കൊല്ലം മുതല്‍ 30 കിലോഗ്രാം കാലിവളത്തിനോടൊപ്പം ചെടി ഒന്നിന് 30 മുതല്‍ 50 ഗ്രാം നൈട്രജന്‍, 40 മുതല്‍ 50 ഗ്രാം ഫോസ്ഫറസ്, 50 മുതല്‍ 70 ഗ്രാം പൊട്ടാഷ് എന്നിവയും ചേര്‍ക്കാം. നേരിട്ട് വിത്ത് പാകുന്ന രീതിയും വിജയ പ്രദമാണ്.

മഹാഗണി ഒരു നിത്യഹരിത സ്വഭാവമുള്ള വൃക്ഷം ആണെങ്കിലും ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ കൂട്ടത്തോടെ ഇല പൊഴിയുന്നു. ഏപ്രില്‍ മെയ് മാസത്തോടെ ചുവന്ന നിറത്തിലുള്ള തളിരുകള്‍ ഇവയ്ക്ക് ഉണ്ടാകുന്നു.പാകമാകാന്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്നു. ഇവയുടെ വളര്‍ച്ചയ്ക്ക് പൊതുവേ തണല്‍ അനുയോജ്യമല്ല. തണലില്‍ വളര്‍രുമെങ്കിലും കനത്ത തണലില്‍ വളര്‍ച്ച കുറയും. തേക്ക് തോട്ടങ്ങളില്‍ ഇടവിളയായി വളര്‍ത്താന്‍ കഴിയുന്ന വൃക്ഷമാണ് മഹാഗണി. വാര്‍ഷിക വളയങ്ങളോട് കൂടിയ തടിയുടെ ഒരു ക്യൂബിക് മീറ്ററിന് ഭാരം ഏതാണ്ട് 560 കിലോഗ്രാം ആണ്. സാമാന്യ നല്ല ഉറപ്പുള്ള തടിക്ക് ഇളം ചുവപ്പു നിറമാണ്.

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് മഹാഗണി പൂവിടുന്നത്. ഇവയുടെ പഴത്തിനുള്ളില്‍ 50 ലധികം വിത്തുകളുണ്ട്. ഫലം ഇളം തവിട്ട് നിറത്തിലാകുമ്പോള്‍ വിത്ത് ശേഖരണം നടത്തണം. 12 മീറ്റര്‍ അകലത്തിലായാണ് വിത്ത് പാകേണ്ടത്.


ഫര്‍ണിച്ചര്‍ ഉണ്ടാക്കുവാന്‍ ഏറ്റവും മികച്ച തടി ആണ് മഹാഗണി.
പൂര്‍ണ വളര്‍ച്ച എത്തിയില്ലെങ്കിലും എകദേശം 25 വര്‍ഷം കൊണ്ട് ഉപയോഗയോഗ്യമാകുന്നതിനാല്‍ കേരളത്തിലും തടി ആവശ്യങ്ങള്‍ക്കായി മഹാഗണി വച്ച് പിടിപ്പിക്കുന്നു. താരതമ്യേന വില കുറവും എന്നാല്‍ കട്ടില്‍, മേശ തുടങ്ങി ഒരു വീട്ടിലെ മിക്ക ഉപകരണങ്ങള്‍ക്കും മഹാഗണി പര്യാപ്തമാണ്. ഏകദേശം 10 വര്‍ഷം പ്രായമുള്ള മഹാഗണിയുടെ തടിയ്ക്ക് ഇന്ത്യയിലെ വില 15,000 മുതല്‍ 20,000 വരെയാണ്.

ഇതില്‍നിന്ന് കിട്ടുന്ന എണ്ണ, സോപ്പ് തുടങ്ങിയവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. കൊത്തുപണി ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമാണ് ഇതിന്റെ തടി.
തടിക്കു പുറമെ, പ്രമേഹം, ഹൈപ്പര്‍ലിപിഡീമിയ തുടങ്ങിയ രോഗങ്ങള്‍ക്ക് ഇതിന്റെ വിത്ത് ഉപയോഗപ്രദമാണ്. തണല്‍വൃക്ഷമായും വനവല്‍ക്കരണത്തിനും മണ്ണിന്റെ പുഷ്ടി ഉയര്‍ത്തുവാനും അലങ്കാരവൃക്ഷമായും മഹാഗണി വളര്‍ത്തുന്നു. മധ്യ അമേരിക്കയിലെ പലയിടങ്ങളിലും ഔഷധമായും ഇത്  ഉപയോഗിക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.