Sections

സോഷ്യൽ മീഡിയ എങ്ങനെ വിവേകത്തോടെയും കാര്യക്ഷമമായും ഉപയോഗിക്കാം

Sunday, Sep 22, 2024
Reported By Soumya
Responsible social media usage tips for personal and professional growth

സോഷ്യൽ മീഡിയ ഇരുതല മൂർച്ചയുള്ള വാളാണ്. ഇതിലൂടെ നല്ല കാര്യങ്ങളും മോശം കാര്യങ്ങളും സംഭവിക്കാം. സോഷ്യൽ മീഡിയയുടെ ഉപയോഗം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാലഘട്ടത്തിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. പക്ഷേ പല ആളുകളും ഇതിനെക്കുറിച്ച് ബോധവാന്മാരല്ല. സോഷ്യൽ മീഡിയയുടെ അടിമകളായി മാറിക്കൊണ്ടിരിക്കുകയാണ് പലരും അത് സ്വയം അറിയുന്നില്ല എന്ന് മാത്രം. സാങ്കേതികവിദ്യയെ ഗുണകരമായി ഉപയോഗിക്കുന്നത് നല്ലതാണ്. പക്ഷേ സാങ്കേതികവിദ്യ നിങ്ങളെ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾ സാങ്കേതികവിദ്യയുടെ അടിമയാണെന്ന കാര്യം മനസ്സിലാക്കണം. സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള പരസ്യങ്ങളും പല കാര്യങ്ങളും കാണിച്ച് അവർ നിങ്ങളെ ഒരു കസ്റ്റമർ ആയി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയുടെ നിരന്തര ഉപയോഗം കൊണ്ട് അവർ കോടിക്കണക്കിന് ലാഭമുണ്ടാക്കി കൊണ്ടിരിക്കുകയാണ്. നിങ്ങൾ നിങ്ങളുടെ സമയവും, ജോലിയും, ഊർജവും എല്ലാം മറന്നുകൊണ്ട് സോഷ്യൽ മീഡിയയ്ക്ക് പുറകെ പോകുന്നത് കൊണ്ട് എന്താണ് പ്രയോജനം എന്ന് സ്വയം തിരിച്ചറിയേണ്ട സമയമായിരിക്കുന്നു. അതുപോലെ തന്നെ സോഷ്യൽ മീഡിയ കൊണ്ട് വളരെ പ്രയോജനകരമായ കാര്യങ്ങളും ഉണ്ട്. സോഷ്യൽ മീഡിയ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് പഴയ സുഹൃത്തുക്കളെ തിരിച്ചു കിട്ടുന്നുണ്ട്, ഏതൊരു സ്ഥലത്തെക്കുറിച്ചും വ്യക്തമായി അറിയാൻ കഴിയുന്നുണ്ട്, ഏത് വിഷയത്തെക്കുറിച്ച് പരിപൂർണ്ണമായ വിവരം സോഷ്യൽ മീഡിയ വഴി ലഭിക്കുന്നുണ്ട്. അതുപോലെതന്നെ സോഷ്യൽ മീഡിയയെ മാറ്റിവെച്ചുകൊണ്ടുള്ള ജീവിതവും മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല. ഏതൊരു കാര്യത്തിന്റെ പഠനത്തിനും നിങ്ങളെ സഹായിക്കുന്ന ഒരു ടൂൾ തന്നെയാണ് സോഷ്യൽ മീഡിയ. എങ്ങനെ സോഷ്യൽ മീഡിയയുടെ ഉപയോഗത്തെ കുറച്ചുകൂടി ക്രമീകരിക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • സോഷ്യൽ മീഡിയ സ്മാർട്ട്ഫോൺ വഴിയാണ് ഉപയോഗിക്കാറുള്ളത്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന സമയത്ത് നാമും അതുപോലെ സ്മാർട്ട് ആയിരിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം.
  • നിങ്ങളുടെ ബ്രാൻഡുകൾ വിപുലീകരിക്കുന്നതിന് വേണ്ടി ഉപയോഗിക്കാൻ പറ്റുന്ന ശക്തമായ ഒരു മേഖലയാണ് സോഷ്യൽ മീഡിയ. അതുകൊണ്ടുതന്നെ ഏതൊരു കാര്യം ചെയ്യുമ്പോഴും ബ്രാൻഡ് ആയി കാണുകയും അതിന് ഗുണകരമാകുന്ന കാര്യങ്ങൾ മാത്രം സോഷ്യൽ മീഡിയ വഴി നിങ്ങൾ പ്രചരിപ്പിക്കുവാൻ ശ്രമിക്കണം. ഉദാഹരണമായി സോഷ്യൽ മീഡിയയിൽ നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യത്തെക്കുറിച്ച് എഴുതുന്ന സമയത്ത് വളരെ ആലോചിച്ചു ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് മത രാഷ്ട്രീയ സാമൂഹിക മറ്റു വ്യക്തിപരമായ കാര്യങ്ങൾ എന്നിവ എഴുതുന്ന സമയത്ത് വളരെ ശ്രദ്ധ അത്യാവശ്യമാണ്. ഇത് ഇങ്ങനെ എഴുതിയത് കൊണ്ട് സമൂഹത്തിനോ തനിക്കോ ദീർഘകാല അടിസ്ഥാനത്തിൽ പ്രയോജനം ഉണ്ടാകുമോ എന്ന് ചിന്തിച്ചതിനുശേഷം ആണ് എഴുതേണ്ടത്. പല ആളുകളും അപ്പോഴത്തെ വികാരത്തിന് അടിമപ്പെട്ട് എഴുതുകയും പിന്നീട് അത് വലിയ പ്രശ്നങ്ങളിലേക്ക് പോകുന്ന കാഴ്ച കാണാറുണ്ട്.
  • സോഷ്യൽ മീഡിയയ്ക്ക് നിശ്ചിത സമയം നൽകേണ്ടതുണ്ട്. സമയം കൊല്ലിയാണ് സോഷ്യൽ മീഡിയ അതുകൊണ്ടുതന്നെ ഒരു ദിവസത്തിലെ നിശ്ചിത സമയം അരമണിക്കൂറോ ഒരു മണിക്കൂറോ തിരഞ്ഞെടുക്കുക.ആ സമയത്ത് മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുക. ചിലർ യാത്രയ്ക്കിടയിലും ജോലിക്കിടയിലും ഒക്കെ ഫോണിൽ അനാവശ്യമായി സോഷ്യൽ മീഡിയയും വാട്സ്ആപ്പ് മെസ്സേജുകളും നോക്കുന്ന ശീലമുണ്ട്, ഇത് നിങ്ങളുടെ സമയത്തെ നശിപ്പിക്കുകയാണെന്ന് കാര്യം ശ്രദ്ധിക്കുക. അതിന് പകരം ആവശ്യമുള്ള കാര്യങ്ങൾ നിങ്ങൾക്ക് പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ മാത്രം നിങ്ങൾ തീരുമാനിച്ച നിശ്ചിത സമയങ്ങളിൽ കാണാൻ വേണ്ടി ശ്രമിക്കുക.
  • സോഷ്യൽ മീഡിയ പോലെ തന്നെ ഫോൺ വിളിക്കുന്ന സമയത്ത് ആവശ്യമായ കാര്യങ്ങൾ മാത്രം പറയുകയും അനാവശ്യമായ ചർച്ചകൾ ഫോണിലൂടെ ഒഴിവാക്കുകയും ചെയ്യുക.
  • നിങ്ങളുടെ ജോലി സ്ഥലത്ത് നിർബന്ധമായും സോഷ്യൽ മീഡിയ വഴിയുള്ള പോസ്റ്റുകൾ, വീഡിയോകൾ എന്നിവ കാണുന്നത് പരിപൂർണ്ണമായി നിർത്തുക. ജോലിസമയം പൂർണ്ണമായും അതിൽ ശ്രദ്ധിക്കുക.
  • ഫോണിന്റെ ഉപയോഗം കണ്ണിന്റെ കാഴ്ചയെ വളരെയധികം ബാധിക്കുന്നുണ്ട്. ദീർഘനേരം ഫോണിന്റെ ഉപയോഗം കണ്ണിന്റെ കാഴ്ചയെ ബാധിക്കുന്നുണ്ട് എന്ന് പഠനങ്ങൾ പറയുന്നു. വീഡിയോ പോലുള്ളവ എപ്പോഴും കാണുന്നതിന് പകരം കേൾക്കാൻ വേണ്ടി ശ്രമിക്കുക.
  • വെർച്വൽ ലോകത്തിലെ സുഹൃത്തുക്കൾ നല്ല സുഹൃത്തുക്കളാണോ അവർ എങ്ങനെ ഉള്ളവരാണെന്നോ നിങ്ങൾക്ക് അറിയാൻ സാധിക്കില്ല. സോഷ്യൽ മീഡിയ വഴി കിട്ടുന്ന ചില സുഹൃത്തുക്കൾ നല്ലവരാണെന്നും സത്യസന്ധരാണെന്നും വിശ്വസിക്കരുത്. ഈ രീതിയിൽ അപകടം സംഭവിക്കുന്ന നിരവധി ആളുകൾ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. വെർച്ചൽ സുഹൃത്തുക്കൾക്ക് വേണ്ടി പണം ചെലവാക്കുക, അവർക്കുവേണ്ടി പങ്കാളികളെ കണ്ടെത്താൻ ശ്രമിക്കുക, ഇങ്ങനെ പലതും ചെയ്ത് വൻ കുഴികളിൽ ചെന്ന് ചാടുന്ന നിരവധി ആളുകൾ ഉണ്ട്. അതുകൊണ്ട് തന്നെ വെർച്ചൽ സുഹൃത്തുക്കളുമായുള്ള ബന്ധം സൂക്ഷ്മമായി പരിശോധിച്ചതിനുശേഷം മാത്രമേ മുന്നോട്ടു കൊണ്ടു പോകാൻ പാടുള്ളൂ.
  • സോഷ്യൽ മീഡിയ വഴി നിങ്ങളുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട ആപ്പുകൾ മാത്രമെ കാണാൻ പാടുള്ളു. അനാവശ്യമായ ആപ്പുകൾ അതുപോലെ തന്നെ അനാവശ്യമായ വീഡിയോകൾ വാർത്തകൾ എന്നിവയൊക്കെ മാറ്റിവച്ച് നിങ്ങളുടെ ലക്ഷ്യങ്ങളെ ഉത്തേജിപ്പിക്കുന്ന അല്ലെങ്കിൽ അതിനു ഉപകാരപ്പെടുന്നവർ മാത്രം കാണാൻ ശ്രമിക്കുക.
  • നിങ്ങളുടെ യാത്രകൾ മറ്റു പരിപാടികൾ എന്നിവയൊക്കെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമ്പോൾ ഇത് ചില അപകടങ്ങളിൽ ചെന്ന് എത്താറുണ്ട്. ഉദാഹരണമായി ഒരാൾ തന്റെ യാത്ര സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന സമയത്ത് കള്ളന്മാർ അവരുടെ വീടുകളിൽ കയറി മോഷ്ടിക്കുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. നിങ്ങൾ എവിടെയാണ് നിൽക്കുന്നത് എന്ന കാര്യങ്ങൾ മറ്റുള്ളവരെ അറിയിക്കാതിരിക്കുന്നതാണ് ഉത്തമം. കള്ളന്മാർക്കും കൊള്ളയടിക്കുന്നവർക്കും ഇത് ഒരു അവസരമായി മാറിയേക്കാം. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ ഒന്നും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാതിക്കുന്നതാണ് ഉത്തമം.
  • സോഷ്യൽ മീഡിയ വഴി നിങ്ങൾ സമൂഹത്തിനും നിങ്ങൾക്കും ഗുണകരമാകുന്ന പോസ്റ്റുകൾ എഴുതാൻ വേണ്ടി ശ്രമിക്കുക. മറ്റുള്ളവരെ കുത്തി നോവിപ്പിക്കുന്നതും അപ്രിയ സത്യങ്ങളും എഴുതരുത്. ഇങ്ങനെ എഴുതി മറ്റുള്ളവരുടെ ശത്രുക്കൾ ആകാൻ ശ്രമിക്കരുത്. സോഷ്യൽ മീഡിയ കൊണ്ട് നിങ്ങളുടെ ബ്രാൻഡിന് അല്ലെങ്കിൽ നിങ്ങളെന്നെ വ്യക്തിക്ക് ദോഷം സംഭവിക്കുന്ന യാതൊരു കാര്യങ്ങളും ചെയ്യരുത്. നിങ്ങൾ വികാരപരമായി അല്ല സോഷ്യൽ മീഡിയ കൈകാര്യം ചെയ്യേണ്ടത് ബുദ്ധിപരമായാണ് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യേണ്ടത് എന്ന കാര്യം ഓർമിപ്പിക്കുന്നു.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.