Sections

കുട്ടികളിലെ അമിത ദേഷ്യം എങ്ങനെ തന്ത്രപൂർവ്വം കൈകാര്യം ചെയ്യാം

Wednesday, Nov 22, 2023
Reported By Soumya S
Excessive Anger

ദേഷ്യം എല്ലാവർക്കും സ്വാഭാവികമായുള്ള ഒരു വികാരമാണ്. മുതിർന്നവർ പോലും ചിലപ്പോൾ ദേഷ്യം വന്നാൽ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് പോകാറുണ്ട് പിന്നെ കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ. പക്ഷെ ദേഷ്യപ്പെട്ട് നിൽക്കുന്ന ആളെ സമാധാനിപ്പിക്കാൻ കുറച്ച് കൗശലം ആവശ്യമാണ് പ്രത്യേകിച്ച് അത് കുട്ടികളാകുമ്പോൾ. ആ സമയത്ത് രക്ഷകർത്താക്കൾക്ക്കൂടി ദേഷ്യം വന്നാലത്തെ കാര്യം പറയേണ്ടതില്ലല്ലോ? കുട്ടി കൂടുതൽ അക്രമാസക്തനാകാം. മുന്നിൽ കാണുന്നതൊക്കെ നശിപ്പിക്കാം. മുന്നിൽ നിൽക്കുന്നത് ആരാണെന്ന് പോലും നോക്കാതെ പലതും വിളിച്ചു പറയാം. ഒന്ന് പറഞ്ഞതിന് രണ്ടാമത്തേതിന് തർക്കുത്തരമാണ്... ഒട്ടുമിക്ക മാതാപിതാക്കളുടെയും പരാതിയും പരിഭവവും ഇതായിരിക്കും. ദേഷ്യം തീരുന്നത് വരെ എന്തൊക്കെ കാണിച്ചുകൂട്ടുമെന്ന് പ്രവചിക്കാൻ പോലും കഴിയുകയില്ല. ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ ഇത് ഭാവിയിൽ വലിയ ദോഷം ചെയ്യും. കുട്ടികൾ അമിതമായി ദേഷ്യം പിടിച്ചാൽ മാതാപിതാക്കൾ ഒപ്പം അവരെ ശിക്ഷിക്കാൻ നിന്നാൽ ഒന്നും നടക്കില്ല. പണ്ട് കാലത്തെ കുട്ടികൾ പോലെയല്ല ഈ ന്യൂജനറേഷൻ. ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് നാട് വിടുകയും, ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന കുട്ടികളാണ് ഇന്നത്തെത്. കുട്ടികൾക്ക് ദേഷ്യം വരുമ്പോൾ എങ്ങനെ തന്ത്രപൂർവ്വം അത് നേരിടാം എന്ന് നോക്കാം.

  • കുട്ടികളിലെ ഭാവവ്യത്യാസങ്ങൾ നിരീക്ഷിക്കുക. ദേഷ്യം ആരംഭത്തിൽ തന്നെ തിരിച്ചറിയാൻ ഇതിലൂടെ കഴിയും. നിയന്ത്രണം വിടുന്നതിന് മുമ്പ് കുട്ടികളെ സമാധാനിപ്പിക്കുക.
  • കുട്ടികളുടെ അടുത്തിരുന്ന് അവരോട് സ്നേഹത്തിൽ സംസാരിക്കുക.
  • കുട്ടികളെ ചേർത്തു പിടിക്കുക. ചില കുട്ടികൾ ഇതിന് സമ്മതിച്ചു എന്ന് വരില്ല. അവരെ നിർബന്ധപൂർവ്വം കെട്ടിപ്പിടിക്കാൻ ശ്രമിക്കരുത് ഇത് രംഗം വഷളാക്കുകയെചെയ്യു.
  • കുട്ടികൾക്ക് അടുത്തിരുന്ന് അവരുടെ മുതുകിൽ തടവുക. തലയിലും ദേഹത്തും തലോടുക.
  • ദേഷ്യത്തിന്റെ കാരണം തിരക്കുക. 'എന്ത് പറ്റി? എന്താണ് വേണ്ടത്?' തുടങ്ങിയ കാര്യങ്ങൾ ചോദിക്കുക. ഇത് കുട്ടികൾക്ക് പറയാൻ അവസരം നൽകും. ദേഷ്യത്തിന്റെ കാരണം കൃത്യമായി അറിയാനും കഴിയും.
  • കുട്ടികൾ ആവശ്യപ്പെടുന്നതെന്തും ക്ഷണേന വാങ്ങികൊടുക്കുന്നത് മറ്റൊരു തകരാറാണ്. ഇത് നാം തന്നെ ചെറുപ്പത്തിലേ തുടങ്ങുന്നു. സ്നേഹാധിക്യത്താലാണ് ഇത് ചെയ്യുന്നത് എന്ന് എല്ലാവർക്കും അറിയാം. നന്നേ കുഞ്ഞുനാളിലെ തുടങ്ങുന്ന ഈ ശീലം കുഞ്ഞിനെ അക്ഷമയിലേക്കും ക്രമേണ ദുശ്ശാഠ്യത്തിലേക്കും നയിക്കുന്നു എന്ന് നാം അറിയുന്നില്ല.
  • ശബ്ദം താഴ്ത്തി സംസാരിക്കാം. നിങ്ങളുടെ കുട്ടി എത്ര ഉച്ഛത്തിൽ വാശിപിടിച്ചാലും അതിനെ ശാന്തമായ രീതിയിൽ കൈകാര്യം ചെയ്യുക. അവന്റെ ശബ്ദം താഴ്ത്താനായി നിങ്ങൾ ശബ്ദം കൂട്ടിയിട്ട് കാര്യമില്ല. നിങ്ങൾ ശാന്തമായി പതുക്കെ സംസാരിക്കുന്നതിനനുസരിച്ച് അവന്റെ ശബ്ദവും താഴ്ന്നു വന്നോളും.
  • ഭൂരിഭാഗം സമയവും മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും നോക്കിയിരിക്കുമ്പോൾ ചുറ്റുമുള്ളവരുമായി ആശയവിനിമയം ശരിയായ രീതിയിൽ നടന്നെന്നുവരില്ല. ആരോട് എങ്ങനെ പെരുമാറണമെന്ന് അവർ ശീലിക്കുന്നില്ല. ആളുകളുമായി ഇടപഴകുന്ന രീതി അറിയാത്തതും ഒരുപരിധിവരെ കുട്ടികളിലെ തർക്കുത്തരം പോലുള്ള സ്വഭാവത്തിന് കാരണമാകാറുണ്ട്. ഇത് പരമാവധി കുറയ്ക്കുക. അവധി ദിനങ്ങളിൽ കുട്ടികളെ പാർക്കിലോ ബീച്ചിലോ ഒക്കെ കൊണ്ടുപോയി അവരോടൊപ്പം സമയം ചെലവഴിക്കുക.
  • മാതാപിതാക്കൾ ഒരു പ്രശ്നം വരുമ്പോൾ എങ്ങനെയാണ് അതിനെ സമീപിക്കുന്നതെന്നും അതിനോട് പ്രതികരിക്കുന്നതെന്നും അവർ കണ്ടും കേട്ടുമാണ് വളരുന്നത്. ദേഷ്യം വരുമ്പോൾ ചുറ്റുമുള്ളവരോട് ഒച്ചവെച്ചും കയർത്തും സംസാരിക്കുന്ന മാതാപിതാക്കളുടെ അതേ പാതയിൽ തന്നെയാകും കുട്ടിയും സഞ്ചരിക്കുക. അതിനാൽ ആദ്യം നിങ്ങൾ സ്വയം നിയന്ത്രിക്കാൻ പഠിക്കുക.
  • മുതിർന്നവരോട് ദേഷ്യം പിടിക്കരുത്, സാധനങ്ങൾ വലിച്ചെറിയരുത് എന്ന് ഉപദേശങ്ങൾ കൊടുക്കുന്നതിനോടൊപ്പം തന്നെ എന്തുകൊണ്ട് അങ്ങനെ ചെയ്യാൻ പാടില്ല എന്ന് കൂടി അവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക.
  • കുട്ടികൾ വാശിപിടിച്ച് തർക്കുത്തരങ്ങൾ പറയുമ്പോൾ അതിനൊപ്പം തർക്കുത്തരം പറഞ്ഞു നിൽക്കേണ്ടവരല്ല മാതാപിതാക്കൾ. അവർ പറയുന്നത് സമാധാനത്തോടെ കേട്ടതിനു ശേഷം സാവധാനം കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുക.
  • അവർ ചെയ്ത തെറ്റുകൾ നിങ്ങളോട് പറയുമ്പോൾ ദേഷ്യം പിടിച്ച് അടിക്കരുത്.പിന്നീടവർ പേടിച്ച് ഒന്നും പറയില്ല. പകരം അവരെ തലോടി സാരമില്ല ഇനി ഇത് ആവർത്തിക്കരുതെന്ന് പറയുക. അവർക്ക് എപ്പോഴും രക്ഷകർത്താക്കൾ ഒപ്പമുണ്ടെന്ന തോന്നൽ ഉണ്ടാക്കാൻ ഇത് ഇടയാകും.

കുട്ടികളോട് വളരെ തന്ത്രപരമായി നിന്നാൽ മാത്രമേ അവരുടെ ദേഷ്യവും വാശിയും മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ. വേണമെങ്കിൽ അവർക്ക് പണിഷ്മെന്റ് ആയി ഇനി ഇങ്ങനെ ചെയ്താൽ അവർക്ക് ഇഷ്ടമുള്ള സാധനങ്ങൾ കൊടുക്കില്ലെന്ന്, അല്ലെങ്കിൽ മൊബൈൽ കാണുന്ന സമയം വെട്ടി കുറയ്ക്കുകയോ, ബീച്ചിൽ കൊണ്ടുപോകില്ല എന്നൊക്കെ പറയുക. ദേഷ്യവും വാശിയും കാണിക്കുമ്പോൾ അവരെ ശ്രദ്ധിക്കാതിരിക്കുക പക്ഷേ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കുകയും ഒക്കെ ചെയ്യുക. അവർക്ക് മനസ്സിലാകണം തങ്ങൾ വാശിപിടിക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കുകയില്ല എന്നും നല്ല കാര്യങ്ങൾ ചെയ്യുമ്പോഴാണ് അവർ തങ്ങളെ ലാളിക്കുന്നതെന്നും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.