Sections

ബിസിനസിനായി പണം എങ്ങനെ കണ്ടെത്തണം, ചെലവാക്കണം? : ബിസിനസ് ഗൈഡ് സീരീസ്

Wednesday, Oct 06, 2021
Reported By Jeena & Gopika
business guide series

കൈയില്‍ ഒരു രൂപ പോലും ഇല്ലെങ്കിലും നിങ്ങള്‍ക്ക് ബിസിനസ് തുടങ്ങാം?

 

'ചെറിയൊരു ഒറ്റ മുറി കടയില്‍ നിന്ന് ഇന്ന് ഈ കോടികളും ബിസിനസ് സാമ്രാജ്യം ഞാന്‍ കെട്ടിയുയര്‍ത്തി'-കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്ന വലിയ ബിസിനസുകാരുടെ ജീവിതകഥ കേട്ട് എന്റെ ആശയത്തില്‍ ഞാനിതാ ഒരു ബിസിനസ് തുടങ്ങാന്‍ പോകുന്നു. 

കൈയില്‍ ഒരു രൂപ പോലും ഇല്ലെങ്കിലും നിങ്ങള്‍ക്ക് ബിസിനസ് തുടങ്ങാം എന്നിങ്ങനെയുള്ള തലക്കെട്ടുകളിലെ വാര്‍ത്തകളുംപരസ്യങ്ങളും കൂടി കേള്‍ക്കുന്നതോടെ ബിസിനസ് തുടങ്ങാനുള്ള താല്‍പര്യം കലശലായിക്കോളും പക്ഷെ.....

മണി മാറ്റേഴ്സ് അതായത് ധനവിനിയോഗം വളരെ പ്രധാനപ്പെട്ട കാര്യം ആണെന്ന് പറയേണ്ടതില്ലല്ലോ.ഇനി എല്ലാ കാര്യങ്ങളും സെറ്റായിരുന്നാലും ആവശ്യത്തിന് മുടക്കാന്‍ പണം റെഡിയല്ലെങ്കില്‍ സംരംഭം വെറും ആശയമായി പേപ്പറിലൊതുങ്ങി നില്‍ക്കുകയെയുള്ളു.

ഇന്ന് ബിസിനസ് ഗൈഡ് സീരീസ് കൈകാര്യം ചെയ്യുന്നത് ഒരു സംരംഭത്തിലേക്ക് കടക്കുമ്പോള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ധനവിനിയോഗത്തെ കുറിച്ചാണ്.ഉറപ്പായും ഒരു സംരംഭകനാകാന്‍ കൊതിക്കുന്നെങ്കില്‍ ഇത് നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്.

ഒരു ബിസിനസ് തുടങ്ങുന്നതിനോ അത് വിപുലീകരിക്കുന്നതിനോ പണം അത്യാവശ്യമാണ്.ഈ പണം ഉപയോഗിച്ചാണ് സംരംഭത്തിനു വേണ്ട ഭൂമി,മെഷിനറി,ഫര്‍ണിച്ചര്‍ തുടങ്ങിയവ സമാഹരിക്കുന്നത്.കൂടാതെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ചെലവിനും പണം കൂടിയേ തീരു.ചുരുക്കി പറഞ്ഞാല്‍ ഒരു സംരംഭത്തിന്റെ ജീവന്‍ തന്നെ പണത്തിലാണെന്ന് പറയാം അതുകൊണ്ട് തന്നെ നമുക്ക് സംരംഭമേഖലയില്‍ ധനത്തെ ജീവരക്തം എന്ന് വിശേഷിപ്പിക്കേണ്ടി വരും.

വ്യക്തമായ ആശയത്തിന്റെയും പ്രൊജക്ട് റിപ്പോര്‍ട്ടിന്റെയും കരുത്തില്‍ മുന്നോട്ട് പോകുന്ന ഒരു നവസംരംഭകന് അടുത്തതായി നേരിടേണ്ട വലിയ കടമ്പയാണ് പണം.

എത്ര പണം വിനിയോഗിക്കണം എന്നും അതില്‍ നിന്ന് എത്ര വരുമാനം ഉണ്ടാകുമെന്നും അതിനൊപ്പം എല്ലാ ചെലവുകളും കഴിച്ച് എത്രരൂപ ഏകദേശം ലാഭം വരുമെന്നും മുന്‍കൂട്ടി കണക്കാക്കേണ്ടതുണ്ട്.

നിങ്ങളുടെ മാര്‍ക്കറ്റിംഗ് പ്ലാനും,പ്രൊജക്ട് റിപ്പോര്‍ട്ടും കൃത്യമാണെങ്കില്‍ ഫിനാന്‍ഷ്യല്‍ പ്ലാനും കൃത്യമായി തന്നെ കാല്‍ക്കുലേറ്റ് ചെയ്യാന്‍ സാധിക്കും.

മികച്ച രീതിയില്‍ സംരംഭം നയിക്കാന്‍ ആരംഭിച്ച് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ധനവിനിയോഗ പദ്ധതി തയ്യാറാക്കുന്ന് വളരെ പ്രയോജനം ചെയ്യും. ഉദാഹരണത്തിന് വാഷിംഗ് പൗഡര്‍ നിര്‍മ്മിക്കുന്ന സംരംഭം ആണ് നിങ്ങള്‍ തുടങ്ങാന്‍ പോകുന്നതെന്ന് കരുതുക.ഫിനാന്‍ഷ്യല്‍ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ സോപ്പുപൊഡി നിര്‍മ്മിച്ചെടുക്കാനുള്ള ചെലവും പായ്ക്കിംഗ് ചെലവും എല്ലാം ഉള്‍പ്പെടുത്തി വേണം കണക്ക്കൂട്ടാന്‍.

ഇനി സോപ്പു പൊടി പഞ്ചായത്ത് അടിസ്ഥാനത്തില്‍ എത്ര ജില്ലകളില്‍ വിതരണം ചെയ്യുന്നു എന്ന് വ്യക്തമായ പട്ടികയിലൂടെ കണ്ടെത്തി ഓരോ പഞ്ചായത്തിലും എത്ര കടകളില്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്ന് ഏകദേശ ഊഹത്തില്‍ ഒരു കണക്ക് എഴുതിയാകും ലാഭവും വിറ്റുവരവും ഒക്കെ ഫിനാന്‍ഷ്യല്‍ പ്ലാനില്‍ ചേര്‍ക്കുക.

ശരിക്കും സംരംഭത്തിലേക്ക് കടക്കുമ്പോള്‍ ഏതൊക്കെ രീതിയില്‍ നിങ്ങള്‍ക്ക് പണം കണ്ടെത്താന്‍ സാധിക്കും എന്നതാണ് ഇനി പറയുന്നത്.

 1)സെല്‍ഫ് ഫണ്ടിംഗ്

പേര് സൂചിപ്പിക്കുന്നത് പോലെ സ്വയം പണം കണ്ടെത്തി ബിസിനസിനായി മുടക്കുന്ന രീതിയാണ് ഇത്.ബൂട്ട്സ്ട്രാപ്പിംഗ് എന്നറിയപ്പെടുന്ന സെല്‍ഫ് ഫണ്ടിംഗിനായി സംരംഭകന്‍ സ്വന്തം സാമ്പത്തിക സോഴ്സുകള്‍ തന്നെ ഉപയോഗപ്പെടുത്തുന്നു.ഉദാഹരണത്തിന് കുടുംബത്തില്‍ നിന്ന് പണം കണ്ടെത്തുക,സുഹൃത്തുക്കളില്‍ നിന്ന് സമാഹരിക്കുക അല്ലെങ്കില്‍ സ്വന്തം സേവിംഗ്സ് ഉപയോഗിക്കുന്നതൊക്കെ സെല്‍ഫ് ഫണ്ടിംഗിനുള്ളില്‍ വരുന്നു.

2) ഓഹരി മൂലധനം/ഇക്വിറ്റി ക്യാപിറ്റല്‍

ഒരു ബിസിനസ്സിന് ധനസഹായം നല്‍കുന്നതിന് ഇന്ത്യയില്‍ വളരെ വ്യാപകമായ രീതികളില്‍ ഒന്നാണ് ഇക്വിറ്റി ക്യാപിറ്റല്‍.സിംപിളായി പറഞ്ഞാല്‍ നിങ്ങളുടെ സംരംഭത്തിലേക്ക് ഷെയറുകളിലൂടെ പണം നിക്ഷേപിക്കുന്നു.ഓരോ ഷെയറും കമ്പനിയുടെ ഒരു ഭാഗം ഉടമസ്ഥതയെ പ്രതിനിധീകരിക്കുന്നു.ഓഹരി ഉടമകളുടെ മീറ്റിംഗും,സംരംഭത്തിലെടുക്കുന്ന തീരുമാനങ്ങളില്‍ ഉള്ള അഭിപ്രായം രേഖപ്പെടുത്താനും,അതിനൊപ്പം കമ്പനിയുടെ ലാഭ വിഹിതം അല്ലെങ്കില്‍ ഓഹരിമൂല്യം പങ്കുവെയ്ക്കാനുമുള്ള സാധ്യതകള്‍ ഇത്തരം ഫണ്ടിംഗുകളെ ആശ്രയിക്കുന്നതിലൂടെ ഉണ്ടാകും.ഇക്വിറ്റി ക്യാപിറ്റല്‍ ഏറ്റവും സുരക്ഷിതമായ ഫണ്ടിംഗ് രൂപമാണെന്ന് നമുക്ക് പറയാം.

3) പ്രിഫെറന്‍സ് ഷെയര്‍ ക്യാപിറ്റല്‍

 ഇനി ഇക്വിറ്റി ഫണ്ടിംഗില്‍ തന്നെ മറ്റൊരു രൂപമാണ് ഇത്.അതായത് നിക്ഷേപകര്‍ക്ക് ഇത്ര രൂപ എന്ന നിരക്കില്‍ നിശ്ചിത വരുമാനം നിശ്ചയിച്ചുറപ്പിച്ച് നിക്ഷേപം നടത്തുന്ന രീതിയാണ് ഇത്.ഓരോ വര്‍ഷവും ഓരോ നിശ്ചിത സ്റ്റോക്കിനും ഒരു നിശ്ചിത ലാഭ വിഹിതം നല്‍കണമെന്ന നിബന്ധനയുള്ളതിനാല്‍ ഏകേദശം ബാങ്ക് ലോണുകളുടെ സ്വഭാവം പ്രിഫെറന്‍സ് ഷെയര്‍ ക്യാപിറ്റലിനുണ്ടെന്ന് നമുക്ക് പറയാം.നിക്ഷേപകനും കമ്പനിയുമായുള്ള ധാരണപ്രകാരമുള്ള കാലാവധി കഴിഞ്ഞാല്‍ നിക്ഷേപ തുക നല്‍കി പ്രിഫെറന്‍സ് ഓഹരികള്‍ വീണ്ടെടുക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും.

4) ബാങ്ക് വായ്പകള്‍

ഇന്ന് നമ്മുടെ കൂട്ടത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന പലരും മൂലധനം കണ്ടെത്താന്‍ ആശ്രയിക്കാന്‍ മനസില്‍ ഉദ്ദേശിക്കുന്ന മാര്‍ഗ്ഗം തന്നെയായിരിക്കും ബാങ്ക് ലോണുകള്‍.ഒരു ബിസിനസ്സിനായി ഫണ്ട് കണ്ടെത്തുന്നതിനുള്ള ഏറ്റവും ലളിതമായ വഴിയാണ് ബാങ്ക് വായ്പകള്‍.സ്റ്റാര്‍ട്ടപ്പുകള്‍ക്കുംചെറുകിട സംരംഭകര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യത്തില്‍ നിരവധി വായ്പ പദ്ധതികള്‍ ഇന്ത്യയില്‍ നിലവിലുണ്ട്.

5) കടപ്പത്രങ്ങള്‍

ബോണ്ടുകള്‍ അഥവ കടപ്പത്രം ആണ് മറ്റൊരു ഫണ്ടിംഗ് മാര്‍ഗ്ഗം.കമ്പനി നിയമപ്രകാരം ബോണ്ടുകളിലൂടെ സംരംഭത്തിന് പണം ആവശ്യമായി വരുമ്പോള്‍ ഒരു തുക നിശ്ചയിച്ച് അതിനെ നിശ്ചിത വിലയ്ക്കുള്ള കടപ്പത്രങ്ങളാക്കി വിഭജിച്ച് വില്‍പ്പന നടത്തി പണം ശേഖരിക്കുന്നു.ചുരുക്കി പറഞ്ഞാല്‍ കടം സമ്മതിച്ചുകൊണ്ട് കമ്പനി നടപ്പിലാക്കുന്നവയാണ് കടപ്പത്രങ്ങള്‍.ഒരു കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ അനുവദിക്കുന്നെങ്കില്‍ ബിസിനസ് ആരംഭിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം കടപ്പത്രങ്ങള്‍ പുറത്തിറക്കാന്‍ അനുവാദം ലഭിക്കുന്നതാണ്.

5) ഇസിബി അഥവ എക്സ്ടേണല്‍ കൊമേഷ്യല്‍ ബോറോയിംഗ്

ഈ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇസിബി പുറത്തുനിന്ന് സ്വീകരിക്കുന്ന വായ്പയാണ്.അതായത് ഒരു വിദേശ സ്ഥാപനത്തില്‍ നിന്ന് സമാഹരിക്കുന്ന വായ്പ അല്ലെങ്കില്‍ കടം .ഇസിബി എന്ന് പറയുന്നത് വാണിജ്യ വായ്പകള്‍ക്ക പുറമെ,കമ്പനിയിലെ നിക്ഷേപകന്‍ നല്‍കുന്ന മറ്റ് തരത്തിലുള്ള ഫണ്ടിംഗും ആകാം.മൂലധന സാമഗ്രഹികളുടെ ഇറക്കുമതി,പുതിയ പ്രൊജക്ടുകള്‍,നിലവിലുള്ള പദ്ധതികളുടെ വികാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇന്ത്യയിലെ സംരംഭങ്ങള്‍ ഇസിബിയെ ആശ്രയിക്കാന്‍ സാധിക്കും.

ഇതിനൊക്കെ പുറമെ..കഴിഞ്ഞ കുറച്ചുകാലമായി ജനപ്രിയമായ മറ്റൊരു മാര്‍ഗ്ഗം കൂടി സംരംഭകര്‍ക്ക് പരീക്ഷിക്കാം അതാണ് ക്രൗഡ് ഫണ്ടിംഗ്

അപരിചിതരായ ഒരുപാട് പേര്‍ നിങ്ങളുടെ സംരംഭത്തിലേക്ക് സാമ്പത്തിക സഹായം ചെയ്യാനായി മുന്നോട്ടു വരുന്നു.ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമുകള്‍ വഴിയോ,സോഷ്യല്‍മീഡിയ വഴിയോ ക്രൗഡ് ഫണ്ടിംഗ് നടത്താം.നിങ്ങളുടെ ബിസിനസ് ആശയവും പദ്ധതിയും മികച്ചതാണെങ്കില്‍ അതിനു വേണ്ടി തുക മുടക്കാന്‍ ആളുകള്‍ തയ്യാറാകും.ബാങ്ക് ഗ്യാരണ്ടി,കൊളാറ്ററല്‍ തുടങ്ങിയവ ഇല്ലാതെ പണം മുടക്കാന്‍ താല്‍പര്യമുള്ളവര്‍ ക്രൗഡ് ഫണ്ടിംഗില്‍ പണം ഇറക്കും.പുതിയ പ്രൊജക്ടുകളുടെ ഭാഗമാകാനുള്ള താല്‍പര്യമാണ് ഇത്തരം ബിസിനസ് ക്രൗഡ് ഫണ്ടിംഗിനു പിന്നില്‍.ചിലര്‍ റിവാര്‍ഡുകള്‍ കണ്ട് നിക്ഷേപിക്കും,മറ്റ് ചിലര്‍ ആശയം നടപ്പിലാക്കാന്‍ നിങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം പണം നല്‍കും.കുടുതല്‍ വിശാലമായ രീതിയില്‍ മൂലധനം സമാഹരിക്കാന്‍ ക്രൗഡ് ഫണ്ടിംഗ് മികച്ച വഴി തന്നെയാണ്.

പണം സമാഹരിക്കലും അതിനുശേഷം അതിനെ കൃത്യമായി ഉപയോഗപ്പെടുത്തലും ലാഭത്തിലേക്ക് കമ്പനിയെ നയിക്കാനും ഒക്കെ പണത്തിലൂടെ സാധിക്കണം. എന്നാല്‍ മാത്രമെ സംരംഭം പൂര്‍ണ വിജയമെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കൂ


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.