Sections

മോഹിപ്പിക്കുന്ന കണക്കല്ല; കൃത്യതയും വ്യക്തതയും വേണം പ്ലാനില്‍ | how to prepare a good business plan

Friday, Aug 12, 2022
Reported By Jeena S Jayan
business , Business Guide

മോഹിപ്പിക്കുന്ന കണക്കുകള്‍ തയ്യാറാക്കി ബിസിനസ് പ്ലാന്‍ വെള്ളത്തിലാക്കുന്നവരുണ്ട്. ആയിരക്കണക്കിന് കടകളിലേക്ക് ഉത്പന്നം എങ്ങനെ എത്തിക്കുമെന്നും ആര് എത്തിക്കുമെന്നും എത്തിച്ചാല്‍ തന്നെ ആര് വാങ്ങുമെന്നും ഇത്തരം ചില പ്ലാനുകളില്‍ ഉറപ്പുവരുത്താറില്ല

 

ചെറുതോ വലുതോ ആയ ഏതൊരു ബിസിനസും ആരംഭിക്കാന്‍ വളരെയധികം ധൈര്യം ആവശ്യമാണ്.തുടക്കം മുതലെ ഏതെങ്കിലും വിധത്തിലുള്ള ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ കൃത്യമായ ബിസിനസ് പ്ലാന്‍ ഒരുക്കണമെന്ന് അറിയാമല്ലോ. ഓണ്‍ലൈനിലോ ഓഫ്‌ലൈനിലോ പുതിയ സംരംഭത്തിനായി ഒരു ബിസിനസ് പ്ലാന്‍ തയ്യാറാക്കും മുന്‍പ് നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്.


ഒരു എക്‌സിക്യൂട്ടീവ് സമ്മറിയില്‍ നിന്നാണ് ബിസിനസ് പ്ലാനുകള്‍ ആരംഭിക്കേണ്ടത്.ഈ ബിസിനസുകൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്താണ്, അതെങ്ങനെ ആയിരിക്കണം ഫലത്തില്‍ വരേണ്ടത് തുടങ്ങിയ കാര്യങ്ങളുടെ ഒരു ചുരുങ്ങിയ രൂപമാകണം പ്ലാന്‍.ബിസിനസ് പ്ലാനുകളിലെ ഏറ്റവും പ്രധാന ഭാഗങ്ങളിലൊന്നാണ് മാര്‍ക്കറ്റ് സ്ട്രാറ്റജി.മുകളില്‍ പറഞ്ഞ മാര്‍ക്കറ്റിലെ വിവരങ്ങളെ വ്യക്തമായി പഠിച്ച് അനലൈസ് ചെയ്യുമ്പോഴാണ് സ്ട്രാറ്റജികളുണ്ടാകുന്നത്.ഇതിനു വേണ്ടി ഒരു കോംപറ്റീറ്റര്‍ അനാലിസിസ് കൂടി നടത്തുന്നത് നന്നായിരിക്കും. നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ബിസിനസ് രംഗത്ത് ഇന്ന് നിലവിലുള്ള പ്രധാനികള്‍ ആരൊക്കെയാണെന്നും അവരുടെ ഉപഭോക്താക്കള്‍ ആരാണെന്നും അവരുടെ ഉത്പന്നത്തിന്റെ പ്രത്യേകത എന്തൊക്കെയാണെന്നും വ്യക്തമായി പഠിച്ചിരിക്കണം.ഇതിനു ശേഷം ആണ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് പ്ലാന്‍ തയ്യാറാക്കേണ്ടത്.

ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിച്ച് മുന്നിട്ടിറങ്ങുന്ന ഭൂരിഭാഗം ആളുകളുടെയും മനസില്‍ പല പ്ലാനുകളുമുണ്ടാകും.എന്നാല്‍ പലതിനും ഒരു അടുക്കുംചിട്ടയുമുണ്ടാകില്ല.ബാങ്ക് ലോണ്‍ ആവശ്യമായി വരുമ്പോഴാണ് പലരും ഒരു ബിസിനസ് പ്ലാനിന്റെ സാക്ഷാത്കാരത്തിന് പ്രയത്‌നിക്കുന്നത്.ബാങ്കില്‍ ലോണാവശ്യത്തിന് വേണ്ടിയോ നിക്ഷേപകരെ ആകര്ഷിക്കുന്നതിനുവേണ്ടിയോ തയ്യാറാക്കുന്ന ബിസിനസ് പ്ലാനിനുണ്ടായിരിക്കേണ്ട ചില പ്രധാന ഗുണങ്ങള്‍ ഇവയൊക്കെയാണ്.

വ്യക്തതയുണ്ടാകണം

ഒരു പാട് വലിച്ച് നീട്ടാതെ ചുരുങ്ങിയ ഭാഷയില്‍ കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കണം.പ്രധാനപ്പെട്ട കാര്യങ്ങള്‍ അത്യാവശ്യം വിശദമായി തന്നെ പ്രതിപാദിക്കണം.സങ്കീര്‍ണ്ണമായ ഭാഷകളും ടെക്‌നിക്കല്‍ പദങ്ങളും പരമാവധി ഒഴിവാക്കണം.നീണ്ട വിശദീകരണം ആവശ്യമുള്ളിടത്ത് ഗ്രാഫുകളും ചാര്‍ട്ടുകളും ഉപയോഗിച്ച് കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകും വിധം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്.


മികച്ച ഗവേഷണം

ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്ല വണ്ണം പഠിച്ചു മനസ്സിലാക്കിയിട്ടു വേണം പ്ലാന്‍ തയ്യാറാക്കാന്‍. നല്ല വണ്ണം റിസര്‍ച്ച് നടത്തിയിരിക്കണം. ഊഹാപോഹങ്ങളോ തെറ്റായ വിവരങ്ങളോ നല്‍കരുത്.ബിസിനസ് ചെയ്യുന്നതിന്റെ പ്രധാന ലക്ഷ്യം ലാഭം ആണെന്നതു കൊണ്ട് തന്നെ ബിസിനസ് പ്ലാനും ലാഭകരമായിരിക്കണം.

 

ഫോര്‍മല്‍ സ്‌റ്റൈല്‍

 ഔപചാരികമായ രീതിയിലായിരിക്കണം പ്ലാന്‍ തയ്യാറാക്കേണ്ടത്.ഓരോ തരാം ബിസിനസ് പ്ലാനിനും ഒരു പ്രത്യേക ഫോര്മാറ്റുണ്ട്. അത് മനസ്സിലാക്കി ഉപയോഗിക്കണം. അശ്രദ്ധയോടെയും അലക്ഷ്യമായും തയ്യാറാക്കുന്ന പ്ലാനുകള്‍ ബാങ്കുകള്‍ നിരാകരിക്കപ്പെടാന്‍ സാധ്യതയുണ്ട്.

 

പോസിറ്റീവ് സമീപനം

ആദ്യം മുതല്‍ അവസാനം വരെ പോസിറ്റീവ് ആത്മവിശ്വാസം പ്രകടമാകുന്ന തരത്തിലാകണം പ്ലാന്‍ തയ്യാറേക്കണ്ടത്.മറ്റൊരു മാര്‍ഗവും ഇല്ലാത്തതുകൊണ്ടല്ല, ആ ബിസിനസ്സിനോട് നിങ്ങള്‍ക്ക് അടങ്ങാത്ത പാഷന്‍ ഉള്ളത് കൊണ്ട് തന്നെയാണ് നിങ്ങള്‍ ആ സംരംഭത്തിന് മുതിരുന്നത് എന്ന് വായിക്കുന്നവരെ ബോധ്യപ്പെടുത്തുക.വായിക്കുന്ന ആള്‍ക്ക് ആ ബിസിനസ്സിനോട് താല്പര്യം തോന്നുന്ന വിധത്തില്‍ വേണം പ്ലാന്‍ തയ്യാറാക്കാന്‍.


വായിച്ചാല്‍ മനസിലാകണം

വായിക്കുന്ന ആള്‍ക്ക് ആദ്യ വായനയില്‍ തന്നെ വായിച്ച് മനസ്സിലാക്കാന്‍ സാധിക്കും വിധം ലളിതവും എന്നാല്‍ പ്രചോദനാത്മകവുമായ രീതിയില്‍ വേണം പ്ലാന്‍ തയ്യാറാക്കാന്‍.വായിക്കുന്ന ആള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള സങ്കീര്‍ണ്ണമായ പദാവലികളും വാക്കുകളും പരമാവധി ഒഴിവാക്കുക. അത് വായിക്കുന്നതോട് കൂടി ത്തന്നെ എല്ലാം വ്യക്തമായി, ഇനിയൊരു വിശദീകരണവും ആവശ്യമില്ലാത്ത വിധം സമഗ്രവും സംക്ഷിപ്തവുമായിരിക്കണം ഒരു നല്ല ബിസിനസ് പ്ലാന്‍.


ഗ്രാഫുകള്‍, ചിത്രങ്ങള്‍ ...

സമാനമായ ബിസിനസ് ചെയ്ത് വിജയിച്ച ആളുകളുടെയോ ആ ഉത്പന്നം മൂലം പ്രയോജനം ലഭിച്ചവരുടെയോ ജീവിതകഥകള്‍ ഉദാഹരണമായി പറയാന്‍ സാധിച്ചാല്‍ കൂടുതല്‍ വിശ്വാസ്യതയുണ്ടാകും.കാര്യങ്ങള്‍ വെറുതെ പറഞ്ഞു പോകുന്നതില്‍ അര്‍ത്ഥമില്ല.നമ്മള്‍ പറയുന്ന കാര്യങ്ങള്‍ വായിക്കുന്ന ആള്‍ക്ക് കൂടി ബോധ്യമാകണം. അതിനാല്‍ നമ്മള്‍ പറയുന്ന കാര്യങ്ങളെ സാധൂകരിക്കാന്‍ ഉതകുന്ന ചിത്രങ്ങളും, ഗ്രാഫുകളും, കേസ് സ്റ്റഡികളും, സ്ഥിതിവിവരക്കണക്കുകളും മറ്റും യാഥോചിതം ഉള്‍പ്പെടുത്തണം.

 

സത്യസന്ധത

കൃതിമത്വം പാടേ ഒഴിവാക്കി സത്യസന്ധമായ കാര്യങ്ങള്‍ മാത്രം പറയുക. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് നമ്മുടെ വിശ്വാസ്യത തകരാന്‍ ഇടയാക്കും.അത് വായിക്കുന്നവര്‍ നമ്മെക്കാള്‍ വിവരമുള്ളവരും അനുഭവശാലികളും ആണെന്ന സത്യം മനസ്സിലാക്കുക.ഒന്നും മറച്ചു വെക്കാതെ മേന്മകള്‍ പറയുന്നതിനോടൊപ്പം തന്നെ അതിന്റെ ന്യൂനതകളും സൂചിപ്പിക്കുന്നത് നന്നായിരിക്കും.

നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ബിസിനസ് പ്രാവര്‍ത്തികമാണെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം എത്ര പണം വിനിയോഗിക്കണമെന്നും അതില്‍ നിന്ന് എത്ര വരുമാനം ഉണ്ടാകുമെന്നും എല്ലാ ചെലവുകളും കഴിച്ചുള്ള ലാഭം എന്താകുമെന്നും കണക്കാക്കേണ്ടതുണ്ട്.മോഹിപ്പിക്കുന്ന കണക്കുകള്‍ തയ്യാറാക്കി ബിസിനസ് പ്ലാന്‍ വെള്ളത്തിലാക്കുന്നവരുണ്ട്. ആയിരക്കണക്കിന് കടകളിലേക്ക് ഉത്പന്നം എങ്ങനെ എത്തിക്കുമെന്നും ആര് എത്തിക്കുമെന്നും എത്തിച്ചാല്‍ തന്നെ ആര് വാങ്ങുമെന്നും ഇത്തരം ചില പ്ലാനുകളില്‍ ഉറപ്പുവരുത്താറില്ല.പക്ഷെ വ്യക്തമായ മാര്‍ക്കറ്റിംഗ് പ്ലാനും ഓപ്പറേഷന്‍ പ്ലാനും ഉണ്ടെങ്കില്‍ ഈ കണക്കുകള്‍ യാഥാര്‍ത്ഥ്യമാകും.

ഇത്രയും കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരു നല്ല ബിസിനസ് പ്ലാന്‍ തയ്യാറാക്കുവാനും അത് ഏറ്റവും മികച്ച രീതിയില്‍ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും നിങ്ങള്‍ക്ക് സാധിക്കും


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.