Sections

കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നതെന്തെല്ലാം? കരളിന്റെ ആരോഗ്യം കാക്കുന്നതെങ്ങനെ?

Thursday, Aug 10, 2023
Reported By Soumya
Liver

വയറിന്റെ വലതുവശത്ത്, വാരിയെല്ലിന് താഴെയായാണ് കരൾ സ്ഥിതി ചെയ്യുന്നത്. ഭക്ഷണം ദഹിപ്പിക്കുന്നതും നമ്മുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതും കരളിന്റെ ധർമ്മമാണ്. കരൾ രോഗം പാരമ്പര്യമായി വരാവുന്ന ഒരു അസുഖമാണ്. വിവിധ വൈറസുകൾ, മദ്യപാനം, പൊണ്ണത്തടി തുടങ്ങിയ പ്രശ്നങ്ങളും കരളിനെ തകരാറിലാക്കുന്ന വിവിധ ഘടകങ്ങളാണ്. കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് ലിവർ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. വൈറൽ ഹെപ്പറ്റൈറ്റിസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ സിറോസിസ് അഥവാ ഓട്ടോ ഇമ്മ്യൂൺ ലിവർ ഡിസീസ് എന്നിവയും കരളിനെ ബാധിക്കുന്ന രോഗങ്ങളാണ്.

ലിവർ സിറോസിസ് പ്രധാന കാരണങ്ങൾ

അമിതമായ മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ഫാറ്റി ലിവർ, ചില മരുന്നുകളുടെ ദീർഘനാളായ ഉപയോഗം, കരളിന്റെ പ്രതിരോധ വൈകല്യങ്ങൾ തുടങ്ങിയവയാണ് ലിവർ സിറോസിസിന്റെ പ്രധാന കാരണങ്ങൾ.

വൈറൽ ഹെപ്പറ്റൈറ്റിസ്

ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധ കരളിലെ ഇൻഫ്ലമേഷനും പിന്നീട് സിറോസിസിനും കാരണമാകും.

നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD)

നിങ്ങളുടെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD). പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ നില, രക്തസമ്മർദം തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് NAFLD ഉണ്ടാകുന്നത്. ഇത് രണ്ടു തരമുണ്ട് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ (NAFL), നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH).

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ (NAFL)

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന അവസ്ഥ.

നോൺ-ആൽക്കഹോളിക്സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് ( NASH )

കാലക്രമേണ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) ഗുരുതരമായ കരൾ വീക്കമായി മാറുകയും പിന്നീട് നോൺ-ആൽക്കഹോളിക്സ്റ്റീറ്റോഹെപ്പറ്റൈറ്റിസ്(NASH) എന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. കരൾ വീക്കം കൂടി കരളിന്റെ പ്രവർത്തനം തടസപ്പെടുകയും ചെയ്യുന്നു. തുടർന്ന് ഇത് ലിവർ സിറോസിസ് ( liver cirrhosis) ആയി മാറുന്നു. ഈ ഘട്ടത്തിൽ കരൾ മാറ്റിവയ്ക്കൽ മാത്രമാണ് ഏക പോംവഴി.

കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷണങ്ങൾ

  • പഞ്ചസാര
  • മദ്യം
  • മൈദ
  • ഫാസ്റ്റ് ഫുഡ്
  • റെഡ് മീറ്റ്
  • വിപ്പിംഗ് ക്രീം
  • ഫ്രൈഡ് ഐറ്റംസ്
  • കാർബൊണാറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ്

കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ

ചായ

ചായയിൽ ധാരാളമായി ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇത് കരളിന്റെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കും. ബ്ലാക്ക് ടീ, ഗ്രീൻ ടീ എന്നിവ കരളിലെ എൻസൈമുകളുടെയും കൊഴുപ്പിന്റെയും അളവ് മെച്ചപ്പെടുത്തും.

ഓട്സ്

നാരുകളാൽ സമ്പുഷ്ടമാണ് ഓട്ട്സ്. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഓട്സിനു കഴിയുന്നു. കരളിന്റെ പ്രവർത്തനങ്ങൾ ഇവ വേഗത്തിലാക്കുന്നു മാത്രമല്ല കരൾ കോശങ്ങൾ പുനരുജ്ജീവിപ്പിക്കാനും സാധിക്കുന്നു.

പച്ചക്കറികൾ

ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ബ്രോക്കോളി, കോളിഫ്ളവർ, ചീര മുതലായ പച്ചക്കറികൾ കഴിക്കുന്നതിലൂടെ വിട്ടുമാറാത്ത രോഗങ്ങൾ തടയാനും മാനസികാരോഗ്യം വർദ്ധിപ്പിക്കാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കും.

അണ്ടിപ്പരിപ്പ്

അണ്ടി പരിപ്പിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കരൾ രോഗത്തിനുള്ള സാധ്യത കുറയ്ക്കാൻ ഇവ സഹായിക്കും.

അവക്കാഡോ

ഇതിൽ അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇവയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യനാരുകൾ ശരീരഭാരം കുറയ്ക്കാനും സഹായകമാണ്.

കരൾ രോഗങ്ങളുടെ ലക്ഷണങ്ങൾ

  • തൊലിപ്പുറത്തും കണ്ണിലും മഞ്ഞനിറം
  • തൊലിപ്പുറത്ത് ചൊറിച്ചിൽ
  • കാലിലെ നീര്
  • ഉറക്കമില്ലായ്മ
  • നിരന്തരമായ ബ്ലീഡിങ്
  • ആമാശയത്തിലെ നീർവീക്കം
  • തുടർച്ചയായുണ്ടാകുന്ന അസിഡിറ്റി, നെഞ്ചെരിച്ചിൽ
  • ശരീരം മെലിയുക
  • രോഗപ്രതിരോധ ശേഷിയിൽ വരുന്ന വ്യത്യാസം

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.