Sections

കുട്ടികളിലെ മടി മാറ്റുവാനുള്ള മാർഗങ്ങൾ

Wednesday, Feb 12, 2025
Reported By Soumya
How to Help Kids Overcome Laziness and Stay Motivated

സ്വന്തം കാര്യങ്ങൾ കൃത്യതയോടെ ചെയ്യാനും പഠിക്കാനും സ്കൂളിൽ പോകാനും പുറത്തിറങ്ങി കളിക്കാനുമൊക്കെ മടിയുള്ള കുട്ടികൾ ഇന്ന് ഏറെയാണ്. വല്ലപ്പോഴുമെങ്കിലും ഏതെങ്കിലും കാര്യത്തിൽ മടി തോന്നുന്നതും പിന്നീട് ചെയ്യാനായി മാറ്റിവയ്ക്കുന്നതുമൊക്കെ സ്വാഭാവികമാണ്. എന്നാൽ, ചെയ്യേണ്ട ജോലികൾ മാറ്റിവയ്ക്കുന്നത് ശീലമായി മാറുമ്പോഴാണ് അത് ശ്രദ്ധിക്കേണ്ട വിഷയമാകുന്നത്. ആവർത്തിച്ച് ശീലങ്ങളെ നാം നിയന്ത്രിച്ചില്ലെങ്കിൽ ശീലങ്ങൾ നിങ്ങളെ നിയന്ത്രിക്കാൻ തുടങ്ങും. മടിയും കുട്ടികളുടെ ചുറ്റുപാടുമായി നല്ല ബന്ധമുണ്ട്.

  • എന്ത് കാര്യവും ചെയ്യുന്നതിന് പ്രചോദനം അനിവാര്യമാണ്. ഇതിന്റെ അഭാവം മടിയുടെ ഒരു പ്രധാന കാരണമാണ്. എന്നാൽ, ഒരു കുട്ടിയിൽ ഒരു പ്രചോദനവുമില്ല എന്ന് പറയാൻ സാധിക്കില്ല. പകരം വെറുതേ ഇരിക്കാനുള്ള പ്രചോദനമാണ് മടിയുള്ളവരിൽ കാണുന്നത്. അതുപോലെ ആ വിഷയത്തിലുള്ള താത്പര്യവും പ്രചോദനം ഉണ്ടാകുന്നതിനുള്ള പ്രധാന ഘടകമാണ്. മിക്ക കുട്ടികൾക്കും പഠനത്തിൽ പ്രചോദനം ഇല്ലാതെപോകുന്നത്, അതിന്റെ 'ആവശ്യബോധം' ഇല്ലാതെപോകുന്നതാണ്. കുട്ടികളിൽ കൃത്യമായ ലക്ഷ്യബോധവും താത്പര്യവും ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്.
  • മാതാപിതാക്കൾക്ക് ജോലികൾ ആസൂത്രണം ചെയ്ത് ചെയ്യാനായി സഹായിക്കാവുന്നതും പ്രോത്സാഹിപ്പിക്കാവുന്നതുമാണ്.വലിയ പ്രോജക്ട് ചെയ്തുതീർക്കാൻ, അതിനെ ചെറിയ ഘട്ടങ്ങളായി വിഭജിച്ച് ഓരോ ദിവസങ്ങളിലായി ചെയ്തുതീർക്കാനുള്ള കഴിവ് ആസൂത്രണത്തിന്റെ ഭാഗമാണ്. ഇതില്ലാത്തതുകൊണ്ടുമാത്രം അവരത് ചെയ്യാതെ മാറ്റി വയ്ക്കാം.
  • തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും സത്യസന്ധമായും സമയനിഷ്ഠയോടെയും കാര്യങ്ങൾ ചെയ്യുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നുമുള്ള വസ്തുതകൾ കുട്ടികളെ മനസ്സിലാക്കിക്കുക.
  • കുട്ടികളിലെ മടിയുടെ യഥാർഥ കാരണം തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ്. തലച്ചോറിന്റെ പ്രവർത്തനം ശാരീരികാരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടുനിൽക്കുന്നു. അതുകൊണ്ട് കുട്ടികൾക്ക് പോഷകാഹാരം, കൃത്യമായ ഉറക്കം, വ്യായാമം എന്നിവയൊക്കെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഉറക്കക്കുറവും നിർജലീകരണവുമൊക്കെ കുട്ടികളിലെ ഉന്മേഷക്കുറവിനും മടിക്കും കാരണമാകാറുണ്ട്.
  • പഠനവൈകല്യം, ശ്രദ്ധക്കുറവ്, വിഷാദം, വൈകാരികപ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ കുട്ടികളുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും അത് മടിയായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യാവുന്നതാണ്. അതിനാൽ, അത്തരം പ്രശ്നങ്ങളുണ്ടോ എന്നത് മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ മനസ്സിലാക്കണം.
  • എല്ലാ കാര്യങ്ങളും എപ്പോഴും മാതാപിതാക്കൾ ചെയ്തുകൊടുത്ത് കൊണ്ടിരുന്നാൽ, സ്വയം കാര്യങ്ങൾ ചെയ്യാനുള്ള കഴിവും ആത്മവിശ്വാസവുമുണ്ടാകാതെ പോവുകയും അത് അലസതയിലേക്ക് നയിക്കുകയും ചെയ്യും.
  • കുട്ടികൾ ചെയ്യുന്ന ജോലികൾക്ക് ചെറിയ പാരിതോഷികങ്ങൾ നൽകുകയും നന്ദിയറിയിക്കുകയും നിങ്ങൾക്കതിലുണ്ടായ സന്തോഷവും അഭിമാനവും കുട്ടികളോട് പങ്കുവയ്ക്കുകയും ചെയ്യാം. ഉദാഹരണം: എല്ലാ ദിവസവും കൃത്യമായി ഹോംവർക്ക് ചെയ്താൽ അരമണിക്കൂർ സ്ക്രീൻ ടൈം അനുവദിക്കുന്നത് കുട്ടികൾക്കിഷ്ടപ്പെടുന്ന പാരിതോഷികമായിരിക്കും.
  • പല കാര്യങ്ങളും ചെയ്ത് തീർക്കേണ്ടതിന്റെ സമയപരിധി കൂടുതലാകുന്നത് കാര്യങ്ങൾ മാറ്റിവയ്ക്കുന്നതിന് കാരണമാകാറുണ്ട്. അതിനാൽ പെട്ടെന്ന് ജോലികൾ തീർക്കുന്നതിന് ചെറിയ സമയപരിധികൾ നൽകുന്നതാകും നല്ലത്.
  • മടി മാറ്റുക എന്നാൽ, എല്ലാ സമയവും ജോലികൾ ചെയ്തുകൊണ്ടിരിക്കുക എന്നതല്ല. പുറത്ത് കളിക്കുന്നതും പടം വരയ്ക്കുന്നതും ഹോബികളിൽ ഏർപ്പെടുന്നതുമെല്ലാം മടി മാറ്റി നിർത്താനുള്ള വഴികൾതന്നെയാണ്. അതിനുള്ള അവസരം നൽകുക.

നിർബന്ധിച്ചും വഴക്കുപറഞ്ഞും കാര്യങ്ങൾ ചെയ്യിക്കാൻ ശ്രമിക്കരുത്. പകരം പ്രോത്സാഹനവും പിന്തുണയും നൽകി കാര്യങ്ങൾ ചെയ്യിക്കുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.