Sections

ജീവിതലക്ഷ്യം കണ്ടെത്തുന്നത് എങ്ങനെ?

Tuesday, Jul 11, 2023
Reported By Admin
Motivation

എല്ലാവരും പറയാറുണ്ട് ജീവിതവിജയത്തിന് ലക്ഷ്യം അത്യാവശ്യമാണ്. എല്ലാ മോട്ടിവേഷൻ വീഡിയോയിലും അല്ലെങ്കിൽ സെൽഫ് ഹെൽപ് പുസ്തകങ്ങളിലും ഒക്കെ നമ്മൾ ലക്ഷ്യമുള്ളവരാകണമെന്ന് പറയാറുണ്ട്. പലർക്കും ലക്ഷ്യം എന്താണെന്ന് കണ്ടെത്തുവാൻ സാധിക്കുന്നില്ല, അല്ലെങ്കിൽ അതിനെ എങ്ങനെ കണ്ടെത്തണം എന്നൊരു പഠനം നമ്മുടെ നാട്ടിൽ കിട്ടാറില്ല. വിദേശരാജ്യങ്ങളിൽ ലക്ഷ്യം കണ്ടെത്തി കൊടുക്കുന്നതിന് വേണ്ടി ഗോൾ സെറ്റിംഗ് സെന്റർ വരെ പ്രവർത്തിക്കുന്നുണ്ട്. പക്ഷേ നമ്മുടെ നാട്ടിൽ നമ്മുടെ ലക്ഷ്യം എന്താണെന്ന് കണ്ടെത്താൻ പറ്റാത്ത അവസ്ഥ പലർക്കുമുണ്ട്. പലപ്പോഴും നമ്മുടെ ലക്ഷ്യത്തിനുവേണ്ടിയല്ലാതെ മറ്റുള്ളവരുടെ അഭിപ്രായം അനുസരിച്ച് അതാണ് നമ്മുടെ ലക്ഷ്യമെന്ന് കരുതി അതിനു വേണ്ടി ശ്രമിക്കാറുണ്ട്. പഠിച്ചുകഴിയുമ്പോൾ നമുക്ക് മനസ്സിലാകും ഇതല്ല നമ്മുടെ ലക്ഷ്യമെന്നും ഇതിനുള്ള കഴിവ് നമുക്കില്ലെന്നും മനസ്സിലാകും. പക്ഷേ ഒന്നും ചെയ്യാനാകാതെ ഇഷ്ടമില്ലാത്ത ജോലി ചെയ്ത് ജീവിതം തള്ളിനീക്കേണ്ടി വരും. അവസാനം വരെ നിരാശ ബോധത്തോടുകൂടി ജീവിതം കഴിച്ചു കൂട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും. കൃത്യമായി ലക്ഷ്യബോധമില്ലാത്ത ഒരാൾക്ക് ഒരിടത്തുമെത്താൻ സാധിക്കില്ല. വെള്ളത്തിൽ ഒഴുകുന്ന തടി പോലെയാകും അവർ. വെള്ളത്തിൽ ഒഴുകുന്ന തടി, അതിന്റെ കഴിവ് കൊണ്ടല്ല മറ്റൊരു സ്ഥലത്ത് എത്തുന്നത്. വെള്ളത്തിന്റെ ഒഴുക്ക് കൊണ്ടാണ് എത്തുന്നത്. തടി അവസാനം എവിടെയെത്തണമെന്നത് ഒഴുകുന്ന വെള്ളത്തിന്റെ ദിശ അനുസരിച്ച് ഇരിക്കും. ചിലപ്പോൾ കടലിൽ പതിക്കും, അല്ലെങ്കിൽ കായലിൽ കൊണ്ടുപോകും, ഇല്ലെങ്കിൽ വെള്ളത്തിൽ ചാഞ്ഞു കിടക്കുന്ന മരക്കൊമ്പുകളിൽ തട്ടി നിൽക്കാം. ഇതുപോലെ ജീവിതമാകുന്ന ഒഴുക്കിൽപ്പെട്ട് എവിടെയെങ്കിലും എത്തുന്ന ആൾക്കാരാണ് പലരും. അതിനുപകരം നമുക്കൊരു ലക്ഷ്യമുണ്ടെങ്കിൽ ആ ലക്ഷ്യത്തിനുവേണ്ടി നീങ്ങുന്ന ജീവിതമാണ് ഏറ്റവും മഹത്തരമായ ജീവിതമായി കരുതപ്പെടുന്നത്. ആ ലക്ഷ്യബോധം എങ്ങനെ കണ്ടെത്താം എന്നതിനെ കുറിച്ചാണ് ഇന്ന് ചർച്ച ചെയ്യുന്നത്.

കഴിവ് കണ്ടെത്തുക

എല്ലാവരും കഴിവുള്ള ആൾക്കാരാണ്. ലോകത്തിൽ അയോഗ്യരായി ആരും തന്നെ ജനിക്കുന്നില്ല. തന്റെ കഴിവ് അല്ലെങ്കിൽ യോഗ്യത എന്താണെന്ന് കണ്ടെത്തുകയാണ് നാം ആദ്യം ചെയ്യേണ്ടത്. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടികളുടെ കഴിവ് കണ്ടെത്തുന്നതിനുള്ള യാതൊന്നും തന്നെ കൊടുക്കുന്നില്ല. പകരം കുറെ കാര്യം കുത്തിനിറച്ച് പഠിപ്പിക്കുകയാണ് ചെയ്യുന്നത്. നമ്മൾ തന്നെ നമുക്ക് ഏത് കാര്യം പഠിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ താല്പര്യം തോന്നുന്നത് ഏതിലാണ് തനിക്ക് കഴിവുള്ളതെന്ന് കണ്ടെത്തണം. ഉദാഹരണം വരയ്ക്കാൻ കഴിവുള്ള ആളാണോ, എഴുതുവാൻ കഴിവുള്ള ആളാണോ, മാക്സ് പഠിക്കുമ്പോൾ താല്പര്യം ഉണ്ടോ, ഡോക്ടറാകാൻ കഴിവുള്ള ആളാണോ, ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടോ ഇങ്ങനെയൊക്കെ ചിലപ്പോൾ ഒരാൾക്ക് നിരവധി കഴിവുകളുണ്ടാകും. തന്റെ കഴിവുകൾ ഏതാണെന്ന് കൃത്യമായി കണ്ടെത്തുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്.

പൂർണ്ണമായും ആസ്വദിച്ച് ചെയ്യുന്നത് ഏത് കാര്യമാണെന്ന് കണ്ടെത്തുക

ചില ആൾക്കാർക്ക് പാട്ടുപാടുന്ന സമയത്ത് ആസ്വദിച്ചു മണിക്കൂറുകളോളം പാട്ടുപാടാൻ കഴിയും. മറ്റുചിലർ പൂന്തോട്ട നിർമ്മാണം വളരെ ആസ്വദിച്ച് ചെയ്യുന്നവരുണ്ട്, ചിലർ പാചകം വളരെ ആസ്വദിച്ച് ചെയ്യുന്നവരുണ്ട് അങ്ങനെ പലതും. ഏത് കാര്യം ചെയ്യുമ്പോഴാണ് നമുക്ക് ഒരു മടിപ്പ് ഉണ്ടാകാതിരിക്കുന്നത് എന്ന് ആദ്യം മനസ്സിലാക്കുക.

കഴിവിന്റെയും ആസ്വദിച്ചു ചെയ്യുന്ന കാര്യങ്ങളുടെയും പട്ടിക തയ്യാറാക്കുക

ഇതിൽ നിന്ന് എനിക്ക് ആ കാര്യം ചെയ്തത് കൊണ്ട് പ്രൊഡക്ടിവിറ്റി ഉണ്ടാക്കാനാകുമോയെന്ന കാര്യത്തെക്കുറിച്ച് കൂടി ചിന്തിക്കുക. ഇങ്ങനെ ഒരു ലിസ്റ്റ് ഉണ്ടാക്കുമ്പോൾ പത്തോ അതിൽ കൂടുതലോ കാര്യങ്ങളുണ്ടാകും. ആകാര്യങ്ങൾ ചെയ്യുമ്പോൾ നമുക്ക് പ്രതിഫലം കിട്ടുന്ന കാര്യവും കൂടി ആയിരിക്കണം. എന്നാൽ അത് തന്റെ ആഗ്രഹമാത്രം ആയിരിക്കാൻ പാടില്ല. ചിലർക്ക് സിനിമ താരമാകാൻ ആയിരിക്കും ആഗ്രഹിക്കുന്നത്. അതിലൂടെയുള്ള പ്രശസ്തിയും പണവുമാണ് അവരുടെ നോട്ടം, പക്ഷേ അഭിനയിക്കാനുള്ള ഒരു കഴിവുമില്ല എങ്കിൽ സിനിമാ താരമാകാൻ ആഗ്രഹിച്ചിട്ട് കാര്യമില്ല. ഇത് നമ്മുടെ ലക്ഷ്യമല്ല, ഒരാഗ്രഹം മാത്രമാണ്. ഇങ്ങനെയുള്ള കാര്യങ്ങൾക്ക് പുറകിൽ പോകരുത്. നമ്മൾ ചെയ്യാൻ പോകുന്ന കാര്യത്തിൽ നമുക്ക് ശേഷിയുണ്ടോയെന്നുള്ള കാര്യം ഉറപ്പുവരുത്തണം. സിനിമാനടൻ ആകാൻ, അഭിനയിക്കാൻ അതിൽ കഴിവുള്ള ഒരാൾക്ക് മാത്രമേ സാധിക്കുകയുള്ളൂ.

ലക്ഷ്യം കൃത്യമായിരിക്കണം

ഉദാഹരണമായി ഒരാൾ ഡോക്ടറാകാൻ ആഗ്രഹിക്കുന്ന ആളാണെന്ന് ഇരിക്കട്ടെ. അയാൾ എഴുതേണ്ടത് ഞാൻ 2030 ആകുമ്പോൾ ഞാൻ ഗൈനക്കോളജിസ്റ്റ് ആകും, ഇങ്ങനെ ഏത് മേഖലയിലാണെന്ന് വ്യക്തമായി എഴുതണം. പണക്കാരൻ ആകാൻ ആഗ്രഹിക്കുന്ന ഒരാൾ 2030 ആകുമ്പോൾ ഞാൻ പത്തു കോടി രൂപ സമ്പാദ്യമുള്ള ബിസിനസ് കാരനാകുമെന്നും, ഡിസ്ട്രിബ്യൂഷൻ ആണോ റീറ്റെയിൽ ബിസിനസാണോ പ്രാക്ഷനാണോ എന്നിങ്ങനെ ഏത് ബിസിനസ് ആണെന്നുള്ളത് വ്യക്തമായി എഴുതിയിരിക്കണം.

ഏതുതരം സ്കിൽ ആർജിക്കണമെന്ന് മനസ്സിലാക്കുക

സിനിമാനടൻ ആകണമെങ്കിൽ അഭിനയിക്കാനുള്ള സ്കിൽ വർദ്ധിപ്പിക്കണം. ശരീരം നോക്കണം, സംഭാഷണം, വാക്യങ്ങൾ ഉച്ചരിക്കേണ്ട രീതി, അഭിനയത്തിൽ തന്നെ വിവിധതരം കാര്യങ്ങൾ ഉണ്ട് അവയെക്കുറിച്ച് നമുക്ക് നിരവധി അറിവ് ഉണ്ടായിരിക്കണം. ഒരു ഐഎഎസ് കാരൻ ആകാൻ ആഗ്രഹിക്കുന്നയാൾ നിരവധി ടെസ്റ്റുകൾ ക്വാളിഫൈഡ് ആകേണ്ടതുണ്ട്, അതിനുവേണ്ടി ഉതകുന്ന കാര്യങ്ങൾ എല്ലാം ചെയ്യുന്നതിനുള്ള കഴിവ് ഉണ്ടായിരിക്കണം.

ശീലം കൊണ്ടുവരിക

സിനിമാനടൻ ആകാൻ ആഗ്രഹിക്കുന്ന ആൾ ശരീരം നന്നായി സംരക്ഷിക്കണം. അതിനുവേണ്ടിയുള്ള ശീലം കൊണ്ടുവരണം. രാവിലെ എണീറ്റ് എക്സസൈസ് ചെയ്യണം ശരീരസംരക്ഷണത്തിനു വേണ്ടി കാര്യങ്ങൾ ചെയ്യുക. ഡോക്ടർ ആകാൻ ആഗ്രഹിക്കുന്ന ആൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം, അതിനുവേണ്ടി രാവിലെ എണീക്കുക, പഠിക്കാൻ വേണ്ടി സമയം കണ്ടെത്തുക, ഏതൊരു കാര്യമാണോ ചെയ്യേണ്ടത് അതിന് യോജിച്ച ശീലത്തിലേക്ക് കൊണ്ടെത്തിക്കണം.

ഇങ്ങനെ തെരഞ്ഞെടുക്കുന്ന, നമ്മുടെ ലക്ഷ്യത്തിനെ ആക്ഷനിലേക്ക് കൊണ്ടുവരികയും അത് നിരന്തരം 90 ദിവസം തുടർച്ചയായി ചെയ്യുമ്പോൾ മടുപ്പ് വരുന്നില്ലയെങ്കിൽ അതാണ് നമ്മുടെ ലക്ഷ്യം.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.