- Trending Now:
പണത്തിനെ കൈകാര്യം ചെയ്യാനുള്ള കഴിവാണ് മണി മാനേജ്മെന്റ് എന്ന് പറയുന്നത്. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മണി മാനേജ്മെന്റിനെ കുറിച്ച് പഠിപ്പിക്കുന്നില്ല, എന്നുമാത്രമല്ല പണത്തെക്കുറിച്ച് ഒരു തെറ്റിദ്ധാരണ നമ്മുടെ സമൂഹത്തിൽ പൊതുവേ ഉണ്ട്. ഇത് കുട്ടിക്കാലം മുതൽ തന്നെ കിട്ടുന്ന ഒരു കാര്യമാണ്. പണക്കാർ ദുഷ്ടന്മാരാണ്, പണം വന്നാൽ ചെലവ് കൂടും, ബിസിനസ് നമുക്ക് പറ്റുന്ന പണിയല്ല, പറ്റിച്ചാൽ മാത്രമേ പണം ലഭിക്കുകയുള്ളൂ, അല്ലെങ്കിൽ പറ്റിപ്പുകാർക്ക് മാത്രമാണ് പണം ലഭിക്കുന്നത്, എന്നിങ്ങനെ. എന്നാൽ ഇവയൊക്കെ തെറ്റിദ്ധാരണയാണെന്ന് പരിശോധിച്ചാൽ മനസ്സിലാകും. അതിനാൽ യാഥാർത്ഥ്യം നാം തിരിച്ചറിയണം. പണം എന്നു പറയുന്നത് ഒരു വലിയ ഊർജ്ജമാണ്. പണത്തെ നാം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. അതുമാത്രമല്ല പണമില്ലെങ്കിൽ നമുക്ക് യാതൊരു കാര്യവും ചെയ്യാൻ കഴിയില്ല. നമ്മുടെ ജീവിത ചെലവിന് പണം ആവശ്യമാണ്, കുട്ടികളുടെ പഠനത്തിന് പണം ആവശ്യമാണ്, സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്ക് പണം ആവശ്യമാണ്, സമൂഹത്തിന്റെ നന്മയ്ക്ക് പണം ആവശ്യമാണ്, രാജ്യപുരോഗതിക്ക് പണം ആവശ്യമാണ്, ശാസ്ത്ര പുരോഗതിക്ക് പണം ആവശ്യമാണ്, പുതിയ പുതിയ ഗവേഷണങ്ങൾക്കും പണം ആവശ്യമാണ്.
ഈ പറയുന്നതിന്റെ അർത്ഥം പണമാണ് എല്ലാ കാര്യത്തിനും വേണ്ടത് എന്നല്ല. പണമാണ് പല അത്യാവശ്യ ഘട്ടങ്ങളിൽ ഒരു ഘടകം എന്നാണ്. അതിനാൽ പണം നമുക്ക് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. പൊതുവേ ആയിരം രൂപ കൂലി ലഭിക്കുന്ന ഒരാൾ 1500 രൂപ കൂലി വന്നതിനുശേഷം സമ്പാദിക്കാം എന്ന് വിചാരിക്കും. ഇത് ഒരിക്കലും നടക്കില്ല, 1500 രൂപ ആകുമ്പോൾ നമ്മുടെ ചിലവ് അതിനനുസരിച്ച് കൂടിക്കൊണ്ടിരിക്കും, അതിനാൽ നമുക്ക് പണം സമ്പാദിക്കുവാനോ മിച്ചം പിടിക്കുവാനോ കഴിയാതെ വരും. അതുകൊണ്ട് തന്നെ പണത്തിനെ നമുക്ക് എങ്ങനെ മാനേജ് ചെയ്യാം എന്നതിനെ കുറിച്ചുള്ള ചില കാര്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
നമ്മുടെ വീട്ടിൽ ചെലവ്, മറ്റ് ആവശ്യങ്ങൾ, നമുക്ക് എന്തൊക്കെയാണ് അത്യാവശ്യ കാര്യങ്ങൾ, എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ബഡ്ജറ്റ് ഉണ്ടാക്കണം. നമ്മുടെ വരവ് എത്രയാണ് ആ വരവിന് അനുസരിച്ച് മാത്രമേ ചെലവാക്കാൻ പാടുള്ളൂ.
നമ്മൾ നേരത്തെ ലിസ്റ്റ് തയ്യാറാക്കിയത് പോലെ ആ ലിസ്റ്റ് അനുസരിച്ചുള്ള സാധനങ്ങൾ മാത്രമേ വാങ്ങുവാൻ പാടുള്ളൂ. നമ്മൾ ഷോപ്പിങ്ങിന് പോകുമ്പോൾ ലിസ്റ്റിൽ ഉള്ളതല്ലാതെ ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിക്കാറുണ്ട്, ഇത് നമ്മുടെ പണം ചോർന്നു പോകുന്ന ഒരു സംഭവമാണ്. ചില മാർജിൻ ഫ്രീ മാർക്കറ്റുകളിൽ പോകുമ്പോൾ നമ്മളെ ആകർഷിപ്പിക്കുന്ന പലതരം കാര്യങ്ങൾ അവിടെ ഉണ്ടാകും. അത് വാങ്ങി വീട്ടിൽ കൊണ്ടുവരാറുണ്ട് പക്ഷേ അത് ചിലപ്പോൾ ഒരിക്കൽ പോലും ഉപയോഗിക്കാത്തവയായിരിക്കാം.
നമുക്ക് ഡെയിലി പ്ലാനും, മന്തിലി പ്ലാനും നിർബന്ധം ഉണ്ടാകണം. വേണമെങ്കിൽ വീക്കിലി ഒരു പ്ലാനും ഉണ്ടാക്കണം. നമ്മുടെ വരവ് ചെലവ് വ്യക്തമായി കൂട്ടിക്കിഴിച്ചു മാത്രമേ നമ്മൾ പ്രവർത്തിക്കാവൂ.
വരവ് ചിലവ് കണക്ക് ഒരു മാസം കഴിയുമ്പോൾ കാറ്റഗറിയായി തിരിക്കുക. ഏതു ഭാഗത്താണ് കൂടുതൽ ചിലവ് വരുന്നതെന്ന് പരിശോധിക്കണം. ഇതിൽ നമുക്ക് ആവശ്യമുള്ള കാര്യങ്ങൾക്ക് വേണ്ടിയാണോ ചിലവാക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ നാം ഉണ്ടാക്കണം.
നമ്മൾ ഇമോഷൻസ് കൊണ്ട് ഒരു കാരണവശാലും പണം ചിലവാക്കാൻ പാടില്ല. അത് ബന്ധുക്കൾ ആവട്ടെ ആരുമായിക്കോട്ടെ. ഒരാളെ നമ്മൾ പണം കൊണ്ട് സഹായിക്കുമ്പോൾ അയാൾ അതിന് അർഹതപ്പെട്ട ആളാണോ എന്ന് ചിന്തിച്ച് വേണം പണം ചെലവാക്കാൻ.
നമുക്ക് കിട്ടുന്ന വരുമാനത്തിൽ നിന്ന് നിശ്ചിത തുക ഭാവിയിലേക്ക് മാറ്റിവയ്ക്കാൻ തയ്യാറാകണം. ഉദാഹരണമായി ദിവസവും നമുക്ക് 1000 രൂപയാണ് വരുമാനം എങ്കിൽ അതിലെ ഒരു നിശ്ചിത തുക 300, 400 രൂപയോ ഭാവിയിലെ കാര്യങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കണം അല്ലാതെ മുഴുവൻ തുകയും അന്ന് തന്നെ തീർക്കരുത്.
നമുക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു നിശ്ചിത തുക മെഡിക്കൽ ഇൻഷുറൻസ് പോലുള്ള കാര്യങ്ങൾക്ക് വേണ്ടി മാറ്റുക. ഇത് നമുക്ക് ഒരു ആപത്ത് കാലത്ത് വളരെ സഹായകരമാകും.
അതോടൊപ്പം നമുക്ക് കിട്ടുന്ന മുഴുവൻ തുകയും സമ്പാദ്യത്തിനു വേണ്ടി മാറ്റരുത് കുറച്ച് രൂപ നമ്മുടെ ജീവിത ചിലവിനും കുടുംബത്തോടൊപ്പം ഉള്ള എന്റർടൈൻമെന്റ് വേണ്ടിയും മാറ്റിവയ്ക്കുക. സമ്പത്ത് എന്ന് പറയുന്നത് ധനസമ്പത്ത്, മാനസിക സമ്പത്ത്, കുടുംബസമ്പത്ത് ഇത് മൂന്നും ഒത്തുചേരുമ്പോഴാണ് സമ്പത്തിന് വിലയുണ്ടാവുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.