- Trending Now:
കുഞ്ഞുങ്ങളെ വളർത്തുക എന്നുള്ളത് ഇന്ന് മാതാപിതാക്കളുടെ പേടി സ്വപ്നങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനുള്ള പ്രധാന കാരണങ്ങൾ അമിതമായ വാശിയും അനുസരണയില്ലായ്മയും തന്നെ. വന്നുവന്ന്, കുട്ടികളോട് എന്ത്, എപ്പോൾ പറയണം എന്നുപോലും അറിയാതെ പകച്ചുനിൽക്കുന്ന രക്ഷിതാക്കൾ പോലും ഇന്നത്തെ കാഴ്ചയാണ്. വാശി ഒരു വ്യക്തിയുടെ അന്ത:സത്തയുടെ അവിഭാജ്യഘടകമാണ്. വാശിയില്ലാതെ ഒരു വ്യക്തിക്ക് വ്യക്തമായ നിലനിൽപ്പ് ഇല്ല. ഒരു മത്സരത്തിൽ ജയിക്കാനോ പരീക്ഷയെ നേരിടാനോ വാശികൂടിയേ തീരൂ. എന്തിനധികം താനേറ്റടുത്ത ഏതൊരു പ്രവൃത്തിയും നന്നായി പൂർത്തിയാക്കുന്നതിന് വാശി അത്യാവശ്യമാണ്. മിതമായ തോതിലുള്ള വാശിയെ 'ശുഷ്കാന്തി' എന്ന് വിളിക്കാം. ആവശ്യത്തിനുള്ള അളവിൽ വാശി 'പ്രചോദന'മായി മാറുന്നു. അമിതമായ വാശിയാണ് അപകടം. ഒന്നാമതെത്തിയ തീരൂ എന്ന് പറയുന്നത് മനസ്സിലാക്കാം. എന്നാൽ, അഥവാ ഒന്നാമതെത്തിയില്ലെങ്കിൽ അത് ശരിയാംവണ്ണം ഉൾക്കൊള്ളാനാവാതെ ജയിച്ചവനോട് പകയും വൈരാഗ്യവും വെക്കുന്ന തരത്തിലുള്ള വാശിയും മനോഭാവവും അപകടകാരമാണ്.
അമിത വാശിയും ദുശ്ശാഠ്യവും വളരെ ഗുരുതരമായ പെരുമാറ്റ വൈകല്യങ്ങളാണ്. എന്നാൽ ഇത്തരം സ്വഭാവം പ്രകടിപ്പിക്കുന്ന കുട്ടികളിൽ അധികവും യഥാർഥത്തിൽ ശാഠ്യക്കാരല്ല എന്നതാണ് വസ്തുത. നമ്മുടെ ഭാഗത്ത് നിന്നുൾപ്പെടെ ഉണ്ടാകുന്ന തകരാറുകളാണ് ഇവരെ ഇത്തരക്കാരാക്കുന്നത് എന്നത് മറക്കരുത്. അതിനാൽ തന്നെ വിവേക പൂർണമായ സമീപനം എളുപ്പത്തിൽ പ്രശ്ന പരിഹാരം സാധ്യമാക്കും എന്ന് ആശ്വസിക്കുക.
കുഞ്ഞുങ്ങളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കുക, അവരെ ശുഭാപ്തി വിശ്വാസമുള്ള വ്യക്തികളാക്കി മാറ്റിയെടുക്കാൻ ചെറുപ്പം മുതലേ ശ്രദ്ധിക്കുക, അത്യാവശ്യത്തിന് ശിക്ഷ നൽകുന്നതോടൊപ്പം ആവശ്യത്തിന് പ്രശംസയും നൽകാൻ മറക്കരുത്. ശിക്ഷിക്കുന്നത് എപ്പോഴും താനും കുട്ടിയും മാത്രം ഉള്ളപ്പോഴായിരിക്കണം. എന്നാൽ പ്രശംസിക്കുമ്പോൾ പിശുക്കു കാട്ടാതിരിക്കുക. നാലാൾ കാണുന്നയിടം തന്നെ അതിനായി തിരെഞ്ഞെടുക്കണം. ഒരു ചെറിയ തെറ്റിന് ദിവസം മുഴുവൻ നീണ്ടു നിൽക്കു ശകാരം ഗുണത്തേക്കാളേറെ ദോഷമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാൽ ശിക്ഷയാണെങ്കിലും പ്രശംസയാണെങ്കിലും ആവശ്യത്തിന് മാത്രം നൽകുക. ഇത് ശുഭാപ്തി വിശ്വാസം അവരിൽ വേരോടാൻ സഹായിക്കും.
പല വഴക്കാളി കുട്ടികൾക്കും പിറകിൽ ശരിയല്ലാത്ത ഒരു ഗൃഹാന്തരീക്ഷം ഉണ്ടെന്നാണ് അനുഭവത്തിൽനിന്നും മനസ്സിലാക്കാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങൾ ഏതെങ്കിലും പ്രശ്നങ്ങളോ പരിതികളോ കൊണ്ടു വരുമ്പോൾ 'ശരിയാണല്ലോ' എന്ന ഒരു മനോഭാവത്തോടെ അതിനെ സമീപിക്കുക. അവരെ പറഞ്ഞു മനസിലാക്കുക എന്നത് പിന്നീടാകാം. പലപ്പോഴും നമ്മുടെ ക്ഷമയോടെയുള്ള ശ്രദ്ധയും സാന്ത്വന മേകുന്ന ഒരു വാക്കും കഴിയുമ്പോൾ പറഞ്ഞു മനസിലാക്കേണ്ട ആവശ്യം തന്നെയുണ്ടാകില്ല എന്നതാണ് രസകരമായ സത്യം.
മോഷണം, ദേഷ്യം, ആക്രമണ സ്വഭാവം, നാണിച്ച് പിൻവാങ്ങൽ, മടി തുടങ്ങിയവയെല്ലാം ഓരോ പ്രായത്തിൽ ഒട്ടുമിക്ക കുട്ടികളിലും കണ്ടുവരാറുണ്ട്. എന്നാൽ ഈ ശീലങ്ങൾ അമിതമായി ദുശ്ശീലവും സ്വഭാവവൈകല്യവുമാകാതെ നോക്കേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്. അധികം വൈകാതെ സ്വഭാവ വൈകല്യങ്ങൾ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. ഒരിക്കലും മർദനം അടക്കമുള്ള ശിക്ഷാരീതികളെ പരിഹാരമായി കാണരുത്. അത് പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കാനേ സഹായിക്കൂ.
മറ്റ് കുട്ടികളെ അകാരണമായി ഉപദ്രവിക്കുക, നിലത്തു കിടന്നു ഉരുളുക, തീ വയ്ക്കുക, പൈപ്പ് തുറന്നു വയ്ക്കുക, കളിക്കോപ്പുകൾ നശിപ്പിക്കുക തുടങ്ങിയവയും സ്വഭാവ വൈകല്യങ്ങളിൽ പെടുന്നു. ഇവ തിരിച്ചറിഞ്ഞ് യഥാ സമയം വേണ്ട ചികിത്സ ലഭ്യമാക്കുകയാണ് പ്രധാനം. സ്വന്തം സ്വഭാവ വൈകല്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് വലിയ ധാരണയുണ്ടാവില്ല. അത് മനസിലാക്കാതെ അടിക്കുകയും ശകാരിക്കുകയും ചെയ്യുന്നത് കാര്യങ്ങളെ കൂടുതൽ വഷളാക്കും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.