Sections

എങ്ങനെ മികച്ച രക്ഷകർത്താവായി മാറാം; ഗുഡ് പാരന്റിംഗിനായി ചില ടിപ്പുകൾ ഇതാ

Wednesday, Jul 05, 2023
Reported By Admin
good parenting

കുട്ടികളെ മികച്ച രീതിയിൽ വളർത്തുകയെന്നത് ഒരു രക്ഷകർത്താവിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്. ഒരു കുട്ടി മോശമാകുന്നുണ്ടെങ്കിൽ അതിന്റെ പ്രധാനപ്പെട്ട പങ്ക് രക്ഷകർത്താവിനുള്ളതാണ്. മികച്ച രക്ഷകർത്താവായി ഇരിക്കാനുള്ള ചില ടിപ്പുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്. നിങ്ങളുടെ കുട്ടികളുമായി ഇടപെടുമ്പോൾ ഈ 10 ടിപ്സുകളും മനസ്സിലോർത്താൽ നിങ്ങളുടെ പാരന്റിങ് കഴിവ് തീർച്ചയായും വർദ്ധിക്കും.

കുട്ടികളെ അംഗീകരിക്കുക

കുട്ടികൾക്ക് അവരുടേതായ വ്യക്തിത്വം ഉണ്ടെന്ന് നാം ആദ്യം മനസ്സിലാക്കണം. അല്ലാതെ നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിക്കേണ്ട ഉപകരണമല്ല കുട്ടികൾ. ഒരാൾ രക്ഷകർത്താവ് ആകുകയെന്നത് ഏറ്റവും വലിയ ഭാഗ്യമാണ്. അത് മനസ്സിലാക്കണമെങ്കിൽ മക്കളില്ലാത്ത ദമ്പതികളെ കുറിച്ച് ഓർത്താൽ മതി. അവർ കുട്ടികളെ ലഭിക്കാൻ വേണ്ടി എത്രമാത്രം പ്രയാസപ്പെടുകയാണ്. മഹാഭാഗ്യം നമുക്ക് കിട്ടിയതിന് നമ്മൾ നന്ദിയുള്ളവരായിരിക്കണം. അതിന് നമ്മളെ അനുവദിച്ച കുട്ടികളെ അംഗീകരിച്ചുകൊണ്ട് നമ്മൾ അവരെ സ്നേഹിക്കണം.

സ്വയം മാതൃകയാകുക

കുട്ടികൾക്ക് നാം സാധാരണയായി നിരവധി ഉപദേശങ്ങൾ കൊടുക്കാറുണ്ട്. എന്നാൽ ആ കൊടുക്കുന്ന ഉപദേശങ്ങൾ നമ്മൾ സ്വയം പാലിക്കുന്നവരാണോ, നമ്മുടെ നിത്യജീവിതത്തിൽ നമ്മൾ ചെയ്യുന്ന കാര്യമാണോ എന്ന് പരിശോധിക്കുക. നമുക്ക് ചെയ്യാൻ കഴിയാത്ത കാര്യം കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുകയെന്നത് കുട്ടികൾ അംഗീകരിച്ചുവെന്ന് വരില്ല. നിങ്ങളെ അനുകരിക്കുകയെന്നതാണ് പ്രധാനമായും കുട്ടികൾ ചെയ്യുന്നത്. ഉദാഹരണമായി കുട്ടികളോട് മൊബൈൽ ഉപയോഗിക്കരുത് എന്ന് പറഞ്ഞിട്ട് നമ്മൾ എപ്പോഴും മൊബൈൽ നോക്കിയിരുന്നാൽ കുട്ടികൾ അത് അനുസരിക്കണമെന്നില്ല. അതുകൊണ്ട് നമുക്ക് അവരെ ഉപദേശിക്കണമെങ്കിൽ നമ്മളെ തന്നെ മാതൃകയാക്കി അവരെ കാണിക്കുക.

കുട്ടികളുടെ അഭിപ്രായങ്ങളെ മാനിക്കുക

മിക്ക രക്ഷകർത്താക്കളും ഇത് ശ്രദ്ധിക്കാറില്ല. കുട്ടികളുടെ അഭിപ്രായങ്ങൾ നമ്മൾ ശ്രദ്ധിക്കാറില്ല. നീ കുട്ടിയാണ് നിനക്കറിയില്ലെന്ന് പറഞ്ഞ് തള്ളിക്കളയാറാണ് പതിവ്. ഇല്ലെങ്കിൽ ഞാൻ പറയുന്നത് നീ കേട്ടാൽ മതി എന്ന ഭാവമാണ് രക്ഷകർത്താക്കൾക്കുള്ളത്. അതിന് പകരം അവരും ഒരു വ്യക്തി ആണെന്ന് മനസ്സിലാക്കി കൊണ്ട്, അവരുടെ അഭിപ്രായങ്ങളെ ഉൾക്കൊള്ളുന്ന, അവരുടെ ആഗ്രഹങ്ങളെ മനസ്സിലാക്കുന്ന രക്ഷകർത്താക്കളായിരിക്കണം നാം.

നല്ല ശീലങ്ങൾ കൊണ്ടുവരുക

നമുക്ക് നല്ല ശീലങ്ങൾ ഉണ്ടെങ്കിൽ കുട്ടികളും അത് പകർത്തുന്നവരായിരിക്കും. ഉദാഹരണമായി രക്ഷകർത്താക്കൾ രാവിലെ എണീക്കുന്ന വരാണെങ്കിൽ കുട്ടിയും അതുപോലെ രാവിലെ എണീക്കും. കുട്ടികളിൽ എന്ത് ശീലമാണ് നിങ്ങൾ കാണുവാൻ ആഗ്രഹിക്കുന്നത് ആ ശീലങ്ങൾ നിങ്ങൾ നിങ്ങളുടെ ജീവിതത്തിലും പാലിക്കണം.

ജോലി വീതിച്ച് നൽകുക

കുട്ടികളെ പഠിക്കാൻ വേണ്ടി നിർബന്ധിക്കുകയും പഠിപ്പിക്കുകയും ചെയ്യുകയും മറ്റു ജോലികൾ ഒക്കെ രക്ഷകർത്താക്കൾ ചെയ്യുന്നതുമാണ് പൊതുവേ കാണാറുള്ളത്. ഇത് ശരിയായ ഒരു കാര്യമല്ല. അവരുടെ പ്രായം അനുസരിച്ച്, അവരുടെ കഴിവ് അനുസരിച്ച്, ജോലികൾ വീതിച്ചു നൽകണം. ഇത് അവരെ ചുമതല ബോധമുള്ളവരാക്കും.

താരതമ്യം ചെയ്യരുത്

അടുത്ത വീട്ടിലെ കുട്ടികളെയോ, ബന്ധുക്കളായ കുട്ടികളെയോ, അല്ലെങ്കിൽ സഹോദരങ്ങളുമായോ താരതമ്യം ചെയ്യുക രക്ഷകർത്താക്കളുടെ പതിവാണ്. നിങ്ങളുടെ കുട്ടിക്ക് നിങ്ങളുടെ ഗുണങ്ങൾ ആയിരിക്കും മറ്റുള്ള കുട്ടികൾക്ക് അവരുടെ രക്ഷകർത്താക്കളുടെ ഗുണഗണങ്ങൾ ആയിരിക്കും അതുകൊണ്ട് കുട്ടികളെ തമ്മിൽ താരതമ്യം ചെയ്യരുത്. നിങ്ങളുടെ മക്കളുടെ കഴിവ് മനസ്സിലാക്കി അവരെ പ്രശംസിക്കുന്നവരാകുക. മറിച്ച് മറ്റു കുട്ടികളുടെ കഴിവുകളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങളെ ഏറ്റവും കൂടുതൽ വെറുക്കുന്നത് നിങ്ങളുടെ മക്കൾ തന്നെയായിരിക്കും

കുട്ടികൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

കുട്ടികൾ ദേഷ്യപ്പെട്ടിരിക്കുകയും വിഷമിച്ചു നിൽക്കുകുകയുമാണെങ്കിൽ ആ സമയത്ത് അവരെ ഉപദേശിക്കാൻ നിൽക്കരുത്. ഇങ്ങനെയുള്ള സമയത്ത് അവർ പറയുന്നത് കേൾക്കുക. അവരെ സംസാരിക്കാൻ അനുവതിക്കുകയും വേണം. അവർ അങ്ങനെ ദേഷ്യപ്പെടുന്നതിന്റെയോ വിഷമിക്കുന്നതിന്റെയും കാരണം മനസ്സിലാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പല രക്ഷകർത്താക്കളും കുട്ടികൾ ദേഷ്യം പിടിക്കുമ്പോഴോ, കരയുമ്പോഴോ അതിന്റെ കാര്യം പറഞ്ഞ് അവരോട് തിരിച്ചു ദേഷ്യപ്പെടാറാണ് പതിവ്.

ശിക്ഷ വേണ്ട ശിക്ഷണം മതി

നമ്മളെല്ലാവരും കുട്ടികളെ അനുസരിപ്പിക്കാൻ വേണ്ടി അതിക്രൂരമായി തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവരാണ്. എന്നാൽ ഇത് കുട്ടികളെ വളരെയേറെ ബുദ്ധിമുട്ടിലാക്കുന്നു. നമ്മൾ അതിക്രൂരമായി തല്ലുകയല്ല വേണ്ടത് അവരെ പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്. അവർ ചെയ്യുന്ന തെറ്റുകൾ പറഞ്ഞ് മനസ്സിലാക്കി അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. അതുപോലെ അവർ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുകയും അവരെ പ്രശംസിക്കുകയും കഴിയുമെങ്കിൽ ആഘോഷിക്കുകയുമാണ് വേണ്ടത്. പക്ഷേ ഇങ്ങനെയൊക്കെ രക്ഷകർത്താക്കൾ ചെയ്യുന്നത് ഒരു കൈക്കൂലിയാണെന്ന് കുട്ടികൾക്ക് തോന്നുകയും അരുത്.

വീട്ടിലെ സാഹചര്യം മെച്ചപ്പെടുത്തുക

ഒരു വീട്ടിലെ ഭൗതിക സാഹചര്യം കുട്ടികളെ വളരെയധികം സ്വാധീനിക്കും. നമ്മുടേത് വലിയ ഭവനങ്ങൾ ആവുകയെന്നതല്ല, മറിച്ച് അടുക്കും ചിട്ടയുമുള്ള ഭവനങ്ങളായി മാറുക എന്നുള്ളതാണ്. അടുക്കും ചിട്ടയുമുള്ള വീട്ടിൽ വളരുന്ന കുട്ടികൾ അടുക്കും ചിട്ടയോടും കൂടി തന്നെ വളരും. അവന് പഠിക്കാനുള്ള മുറി പ്രത്യേകം നൽകുക, വസ്ത്രങ്ങൾ അടിക്ക് വയ്ക്കാനുള്ള സ്ഥലം പ്രത്യേകം നൽകുക, അവന് ഉറങ്ങാനുള്ള സ്ഥലം പ്രത്യേകം നൽകുക, നല്ല ആൾക്കാരുമായി കൂട്ടുകൂടാൻ അനുവദിക്കുക, നല്ല പുസ്തകങ്ങൾ വായിക്കാൻ നൽകുക ഇങ്ങനെയുള്ള കാര്യങ്ങൾ വളരെയധികം ശ്രദ്ധിച്ചാൽ കുട്ടിക്ക് മാറ്റം ഉണ്ടാവുക തന്നെ ചെയ്യും. അതിനുപകരം കുട്ടി പഠിക്കുന്ന നേരത്ത് ടിവി ശബ്ദം കൂട്ടി വയ്ക്കുക, ബഹളമുണ്ടാക്കുക തുടങ്ങിയ സാഹചര്യങ്ങൾ ഒരിക്കലും ഉണ്ടാകരുത്. അതൊക്കെ ഒഴിവാക്കി കുട്ടികൾക്ക് നല്ല ഭൗതിക സാഹചര്യം ഉണ്ടാക്കി കൊടുക്കുക.

പോസിറ്റീവ് കാര്യം മാത്രം സംസാരിക്കുക

കുട്ടികളോട് നമ്മൾ സാധാരണ പറയുന്ന വാക്കുകളാണ് പഠിച്ച കാര്യം മറക്കരുത്, അവിടെ കയറരുത്, ഇത് ചെയ്യരുത്, വീഴരുത്, അടങ്ങി ഒതുങ്ങി നിന്നോണം, ഞാൻ പറയുന്നത് മാത്രം നീ കേട്ടാൽ മതി, ഇങ്ങോട്ട് ഒന്നും പറയണ്ട, നീ എന്താ നന്നാകാത്തത്, ആ കുട്ടിയെ കണ്ടു പഠിക്കുക, നീ കറുത്തവനാണ്, തടിച്ചതാണ്, മെലിഞ്ഞവനാണ് ഇതൊക്കെ നെഗറ്റീവ് വാക്കുകളാണ്. ഇതൊന്നും കുട്ടിയോട് പറയരുത്. പോസിറ്റീവായ കാര്യങ്ങൾ മാത്രം പറയുക ഉദാഹരണമായി പരീക്ഷയ്ക്ക് പോകുന്ന കുട്ടിയോട് ഒന്നും മറക്കരുത് എന്ന് പറയുന്നതിന് പകരം നീ എല്ലാം ഓർത്ത് എഴുതണമെന്ന് കുട്ടിയോട് പറയണം. അത് കുട്ടിക്ക് വളരെ ആത്മവിശ്വാസം നൽകും. ഓർമിച്ച് എഴുതുക എന്ന് പറയുമ്പോൾ കുട്ടികൾക്ക് ഇത് ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് പ്രേരണ ഉണ്ടാക്കും. നീ താഴെ വീഴരുത് എന്ന് പറയുന്നതിന് പകരം നീ ശ്രദ്ധിച്ചു കയറണം അല്ലെങ്കിൽ ശ്രദ്ധിച്ചു ചെയ്യണമെന്ന് പറയണം. ഇങ്ങനെ പറയുന്നത് കുട്ടിയിൽ വളരെ പോസിറ്റീവ് എനർജി ഉണ്ടാക്കാൻ സഹായിക്കും.

ഈ ടിപ്പുകൾ ഒക്കെ മനസ്സിലാക്കി നമ്മൾ കുട്ടികളോട് പെരുമാറിയാൽ അവരുടെ സ്വഭാവത്തിൽ വളരെ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ നമുക്ക് സാധിക്കും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.