Sections

അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍; എങ്ങനെ അപേക്ഷിക്കാം ?

Sunday, Oct 31, 2021
Reported By admin
Shram Yogi Maandhan Yojana

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി 2019 ലെ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പെന്‍ഷന്‍ പദ്ധതിയാണ് പ്രധാനമന്ത്രി ശ്രാം യോഗി മന്‍ധന്‍ യോജന

 

രാജ്യത്ത് വരുമാനത്തില്‍ പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാര്‍ക്ക് വേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയിട്ടുള്ളത്.അക്കൂട്ടത്തില്‍ വളരെ പ്രശസ്തമായ ഒരു പദ്ധതിയാണ് ശ്രം യോഗി മന്‍ധന്‍ യോജന.എന്താണ് ഈ പദ്ധതി? എങ്ങനെ പദ്ധതിയില്‍ അപേക്ഷിക്കാം ?

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി 2019 ലെ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പെന്‍ഷന്‍ പദ്ധതിയാണ് പ്രധാനമന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന. 18 വയസിനും 40 വയസിനും ഇടയിലുള്ള തൊഴിലാളികളില്‍ നിന്നും അവരുടെ പ്രായമനുസരിച്ച് ഒരു നിശ്ചിത തുക സ്വീകരിക്കുകയും അത്രയും തുക കേന്ദ്ര സര്‍ക്കാരും പങ്കാളിയായി സമാഹരിക്കുന്നു. തൊഴിലാളികള്‍ക്ക് 60 വയസിന് ശേഷം മാസം തോറും 3,000 രൂപ പെന്‍ഷനായി നല്‍കുകയും ചെയ്യുന്ന പദ്ധതിയാണിത്.

ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവസാനത്തെ ബജറ്റിലാണ് അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് 10 കോടി തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് തൊഴില്‍ മന്ത്രാലയം പറയുന്നത്.ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രധാനമന്ത്രി ശ്രം യോഗി മന്‍ധന്‍ യോജനയില്‍ ഇതുവരെ ഏകദേശം 4004923 പേര്‍ ചേര്‍ന്നിട്ടുണ്ട്.

മാസം വെറും 55 രൂപ നിക്ഷേപിച്ച് 3000 രൂപ പെന്‍ഷന്‍ വാങ്ങാം എന്നതാണ് ഇതിന്റെ സവിശേഷത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി, അസംഘടിത മേഖലയിലെ 42 കോടി തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ലക്ഷ്യമിടുന്നു.പദ്ധതിയില്‍ അംഗത്വമെടുക്കാന്‍ തൊഴിലാളികള്‍ക്ക് സ്വന്തമായി സേവിംഗ് അക്കൗണ്ടും ആധാറും ഉണ്ടാകണം.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?

18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കുന്നത്. അപേക്ഷിക്കുന്നവര്‍ക്ക് ആധാര്‍ കാര്‍ഡും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. 18 വയസ്സില്‍ പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ പ്രതിമാസം 55 രൂപ നല്‍കിയാല്‍ ഭാവിയില്‍ 3000 രൂപ വീതം ഓരോ മാസവും പെന്‍ഷന്‍ ലഭിക്കും.

പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന കാലയളവില്‍ വരിക്കാരന്‍ മരിച്ചാല്‍ ഗുണഭോക്താവിന്റെ ഭാര്യയ്ക്ക് 50 ശതമാനം തുക പെന്‍ഷനായി ലഭിക്കും. മുഴുവന്‍ തുകയും പിന്‍വലിക്കണമെങ്കില്‍ അങ്ങനെയും തുക കൈപ്പറ്റാവുന്നതാണ്. വരിക്കാരന്‍ 60 വയസ്സിന് മുമ്പ് മരിച്ചാല്‍ മാത്രമേ ഭാര്യയ്ക്ക് തുക കൈപ്പറ്റാന്‍ സാധിക്കുകയുള്ളു. എന്നാല്‍ പദ്ധതി പ്രകാരം വരിക്കാരന്റെ കാലശേഷം ഭാര്യക്ക് മാത്രമേ പദ്ധതിയില്‍ തുടരാന്‍ കഴിയുകയുള്ളു. മറ്റ് ബന്ധുക്കള്‍ക്ക് സാധിക്കില്ല.


മാസം 15,000 രൂപയില്‍ താഴെ വരുമാനമുള്ള, ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് പിഎഫ്. ഇഎസ്‌ഐ ആനുകൂല്യം ലഭിക്കാത്തവര്‍ക്കും പദ്ധതിയില്‍ അംഗമാകാം. അവര്‍ 18 വയസിനും 25 വയസിനും ഇടയിലുള്ളവരാണെങ്കില്‍ 40 വയസുവരെ മാസം 55 രൂപ വീതം പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ 60 വയസു മുതല്‍ 3000 രൂപ പെന്‍ഷന്‍ കിട്ടി തുടങ്ങും.

പദ്ധതിയില്‍ ചേര്‍ന്ന് 10 വര്‍ഷത്തിനു മുമ്പാണ് പിന്മാറുന്നതെങ്കില്‍ അടച്ച തുക മാത്രമാണ് തിരിച്ചു കിട്ടുക. എന്നാല്‍ പത്തുവര്‍ഷം കഴിഞ്ഞോ അപേക്ഷകന് 60 വയസ്സ് ആകുന്നതിന് മുമ്പോ പിന്മാറുകയാണെങ്കില്‍ നിക്ഷേപിക്കുന്ന തുകയും പലിശയും തിരികെ ലഭിക്കും.

അപേക്ഷിക്കാന്‍

ആവശ്യമായ രേഖകളുമായി അടുത്തുള്ള കോമണ്‍ സര്‍വീസ് സെന്ററില്‍ എത്തുക. തുടര്‍ന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷാ ഫോം, ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യുന്നതിനുള്ള സമ്മതപത്രം എന്നിവ സമര്‍പ്പിക്കുക. ആധാറിലെയും ബാങ്ക് പാസ്ബുക്കിലെയും വിവരങ്ങള്‍ പരിശോധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിങ്ങളുടെ അപേക്ഷ ഫോം സ്വീകരിക്കും. കൂടാതെ, കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ പരിശോധിക്കാനായി നിങ്ങളുടെ മൊബൈല്‍ നമ്പറിലേയ്ക്ക് ഒരു ഒടിപി ലഭിക്കും.ഓണ്‍ലൈന്‍ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാം https://maandhan.in/shramyogi


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.