Sections

ഇത് കേരളമാണ്, ചൈനയല്ല. അഞ്ചു വര്‍ഷം കൊണ്ട് സില്‍വര്‍ ലൈന്‍ എങ്ങനെ പൂര്‍ത്തീകരിക്കും?

Thursday, Mar 24, 2022
Reported By Ambu Senan
Silver Line

ഒരുപക്ഷെ ചൈനയോ മറ്റോ ആയിരുന്നെങ്കില്‍ ഇത് നടപ്പാക്കാമായിരുന്നു?


 രണ്ടാം പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി സെമി ഹൈസ്പീഡ് റെയില്‍ യാത്രാ പദ്ധതിയായ സില്‍വര്‍ ലൈന്‍ വന്‍ വിവാദത്തിനും പ്രശ്‌നങ്ങള്‍ക്കുമാണ് വഴി വെച്ചിരിക്കുന്നത്. 11 ജില്ലകളിലൂടെ 10 സ്റ്റോപ്പുകളുമായി കടന്നു പോകുന്ന കെ-റെയില്‍ 5 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത് എങ്ങനെ സാധ്യമാകും?

എന്താണ് സില്‍വര്‍ ലൈന്‍ പദ്ധതി?

കാസര്‍കോട് മുതല്‍ കൊച്ചു വേളി വരെ 532 കി.മി നീളുന്ന സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴിയാണ് സില്‍വര്‍ ലൈന്‍ പദ്ധതി. മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍  ഓടിക്കാനാകും. അങ്ങനെ വന്നാല്‍ നാല് മണിക്കൂറില്‍ കുറഞ്ഞ സമയത്ത് ഒരു ശരാശരി യാത്രക്കാരന് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് എത്താം.

പ്രതീക്ഷിക്കുന്ന ചെലവ് 63,940 കോടി രൂപ 

ഗുണങ്ങള്‍

കൊച്ചുവേളിയില്‍ തുടങ്ങി കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് സ്റ്റേഷനുകളാണു പദ്ധതിക്കായുള്ളത്. വളരെ വേഗത്തില്‍ യാത്ര ചെയ്യാം എന്നതാണ് പ്രത്യേകത. നിലവില്‍ ഇതിന് 12 മണിക്കൂര്‍ വേണം. കുറഞ്ഞത് 12 ട്രെയിനെങ്കിലും സില്‍വര്‍ ലൈനില്‍ സര്‍വ്വീസ് നടത്തും.കുറഞ്ഞത് 50,000 പേര്‍ക്കെങ്കിലും ഇത് വഴി തൊഴില്‍ ലഭിക്കുമെന്നാണ് സൂചന.

പ്രതിബന്ധങ്ങള്‍

1383 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ 1198 ഹെക്ടറും സ്വകാര്യ ഭൂമിയാണ്. 9314 കെട്ടിടങ്ങളും ഒഴിപ്പിക്കേണ്ടി വരും.
ഒരു മുന്നറിയിപ്പ് പോലുമില്ലാതെ ഭൂമി ഏറ്റെടുക്കാനായി സര്‍വ്വേ കല്ല് പോലീസിന്റെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ നാട്ടാന്‍ ശ്രമിക്കുന്നത് പ്രതിഷേധത്തിനും സംഘര്‍ഷത്തിനും ഇടയാക്കുന്നു. പ്രതിഷേധിച്ച സ്ത്രീകളെ പോലും കായികപരമായി പലയിടത്തും പോലീസ് നേരിട്ടു. ഭൂമി ഏറ്റെടുക്കല്‍ മതിയായ നഷ്ട പരിഹാരം നല്‍കാതിരിക്കുക തുടങ്ങിയ ആശങ്കകളാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. എരിതീയില്‍ എണ്ണ ഒഴിക്കുമ്പോലുള്ള മന്ത്രി സജി ചെറിയാന്റെ തീവ്രവാദി പരാമര്‍ശം പ്രതിഷേധം കടുപ്പിക്കാനിടയായി. പ്രതിപക്ഷ കക്ഷികളും പൊതുജനങ്ങളും ഒരുപോലെ പദ്ധതിയെ എതിര്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

പദ്ധതിയും ചെലവും ഗുണവും ദോഷങ്ങളും എല്ലാം വായിച്ചെങ്കില്‍ ഒരു ചോദ്യം, അഞ്ച് വര്‍ഷം കൊണ്ട് എങ്ങനെ ഈ പദ്ധതി നടപ്പിലാക്കും? ഒരുപക്ഷെ ചൈനയോ മറ്റോ ആയിരുന്നെങ്കില്‍ ഇത് നടപ്പാക്കാമായിരുന്നു. കാരണം ജനങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തി കാര്യം നടത്തുന്ന ഒരു ഭരണകൂടത്തിന് അത് സാധ്യമാണ്. എന്നാല്‍ ജനാധിപത്യം നിലനില്‍ക്കുന്ന ഒരു രാജ്യത്ത്, ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് അങ്ങനെ ചെയ്യുക സാധ്യമല്ല. അങ്ങനെ ചെയ്താലുള്ള പ്രത്യാഘാതവും അവര്‍ അനുഭവിക്കും. 

കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ സ്ഥലം ഏറ്റെടുത്ത്, ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കി, അതില്‍ എന്തെങ്കിലും തര്‍ക്കങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അത് തീര്‍പ്പുണ്ടാക്കി, ശക്തമായ മഴയും വെയിലും മറ്റ് പ്രതികൂല കാലാവസ്ഥകളും എല്ലാം അതിജീവിച്ച് ഈ പദ്ധതി അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞാല്‍ ഒരു ശരാശരി മലയാളിക്ക് ചിരിയായിരിക്കും വരിക. പറഞ്ഞ സമയത്ത് പൂര്‍ത്തീകരിച്ച എത്ര പദ്ധതികള്‍ നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകും? സ്വകാര്യ-പൊതുമേഖലാ ടൈ അപ്പില്‍ തുടങ്ങിയ വിഴിഞ്ഞം തുറമുഖം പോലും ഇത് വരെ പൂര്‍ത്തിയായിട്ടില്ല. 

പിന്നെ ഇതൊരു 10 അല്ലെങ്കില്‍ 15 വര്‍ഷം വരുന്ന പദ്ധതിയെന്ന് പറയുകയാണെങ്കില്‍ കേള്‍ക്കുന്നവരില്‍ അതിശയോക്തി തോന്നില്ല. അങ്ങനെയെങ്കിലും ഒരു പ്രശ്നം ഉണ്ട്. 10 അല്ലെങ്കില്‍ 20 വര്‍ഷം കഴിയുമ്പോള്‍ ഈ ടെക്‌നോളജിയും ട്രെയിനിന്റെ വേഗതയും കാലഹരണപ്പെടില്ലേ? അപ്പോള്‍ ഈ സില്‍വര്‍ ലൈന്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറാന്‍ സാധിക്കുമോ? ഈ പദ്ധതി ലാഭകരമായി മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കുമോ? തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് സില്‍വര്‍ ലൈന്‍ മുന്നോട്ട് വെയ്ക്കുന്നത്. 

പിന്നെ പ്രതിഷേധിക്കുന്നവരെ കായികമായി നേരിടുകയും തീവ്രവാദികളായി ചിത്രീകരിക്കുന്ന എല്‍ഡിഎഫ് ആയിരുന്നു ഈ സമയത്ത് പ്രതിപക്ഷത്തെങ്കിലും എന്താകുമായിരുന്നു പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും മുറകളെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സെക്രെട്ടറിയറ്റ് പടിക്കല്‍ ദിനവും ചോരപ്പുഴ തന്നെ എല്‍ഡിഎഫ് സൃഷ്ടിക്കുമെന്ന് ഒരു സംശയവുമില്ലാതെ ആര്‍ക്കും പറയാം.     


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.