Sections

ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ജിഎസ്ടിയുടെ പ്രധാന നേട്ടങ്ങള്‍ എന്തൊക്കെയാണ്?

Monday, Aug 16, 2021
Reported By Ambu Senan
GST

ജിഎസ്ടി വന്നതോട് കൂടി നിരവധി നികുതികളുടെ ഭാരം കുറയ്ക്കുകയും ഒരു മേല്‍ക്കൂരയില്‍ കൊണ്ടുവരികയും ചെയ്തു

 

ജിഎസ്ടി,Goods and service tax അഥവാ ചരക്ക് സേവന നികുതിഎന്നത് ഇന്ത്യയിലെ ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണത്തിനുള്ള പരോക്ഷനികുതിയാണ്. ജിഎസ്ടി നിലവില്‍ വരുന്നതിന് മുന്‍പ് നികുതി ഭാരം ഉപഭോക്താക്കള്‍ക്ക് വളരെ കൂടുതലായിരുന്നു. വാറ്റ് പോലുള്ള മറ്റ് നികുതികളുടെ ഭാരം ഉപഭോക്താക്കളെ വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു. ജിഎസ്ടി നിലവില്‍ വരുന്നതിനു മുന്‍പ് നമ്മള്‍ ഒരു ഉത്പന്നമോ സേവനമോ വാങ്ങുമ്പോള്‍ വരുന്ന പരോക്ഷ നികുതി വീതിച്ചു പോകുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരിലേക്കാണ്. ജിഎസ്ടിയും അങ്ങനെ തന്നെയാണ്.എന്നാല്‍ പ്രധാന വ്യത്യാസം നമ്മള്‍ നല്‍കുന്ന പരോക്ഷ നികുതി നമ്മള്‍ സര്‍ക്കാരിന് നേരിട്ട് നല്‍കുകയല്ല. മറിച്ച് നിര്‍മ്മാതാക്കള്‍ക്കോ വില്‍പ്പനക്കാര്‍ക്കോയാണ് നമ്മള്‍ അത് നല്‍കുന്നത്. അവര്‍ അത് സര്‍ക്കാരിന് അടയ്ക്കുന്നു. ജിഎസ്ടിക്ക് മുന്‍പ് നമ്മള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരുന്ന നികുതി എക്‌സൈസ് ടാക്‌സ്, സര്‍വീസ് ടാക്‌സ്, കസ്റ്റംസ് ഡ്യൂട്ടി എന്നീ നികുതികളിലേക്കാണ് പോയിരുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ നികുതി പോയിരുന്നത് വാറ്റ്,അല്ലെങ്കില്‍ സെയില്‍സ് ടാക്‌സ്, കേന്ദ്ര സംസ്ഥാന നികുതി, ഒക്ടറോയ് നികുതി, ആഡംബര നികുതി, സ്വച്ഛ് ഭാരത് സെസ്സ്, പിന്നെ മറ്റുള്ള അല്ലറ ചില്ലറ നികുതി എന്നിവയിലായിരുന്നു. എന്നാല്‍  ജിഎസ്ടി വന്നതോട് കൂടി നിരവധി നികുതികളുടെ ഭാരം കുറയ്ക്കുകയും ഒരു മേല്‍ക്കൂരയില്‍ കൊണ്ടുവരികയും ചെയ്തു. 

 

 

ഇനി ജിഎസ്ടി കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഉള്ള ഉപയോഗങ്ങള്‍ നോക്കാം 

1. ലളിതമായ നികുതി സമ്പ്രദായം 

ജിഎസ്ടി വന്നതോട് കൂടി നികുതികള്‍ കണക്കാക്കാനും വിലയിരുത്താനും ഏതൊരു  സാധാരണക്കാരനും കഴിയുമെന്നതാണ് പ്രത്യേകത. നമ്മള്‍ വാങ്ങുന്ന ഉത്പന്നങ്ങളുടെ ബില്ലില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പോകുന്ന നികുതി പ്രത്യേകം രേഖപ്പെടുത്തി പോകുന്നതിനാല്‍ കൂടുതല്‍ സുതാര്യമാണ്. 

2 . ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയില്‍ കുറവ്

വിതരണ ശൃംഖലയുടെ എല്ലാ തലങ്ങളിലും ജിഎസ്ടി ഈടാക്കുന്നതിനാല്‍, ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഗണ്യമായ വ്യത്യാസം കണ്ടെത്താന്‍ കഴിയും. ഇതിന് കാരണം ഉപഭോക്താവ് മുമ്പ് പ്രത്യേക നികുതികള്‍ നല്‍കേണ്ടി വന്ന സ്ഥാനത്ത് ഇപ്പോള്‍ ഒറ്റ നികുതി ആക്കിയത് കൊണ്ടാണ്. വാറ്റ് അല്ലെങ്കില്‍ സേവനനികുതിയെക്കാള്‍ കുറവായ ജിഎസ്ടിയുടെ ആനുകൂല്യങ്ങള്‍ ഒരു ഉപഭോക്താവിന് ലഭിക്കും.

0 മുതല്‍ 5% ജിഎസ്ടി പരിധിയില്‍ വരുന്ന ഭക്ഷ്യവസ്തുക്കള്‍ മുന്‍പത്തേക്കാളും വിലകുറവായതിനാല്‍ ഉപയോക്താക്കള്‍ക്ക് വളരെയധികം ഗുണം ചെയ്യും. ഷാംപൂ, ടിഷ്യു പേപ്പറുകള്‍, ടൂത്ത് പേസ്റ്റ്, സോപ്പുകള്‍, ഇലക്ട്രോണിക് ഇനങ്ങള്‍ എന്നിവ വിലകുറഞ്ഞതായി മാറി. മുന്‍പ് പല ഇലക്ട്രോണിക് ഉത്പനങ്ങള്‍ക്കും 36 മുതല്‍ 42 ശതമാനം വരെ നികുതിയുണ്ടായിരുന്നത് ഇപ്പോള്‍ 28 ശതമാനമായി കുറഞ്ഞു. പരിസ്ഥിതി സൗഹാര്‍ദ്ദ ഉത്പന്നങ്ങള്‍ക്ക് നികുതി ഇല്ലായെന്നതും ശ്രദ്ധേയമാണ്. 

3. രാജ്യത്തുടനീളം ഒരേ വില

ജിഎസ്ടിയുടെ ഒരു പ്രധാന ഗുണം രാജ്യത്ത് എവിടെയും ഒരു ഉപഭോക്താവിന് ഒരേ വിലയ്ക്ക് ഉല്‍പ്പന്നം നേടാന്‍ കഴിയും എന്നതാണ്. 

ഇനി ജിഎസ്ടി എങ്ങനെ വ്യാപാരികള്‍ക്ക് ഗുണകരമാകുന്നു എന്ന് നോക്കാം 

1. സുതാര്യത തന്നെയാണ് ജിഎസ്ടി എന്നത് കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിച്ചത്. വ്യാപാരികള്‍ക്കും അത് ഗുണകരമാണ്. വ്യാപാരത്തിനായി വാങ്ങുന്ന ഉത്പന്നങ്ങള്‍ക്കും ജിഎസ്ടി നല്‍കേണ്ടതിനാല്‍ ഇത് വ്യാപാര ഇടപാട് എളുപ്പമാക്കുന്നു. കൂടാതെ ഒളിഞ്ഞിരിക്കുന്ന നികുതികള്‍ ഇല്ലായെന്നതും പ്രത്യേകതയാണ്. 

2. വായ്പ അല്ലെങ്കില്‍ ലോണ്‍ ലഭിക്കുന്നത് എളുപ്പമാക്കി 
ജിഎസ്ടി എന്നത് ഡിജിറ്റലായി ഓണ്‍ലൈനിലൂടെ അടയ്ക്കുന്നത്തിനാല്‍ ഒരു വ്യപാരിയുടെ വിട്ടു വരവ് ലാഭം എന്നിവ സര്‍ക്കാരിനും ആ വ്യാപാരിയുടെ അക്കൗണ്ട് ലിങ്ക് ചെയ്തിരിക്കുന്ന ബാങ്കിനും അറിയാന്‍ സാധിക്കും. അത് കൊണ്ട് തന്നെ വ്യാപാരിക്ക് ലോണ്‍ ലഭിക്കാനും ഇത് വഴി എളുപ്പമാണ്. 

3. വ്യാപാരവും കയറ്റുമതിയും ഇറക്കുമതിയും എളുപ്പത്തിലാക്കി 

എല്ലാ തരം ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും കൃത്യമായ സ്‌ളാബ് നിരക്ക് ഉള്ളത് കൊണ്ട് വ്യാപാരവും അത് പോലെ തന്നെ കയറ്റുമതിയും ഇറക്കുമതിയും എളുപ്പമാക്കി. 

അപ്പോള്‍ ഈ വിധത്തിലാണ് ജിഎസ്ടി ഉപയോക്താക്കളും വ്യാപാരികള്‍ക്കും ഉപയോഗപ്രദമാകുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.