Sections

കാര്‍ഷിക സംരംഭത്തില്‍ വിപണിയാണ് മുഖ്യം അല്ലേ...പക്ഷേ എങ്ങനെ? വഴികള്‍ അറിയാം  

Tuesday, Feb 22, 2022
Reported By Admin
vegetable

കൃഷി തുടങ്ങുന്നതിനു മുമ്പ്തന്നെ സൂപ്പര്‍ മാര്‍ക്കറ്റുകളുമായി ബന്ധപ്പെട്ടാല്‍ ഉത്പന്നം വിളവെടുക്കുമ്പോള്‍ തന്നെ വിപണി ഉറപ്പാക്കാന്‍ കഴിയും


കാര്‍ഷികമേഖല ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് വിപണി. കഷ്ടപ്പെട്ട് വിളയിച്ചവ എടുക്കാന്‍ ആളില്ലാത്ത അവസ്ഥ. അഥവാ എടുത്താല്‍ തന്നെ വില പ്രതീക്ഷയ്‌ക്കൊത്ത് ലഭിക്കുന്നില്ല. രണ്ടുകാര്യങ്ങള്‍ ഇതുമായി കൂട്ടിവായിക്കണം. വില്‍പ്പനക്കാരന്റെ ഭാഗത്തുനിന്ന് ചിന്തിച്ചാല്‍ വല്ലപ്പോഴും കുറച്ചു പച്ചക്കറികളുമായെത്തുന്നവനെ നമ്പാനാവില്ല. ചെറുകിട കര്‍ഷകനെ ആശ്രയിച്ചാല്‍ സ്ഥിരമായി സാധനമെത്തിക്കുന്നവന്‍ പിണങ്ങും. അങ്ങനെ കച്ചവടം കുളമാകും. കര്‍ഷകന്റെ  ഭാഗമെടുത്താല്‍, തന്നെ വില്‍പ്പനക്കാരന്‍ കണക്കിലെടുക്കുന്നെയില്ല എന്നാണ് പരാതി. ഇവ രണ്ടിനും പരിഹാരം കണ്ടാലേ പച്ചക്കറി വിപണിയില്‍ സാധാരണ കര്‍ഷകന്റെ ഉത്പന്നങ്ങള്‍ക്ക് സ്ഥാനമുണ്ടാകൂ. 

വില്‍പ്പനക്കാരന്‍ കര്‍ഷകനില്‍ നിന്ന് നേരിട്ട് പച്ചക്കറി വാങ്ങണമെങ്കില്‍ വര്‍ഷം മുഴുവനും പച്ചക്കറി നല്‍കാന്‍ കഴിയണം. അങ്ങനെ ലഭിക്കുന്നുണ്ടെങ്കില്‍ പുറത്തുനിന്നുള്ള പച്ചക്കറി വാങ്ങാന്‍ താല്‍പ്പര്യമില്ലാതാകും. പച്ചക്കറി കര്‍ഷകര്‍ ഒരുമിച്ചെങ്കില്‍ മാത്രമേ ഇത്തരത്തിലുള്ള വിപണിയുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കൂ.ഇങ്ങനെ ഒരു സംവിധാനത്തിലേക്കു വന്നാല്‍ കര്‍ഷകനെ വിപണി സ്വീകരിക്കാന്‍ തുടങ്ങും. വിപണിയുടെ വിവിധ സാധ്യതകളെക്കുറിച്ചുള്ള അറിവ് ഉത്പാദകന് കൂടുതല്‍ ഗുണം ചെയ്യും.

സൂപ്പര്‍മാര്‍ക്കറ്റുകള്‍ പച്ചക്കറി വിപണനത്തിന് വന്‍സാധ്യതകള്‍ തുറക്കുന്നു. പുറത്തെ വിലയിലും കൂടുതല്‍ നല്‍കി ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഇവര്‍ക്കാകും. ജൈവപച്ചക്കറിയും മറ്റ് ഉത്പ്പന്നങ്ങളും വിറ്റഴിക്കാന്‍ കഴിയുന്ന ഒരു മാര്‍ഗ്ഗമാണിത്. കൃഷി തുടങ്ങുന്നതിനു മുമ്പ്തന്നെ സൂപ്പര്‍ മാര്‍ക്കറ്റുകളുമായി ബന്ധപ്പെട്ടാല്‍ ഉത്പന്നം വിളവെടുക്കുമ്പോള്‍ തന്നെ വിപണി ഉറപ്പാക്കാന്‍ കഴിയും.

' ഡോര്‍ ടു ഡോര്‍ ' വിപണനം നല്ലൊരു സാധ്യതയാണ്. നേരിട്ട് വിപണിയില്‍ എത്തിച്ചാല്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വില ഈ രീതിയില്‍ നേടുവാന്‍ സാധിക്കും. രണ്ടോ മൂന്നോ പേരെ ദിവസക്കൂലിക്കായി നിയമിച്ച് ഉത്പന്നങ്ങള്‍ വീടുകളില്‍ എത്തിച്ചാല്‍ വില്‍പ്പന എളുപ്പമാകും.

കൂട്ടമായി വിപണി കണ്ടെത്തുന്നതും നല്ല ആശയമാണ്. ചെറിയ അളവ് ജൈവ കാര്‍ഷികോത്പ്പന്നങ്ങള്‍ക്കും ഇങ്ങനെ വില്‍പ്പന, വാങ്ങല്‍ സൌകര്യമുണ്ടാക്കാം. കര്‍ഷകരുടെ ലേലച്ചന്തകളില്‍ മികച്ച വിഷരഹിത പ്രാദേശിക കാര്‍ഷികോത്പ്പന്നങ്ങള്‍ ലഭ്യമായാല്‍ വാങ്ങിക്കാനും ആളുണ്ടാകുമെന്നതിനു നിരവധി ഉദാഹരണങ്ങളുണ്ട്. ലേലച്ചന്തയ്‌ക്കൊപ്പം പ്രാദേശിക കാര്‍ഷികോത്പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പനകേന്ദ്രം തുടങ്ങുന്നതും വിപണി ഉറപ്പിക്കും.

കൃഷിഭൂമിയില്‍ നിന്നും നേരിട്ട് പച്ചക്കറി പറിച്ചെടുക്കാനുള്ള സൗകര്യമൊരുക്കുന്നത് മറ്റൊരു വിപണിസാധ്യത തുറക്കുന്നു. ഇങ്ങനെ തോട്ടത്തില്‍നിന്ന് നേരിട്ട് പറിച്ചെടുക്കുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ സന്തോഷം നല്‍കുന്ന ഒന്നാണ്. ജൈവരീതിയില്‍ ഉത്പ്പന്നങ്ങള്‍ വിളയിക്കുമ്പോള്‍ വിലകിട്ടുന്നില്ലെന്ന പ്രശ്‌നത്തിനും കര്‍ഷകരുടെ വിപണി ഒരു പരിഹാരമാണ്. പൊതുവിപണിയിലുള്ളതില്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കാമെന്നതും ഈ രീതിയുടെ പ്രത്യേകതയാണ്.

പ്രാദേശികമായ ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ആവശ്യമായ വിളകള്‍ കൃഷി ചെയ്യുന്നത് കൃഷി ലാഭകരമാക്കാന്‍ സഹായിക്കും. കദളിവാഴ, കണിവെള്ളരി എന്നിവ ഉദാഹരണം. സഹകരണ പ്രസ്ഥാനങ്ങള്‍ വഴി സംരംഭങ്ങള്‍ തുടങ്ങി അവയ്ക്കാവശ്യമുള്ളവ കൃഷി ചെയ്യിക്കുന്ന രീതിയും വിപണി ഉറപ്പിച്ച് കൃഷി വിജയിപ്പിക്കുന്നതിനുള്ള വഴി തുറക്കുന്നു. ഇത്തരം സഹകരണ ബാങ്കുകള്‍ പാലക്കാടും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ കാര്‍ഷിക കാര്‍ഷിക സംരംഭങ്ങള്‍ നടത്തുന്ന ബാങ്കുകളുമായി ബന്ധപ്പെട്ടശേഷം കൃഷി തുടങ്ങിയാല്‍ അത് വിപണി ഉറപ്പിച്ചുകൊണ്ടുള്ള കൃഷിയായി മാറും. സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികളും കര്‍ഷകര്‍ക്ക് വിപണി കണ്ടെത്താവുന്ന മേഖലകളാണ്.

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങള്‍ക്ക് അതാത് കാര്‍ഷികവിളകള്‍ അത്യാവശ്യമാണ്. ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇവര്‍ നിര്‍ദേശിക്കുന്ന വിളകള്‍ നിര്‍ദേശിക്കുന്ന രീതിയില്‍ കൃഷിചെയ്താല്‍ ലാഭം ഉറപ്പാക്കാം.

കൃഷിയില്‍ താല്‍പ്പര്യമുള്ളവര്‍ ചേര്‍ന്ന് ഫാര്‍മേഴ്‌സ് ക്ലബ് രൂപീകരിക്കുന്നതും വിപണി സാധ്യത ഉറപ്പാക്കും. തൊടുപുഴയിലെ കര്‍ഷകര്‍ ചേര്‍ന്നാണ് ഈ ആശയം പരീക്ഷിച്ചത്. തങ്ങളുടെ വീടുകളില്‍ തന്നെയാണ് ഈ പച്ചക്കറികള്‍ ഇവര്‍ വിറ്റഴിച്ചത്.

ഓണ്‍ലൈന്‍ മറ്റൊരു സാധ്യതയാണ്. പച്ചക്കറി വില്‍ക്കുന്ന നിരവധി വെബ്‌സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അറിയുന്ന കര്‍ഷകര്‍ക്ക് ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്താവുന്നതാണ്.

സ്വന്തം ഉത്പന്നം ചുളുവിലയ്ക്ക് വിറ്റഴിക്കുന്നതിലും നല്ലത് അത് മൂല്യവര്‍ധിത ഉത്പന്നമാക്കി അധികവിലയ്ക്ക് നല്‍കുന്നതാണ്. ഇത് വില്‍ക്കാന്‍ സ്വന്തമായി വിപണി തുടങ്ങിയാലും നഷ്ടമുണ്ടാവില്ല. ഒറ്റയ്‌ക്കോ കൂട്ടമായോ ഇത്തരം സംരംഭങ്ങള്‍ തുടങ്ങുന്നതും വിപണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.