- Trending Now:
ഗുണനിലവാരമുള്ള മരുന്നുകള്‍ ഏറ്റവും കുറഞ്ഞവിലയ്ക്ക് ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി പ്രത്യേക താല്പര്യമെടുത്ത് തുടങ്ങിയതാണ് ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍. 2021 ഓഗസ്റ്റ് 6ലെ കണക്ക് പ്രകാരം രാജ്യത്തുടനീളം 8,012 സ്റ്റോറുകളുണ്ട് ജന്‍ ഔഷധിക്ക്. കേരളത്തില്‍ 977 മരുന്നുഷോപ്പുകളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 143 കടകളുള്ള തൃശ്ശൂര്‍ ജില്ലയാണ് ഇതില്‍ മുന്നില്‍. എറണാകുളത്തും മലപ്പുറത്തും നൂറിലധികം കടകളുണ്ട്. 1616 ഇനം ജനറിക് മരുന്നുകളും 250 സര്‍ജിക്കല്‍ ഉപകരണങ്ങളും ഇവയിലൂടെ ലഭിക്കുകയും ചെയ്യും.
സര്‍ക്കാര്‍ ഏജന്‍സികളും സ്വകാര്യ സംരംഭകരും ചേര്‍ന്നാണ് സ്‌കീം നടത്തുന്നത്. ഇതിന്റെ വിശദവിവരങ്ങള്‍ ചുവടെ.
1. ജന്‍ ഔഷധി കേന്ദ്ര ഉടമകള്‍ക്ക് നല്‍കുന്ന ഇന്‍സെന്റീവ് നിലവില്‍ 2.50 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷവുമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ പ്രതിമാസ പര്‍ച്ചേസുകളുടെ 15% വരെ (പരമാവധി 15,000/-) ഇന്‍സെന്റീവ് ലഭിക്കും.
2. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഹിമാലയന്‍ പ്രദേശങ്ങളിലും, ദ്വീപ് പ്രദേശങ്ങളിലും പിന്നാക്ക പ്രദേശങ്ങളിലും ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കുന്നതിനും, വനിതാ സംരംഭകര്‍, അംഗപരിമിതര്‍, എസ്സി, എസ്ടി വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കാന്‍ ഫര്‍ണിച്ചറുകള്‍, കമ്പ്യൂട്ടര്‍, പ്രിന്റര്‍ എന്നിവ വാങ്ങുവാന്‍ 2 ലക്ഷം രൂപ നല്‍കും. .
3. ജന്‍ ഔഷധി മരുന്നുകളുടെ വില പൊതുവിപണിയിലെ ബ്രാന്‍ഡഡ് മരുന്നുകളുടെ വിലയേക്കാള്‍ 50 ശതമാനം മുതല്‍ 90 ശതമാനം വരെ കുറവാണ്.
4. ലോകാരോഗ്യ സംഘടന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി നല്ല നിര്‍മ്മാണ രീതികള്‍ (WHO-GMP) സാക്ഷ്യപ്പെടുത്തിയ വിതരണക്കാരില്‍ നിന്ന് മാത്രമാണ് ജന്‍ ഔഷധി സ്റ്റോറുകളിലേക്ക് മരുന്നുകള്‍ വാങ്ങുന്നത്.
5. മികച്ച ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 'നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ്' (NABL)ന്റെ അംഗീകൃത ലബോറട്ടറികളില്‍ ഓരോ ബാച്ച് മരുന്നും പരീക്ഷിക്കുന്നു.
സര്‍ക്കാര്‍ നല്‍കുന്നത് കൊണ്ട് ഈ മരുന്നുകള്‍ക്ക് ഗുണനിലവാരം ഉണ്ടോ? ഇത് എവിടെയാണ് നിര്‍മിക്കുന്നത് എന്നൊക്കെ?
ജന്‍ ഔഷധിക്ക് മരുന്ന് നിര്‍മ്മാണ കമ്പനി ഇല്ല. അതായത് സര്‍ക്കാര്‍ ഈ മരുന്നുകള്‍ നിര്‍മിക്കുന്നില്ല. ജന്‍ ഔഷധി എല്ലാ കമ്പനികളില്‍ നിന്നും മരുന്ന് മേടിച്ചിട്ട് വിപണിയില്‍ എത്തിക്കുകയാണ്. കമ്പനികളില്‍ നിന്ന് മരുന്നുകള്‍ മേടിക്കുന്നത് ടെണ്ടര്‍ ക്ഷണിച്ചിട്ടാണ്. ഈ ടെണ്ടര്‍ അയയ്ക്കാന്‍ കമ്പനികള്‍ ചില ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ പാലിക്കണം. അങ്ങനെയുള്ള കമ്പനികളില്‍ നിന്ന് മരുന്ന് വാങ്ങി കുറഞ്ഞ വിലയ്ക്ക് ജന്‍ ഔഷധി വില്‍ക്കുമ്പോള്‍ അതേ മരുന്ന് കൂടിയ വിലയ്ക്കാണ് കമ്പനികള്‍ വില്‍ക്കുന്നത്. ഈ കമ്പനികളില്‍ നിന്ന് വാങ്ങുന്ന മരുന്ന് ഡബിള്‍ ക്വാളിറ്റി പരിശോധന നടത്തിയാണ് ജന്‍ ഔഷധി വാങ്ങുന്നത്. ഇങ്ങനെ പരിശോധനയില്‍ ഗുണനിലവാരത്തിന് എന്തെങ്കിലും കുഴപ്പം തോന്നിയാല്‍ സര്‍ക്കാര്‍ ആ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. ഡബിള്‍ ക്വാളിറ്റി പരിശോധന ഉള്ളത്കൊണ്ട് തന്നെ പല ബ്രാന്‍ഡഡ് മരുന്നുകളെക്കാള്‍ ഗുണനിലവാരം ജന്‍ ഔഷധിയിലെ മരുന്നുകള്‍ക്കുണ്ട്.
ജന്‍ ഔഷധി സുവിധ സാനിറ്ററി നാപ്കിന്‍
ഇന്ത്യന്‍ സ്ത്രീകളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പെന്ന നിലയില്‍, ജന്‍ ഔഷധി സുവിധ ഓക്സോ-ബയോഡീഗ്രേഡബിള്‍ സാനിറ്ററി നാപ്കിനുകള്‍ 2019 ഓഗസ്റ്റ് 27-ന് പുറത്തിറക്കി. ഒരു പാഡിന് 1 രൂപ മാത്രം. രാജ്യത്തുടനീളമുള്ള 8000-ലധികം PMBJP കേന്ദ്രങ്ങളില്‍ ജന്‍ ഔഷധി സുവിധ നാപ്കിനുകള്‍ വില്‍പ്പനയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്.
ജന്‍ ഔഷധി സുഖം മൊബൈല്‍ ആപ്ലിക്കേഷന്‍
'ജന്‍ ഔഷധി സുഖം' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ 2019 ഓഗസ്റ്റ് ഒന്നിന് സമാരംഭിച്ചു. ഗൂഗിള്‍ മാപ്പിലൂടെ സമീപത്തുള്ള ജന്‍ ഔഷധി കേന്ദ്രം കണ്ടെത്തുക, ജന്‍ ഔഷധി ജനറിക് മരുന്നുകള്‍ തിരയുക, ജനറിക് v/s ബ്രാന്‍ഡഡ് മരുന്നുകളുടെ വില താരതമ്യം ചെയ്യുക എന്നിങ്ങനെ വിവിധ ഉപയോക്തൃ-സൗഹൃദ സവിശേഷതകള്‍ ആപ്പിന് ഉണ്ട്.
ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍
സാധാരണ ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള മരുന്നുകള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കിയെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണം. സുസ്ഥിരവും സ്ഥിര വരുമാനത്തിനൊപ്പം സ്വയം തൊഴിലിനുള്ള നല്ലൊരു സ്രോതസ്സും ഈ പദ്ധതി പ്രദാനം ചെയ്യുന്നു. പ്രതിമാസം ഒരു സ്റ്റോറിലെ ശരാശരി വില്‍പ്പന 1.5 ലക്ഷം രൂപയായി (OTC യും മറ്റ് ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടെ) വര്‍ദ്ധിച്ചു. ഇന്ത്യയില്‍ ജനറിക് മരുന്നുകളുടെ ഉപയോഗം ജനകീയമാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനാല്‍ ഇനിയും വില്‍പ്പന വര്‍ധിക്കും.2020-21 സാമ്പത്തിക വര്‍ഷത്തില്‍, PMBJP വഴി മരുന്ന് മേടിക്കുക വഴി ഏകദേശം മൊത്തത്തില്‍ 4000 കോടി രൂപ പൗരന്മാര്‍ക്ക് ഇളവ് ലഭിച്ചു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.