Sections

സംസ്ഥാനത്ത് 2200 വീടുകള്‍ സൗജന്യമായി നിര്‍മിച്ചു നല്‍കി

Tuesday, Nov 29, 2022
Reported By admin
house

സഹകരണ ബാങ്കുകള്‍ വഴി വിവിധങ്ങളായ പദ്ധതികളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്

 

കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഇതുവരെ സഹകരണ മേഖലയുടെ നേതൃത്വത്തില്‍ 2200 വീടുകള്‍ സൗജന്യമായി നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ചങ്ങരോത്ത് സര്‍വീസ് സഹകരണ ബാങ്കിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സഹകരണ ബാങ്കുകള്‍ വഴി വിവിധങ്ങളായ പദ്ധതികളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. സഹകരണ ബാങ്കില്‍ അംഗത്വമുളള സഹകാരിക്ക് ഗുരുതര രോഗം ബാധിച്ചാല്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ അപേക്ഷ സമര്‍പ്പിച്ചാല്‍ 50,000 രൂപയും വായ്പയെടുത്ത ആളാണെങ്കില്‍ 1.25 ലക്ഷം രൂപയും ചികിത്സാ സഹായമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സാധാരണക്കാരന് ആശ്വാസത്തിന്റെ കൈത്താങ്ങാവുകയാണ് സഹകരണ മേഖല. വരുന്ന നിയമസഭാ സമ്മേളനത്തില്‍ സഹകരണ മേഖലയുടെ സമഗ്ര പുരോഗതി ഉറപ്പാക്കുന്ന സഹകരണ ബില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ വരുത്തി എല്ലാവര്‍ക്കും വിവരങ്ങള്‍ ലഭ്യമാക്കത്തക്ക രീതിയിലേക്ക് സഹകരണ ബാങ്കുകളെ മാറ്റിയതായും മന്ത്രി പറഞ്ഞു

സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കുന്ന 'അംഗ സമാശ്വാസ നിധി'യുടെ വിതരണോദ്ഘാടനം, ചങ്ങരോത്ത് സര്‍വീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന, ഗുരുതര രോഗം ബാധിച്ച അംഗങ്ങളുടെ ചികിത്സ സഹായ പദ്ധതി, സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന അംഗങ്ങളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.