Sections

വീട്ടുവളപ്പില്‍ കൃഷി ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?

Sunday, Apr 03, 2022
Reported By admin
farming

വീടിനോട് ചേര്‍ന്ന് തണല്‍ ആവശ്യമുള്ള സ്ഥലത്ത് ഒരു കോവലിന്റെ പന്തല്‍ തയ്യാറാക്കാം. ഇത് ദീര്‍ഘകാല വിളയായതിനാല്‍ അന്യസംസ്ഥാന പച്ചക്കറികളെ ആശ്രയിക്കാതെ അടുക്കള വിഭവസമൃദ്ധമാക്കുവാന്‍ സാധിക്കും

 

ഇന്ന് മിക്ക വീടുകളിലും വീട്ടുവളപ്പിലും മറ്റുമായി കുറച്ച് സ്ഥലമുണ്ടെങ്കിലും അവിടെ കൃഷി ചെയ്യാന്‍ എല്ലാവര്‍ക്കും താല്‍പര്യമാണ്.വീട്ടാവശ്യങ്ങള്‍ക്കുള്ള പച്ചക്കറിയും പഴങ്ങളും നല്ല രീതിയില്‍ കൃഷിചെയ്ത് വിളവെടുക്കാന്‍ പലരും ശ്രദ്ധിക്കാറുമുണ്ട്.വീട്ടുവളപ്പില്‍ കൃഷി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇന്ന് ഈ ലേഖനത്തിലൂടെ പറയുന്നത്.

കൃഷിയിടം സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന സ്ഥലമായിരിക്കണം.  പല വീട്ടുവളപ്പിലും ഇത് മരത്തണലുകളും പിന്നെ ശരിയായ രീതിയില്‍ ആസൂത്രണം ചെയ്യാത്തതുകൊണ്ട് ഉണ്ടായ അവസ്ഥയുമാണ്.  ഏറ്റവും ചുരുങ്ങിയത് അരനേരമെങ്കിലും വെയില്‍ ലഭിക്കുന്ന സ്ഥലങ്ങളാണ് പഴം, പച്ചക്കറികള്‍, എന്നിവയ്ക്ക് ഉത്തമം. ഇഞ്ചി, മഞ്ഞള്‍ പോലുള്ളവയും ചേമ്പ്, കാച്ചില്‍ പോലുള്ള കിഴങ്ങുവര്‍ഗ്ഗങ്ങളും തണലിലും നിലനില്‍ക്കും.  സൂര്യപ്രകാശം പോലെ തന്നെ ആവശ്യത്തിനുള്ള വെള്ളവും വളവും കൂടി ലഭ്യമാക്കണം.


പിന്നീട് ഏതൊക്കെ വിളകള്‍ കൃഷി ചെയ്യണം എന്ന് തീരുമാനിക്കുന്നതാണ്.  നിത്യേന നമുക്ക് ആവശ്യമുള്ള പഴങ്ങളും, പച്ചക്കറികളും നിര്‍ബന്ധമായും വീട്ടുവളപ്പില്‍ കൃഷിചെയ്യണം. നിത്യേന വേണ്ട രണ്ട് പ്രധാന ഭക്ഷ്യ ഉല്പന്നങ്ങളാണ് പച്ചമുളകും കറിവേപ്പിലയും. ഇതുരണ്ടും അടുക്കളയില്‍ നിന്നും പോകുന്ന വെള്ളം കിട്ടുന്ന ഭാഗത്ത് നടാവുന്നതാണ്. മഴക്കാലത്ത് നടണമെങ്കില്‍ പച്ചമുളക്, വഴുതന തൈകള്‍ ഏപ്രില്‍-മെയ് മാസത്തില്‍ പാകി തൈ തയ്യാറാക്കാം. പച്ചമുളകിലും വഴുതനയിലും വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇത് നമ്മുടെ താല്‍പ്പര്യം അനുസരിച്ച് നട്ടുകൊടുക്കാം.

ഇരുമ്പന്‍ പുളി മരം, ഒരു പ്ലാവ്, മാവ് എന്നിവ പറമ്പില്‍ സൂര്യപ്രകാശത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് വിഭാവനം ചെയ്യാം. പപ്പായ മരങ്ങള്‍ പല ഘട്ടങ്ങളിലുള്ളവ വെള്ളം ലഭ്യമായ സ്ഥലങ്ങളില്‍ 5-10 എണ്ണം ഉണ്ടാകുന്നത് നല്ലതാണ്. കൂടുതല്‍ ഫലഭൂയിഷ്ടമായ സ്ഥലങ്ങളില്‍ മഴ പെയ്യുന്നതോടെ, പയര്‍, വെണ്ട എന്നിവയും കൃഷി ചെയ്യാം. തുടര്‍ന്ന് പന്തല്‍ സൗകര്യം തയ്യാറാക്കിയാല്‍ പാവല്‍, പടവലം എന്നിവയും ചുരയ്ക്ക, പീച്ചിങ്ങ പോലുള്ളവയും കൃഷി ചെയ്യാം.

വീടിനോട് ചേര്‍ന്ന് തണല്‍ ആവശ്യമുള്ള സ്ഥലത്ത് ഒരു കോവലിന്റെ പന്തല്‍ തയ്യാറാക്കാം. ഇത് ദീര്‍ഘകാല വിളയായതിനാല്‍ അന്യസംസ്ഥാന പച്ചക്കറികളെ ആശ്രയിക്കാതെ അടുക്കള വിഭവസമൃദ്ധമാക്കുവാന്‍ സാധിക്കും. സെപ്തംബര്‍-ഒക്ടോബര്‍ മാസത്തില്‍ ശീതകാല വിളകളായ കാബേജ്, കോളിഫ്‌ളവര്‍, ബീറ്റ്‌റൂട്ട്, ക്യാരറ്റ്, മല്ലിയില, പുതിന ഇല എന്നിവ ഗ്രോബാഗുകളില്‍ കൃഷി ചെയ്യാം. അതിര്‍ത്തികളില്‍ ഇലക്കറി വര്‍ഗ്ഗങ്ങളായ വിവിധ ഇനം ചീരകള്‍ കൃഷി ചെയ്യാവുന്നതാണ്. ചുവന്ന ചീര മാത്രം മഴക്കാലത്ത് ഒഴിവാക്കുന്നതാണ് അഭികാമ്യം.

പച്ചക്കറികളോടൊപ്പം തന്നെ പഴവര്‍ഗ്ഗങ്ങളും ആസൂത്രണം ചെയ്യാം, പ്രധാനമായും വാഴപ്പഴം.  ഓണം കണക്കാക്കി ഒക്ടോബര്‍ മാസത്തില്‍ വാഴക്കന്ന് നടാം. ഇത് നേന്ത്രനാണ് നടേണ്ടത്. രണ്ട് വാഴക്കന്നുകള്‍ നേന്ത്രന്‍ നട്ടുകഴിഞ്ഞാല്‍ പിറ്റേ മാസം 2 കന്ന് ഞാലിപ്പൂവന്‍ നടാം. തുടര്‍ന്നുള്ള മാസങ്ങളില്‍ 2 കന്ന് വീതം റോബസ്റ്റ, പാളയംകോടന്‍, പൂവന്‍, ചാരപ്പൂവന്‍, കദളി, ചെങ്കദളി, കാവേരി, സാന്‍സിബാര്‍, പോപ്പ്‌ലു തുടങ്ങി സ്വാദിലും രൂപത്തിലും വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ നടാം. അങ്ങനെ നടുമ്പോല്‍ ആദ്യം നട്ട കന്ന് 10-ാം മാസം കുല സമ്മാനിക്കുമ്പോള്‍ തുടര്‍ന്നുള്ള എല്ലാ മാസങ്ങളിലും വീട്ടുവളപ്പില്‍ നിന്നും വൈവിധ്യമാര്‍ന്ന വാഴക്കുലകള്‍ ലഭ്യമാക്കാം.

കൃഷിസ്ഥലം ഇല്ലാത്തവര്‍ക്ക് നല്ല സുര്യപ്രകാശം കിട്ടുന്ന ടെറസ്/മുറ്റം ഉണ്ടെങ്കില്‍ സമൃദ്ധമായി പച്ചക്കറി വിളയിക്കാന്‍ ഈ സ്ഥലം തന്നെ മതിയാകും. (ആവശ്യമെങ്കില്‍ നല്ല വെയില്‍ ഉള്ള സമയം ഷൈഡ്‌നെറ്റ് ഉപയോഗിക്കുക) മേല്‍ മണ്ണ്, ഉണക്കിപൊടിച്ച, ചാണകം (ട്രൈക്കോഡര്‍മ്മ കള്‍ച്ചര്‍ ചെയ്തത് ഉത്തമം) മണല്‍/ ചകിരിചോര്‍ എന്നിവ തുല്യ അളവില്‍ എടുത്ത് നല്ലപോലെ കൂട്ടികലര്‍ത്തുക ഇതില്‍ ആവശ്യത്തിന് വേപ്പിന്‍പിണ്ണാക്ക് എല്ലുപൊടി എന്നിവ ചേര്‍ക്കാം. ഇവ ഗ്രോബാഗില്‍ നിറയ്കുക. ഇതിലാണ് തൈകള്‍ നടേണ്ടത്. ഗ്രോബാഗിലുള്ളസുഷിരങ്ങള്‍ അടഞ്ഞുപോകാതിരിക്കാന്‍ ചകിരികൊണ്ടുള്ള പ്ലഗ്ഗിങ്ങ് നടത്തേണ്ടതാണ്.

ടെറസ്സില്‍ കയറ്റിവയ്കുമ്പോള്‍, തറ കേടുവരാതിരിക്കാന്‍ കനം കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിനുമുകളില്‍ രണ്ട് ചെങ്കല്ല് അടുക്കിവച്ച് ഗ്രോബാഗ് വെക്കുന്നതാണ് നല്ലത്. ദിവസവും നനകൊടുക്കാന്‍ ശ്രദ്ധിക്കണം. ഓരോ വിളകഴിയുമ്പോഴും മണ്ണിളക്കി ജൈവ ജീവാണു വളങ്ങള്‍ ചേര്‍ത്ത് അടുത്ത വിള നടാം. ഒരേ വിള തന്നെ തുടര്‍ച്ചയായി ഒരു ഗ്രോബാഗില്‍ ചെയ്യാതിരികാന്‍ ശ്രദ്ധിക്കുക.

കൃഷികള്‍ക്ക് വളമായി ബയോഗ്യാസ് പ്ലാന്റുള്ളവര്‍ ബയോഗ്യാസ് സ്ലറി വെള്ളം ചേര്‍ത്ത് ഒഴിച്ചുകൊടുക്കാം. കൂടാതെ കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി ചേര്‍ത്ത് പുളിപ്പിച്ച് വെള്ളം ചേര്‍ത്ത് കടയില്‍ ഒഴിച്ചുകൊടുക്കാം. കാര്യമായ രാസവളപ്രയോഗമോ, മറ്റു രാസവസ്തുക്കളുടെ ഉപയോഗമോ ഇത്തരം കൃഷിക്ക് ആവശ്യമില്ല.

 

story highlights: Tips for Vegetable Farming at Home. Plant in a sunny location – Normally, vegetable plants need at least 6 hours of direct sunlight per day. There are a few vegetables (mostly the leafy ones) that will tolerate some shade. Soil Test – This is crucial as it will directly affect the growth of your vegetable crops


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.