- Trending Now:
വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ഹോട്ടലുകളും കേറ്ററിങ് സ്ഥാപനങ്ങളും. അരി ഉള്‍പ്പെടെയുള്ള പലചരക്ക് സാധനങ്ങള്‍, പാചകവാതകം, പച്ചക്കറികള്‍, ഇന്ധനം എന്നിവയുടെ വില വര്‍ധന തിരിച്ചടി ആവുകയാണ്. നഗരമേഖലകളിലെ ഹോട്ടലുകള്‍ ഭക്ഷണ വില വര്‍ധിപ്പിച്ചു. എന്നാല്‍ ചെറിയ ടൗണുകളിലും ഗ്രാമീണ മേഖലകളിലും കാര്യമായ വില വര്‍ധന ഇതുവരെ നടപ്പാക്കിയിട്ടില്ല.വിലക്കയറ്റം മൂലം ഹോട്ടലുകളിലെ വില്‍പന 40% വരെ കുറഞ്ഞു. അരി ഇനങ്ങള്‍ക്കെല്ലാം കിലോ 20-22 രൂപയാണ് വര്‍ധന. പലതരം ബിരിയാണി അരിക്ക് 20 രൂപയോളം കൂടി. പച്ചക്കറി വില വര്‍ധനയും ദോഷകരമായി ബാധിച്ചു. ഉരുളക്കിഴങ്ങ് ചാക്കിന് 1000-1100 രൂപയില്‍നിന്ന് 1800-1900 രൂപയിലേക്കും ഉള്ളി കിലോ 40 രൂപയില്‍ നിന്ന് 100 രൂപയിലേക്കും സവാള 19ല്‍നിന്ന് 40ലേക്കും കുതിച്ചു. വറ്റല്‍മുളക് വില 300ലെത്തി. അച്ചിങ്ങപ്പയര്‍ 20ല്‍നിന്ന് 55. പാം ഓയില്‍ 95 രൂപയില്‍ നിന്ന് 120. എന്നാല്‍ വെളിച്ചെണ്ണ വിലയില്‍ കാര്യമായ വര്‍ധന ഇല്ല.
ചെറിയ ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലും ഉച്ചയൂണിനു 60 രൂപ മുതല്‍ 80 രൂപ വരെയാണ് ഹോട്ടലുകള്‍ ഈടാക്കുന്നത്. ചായ-12, കാപ്പി-12, ഫില്‍റ്റല്‍ കാപ്പി-15, ചെറുകടികള്‍-12, പൊറോട്ട-12, ദോശ-12, അപ്പം-12 എന്നിങ്ങനെയാണ് വില. വിലക്കയറ്റം മൂലം ഭക്ഷണം തയാറാക്കാനുള്ള ചെലവില്‍ ശരാശരി 50% വര്‍ധനയുണ്ട്. 8 മാസം മുന്‍പാണ് ഉച്ചയൂണ് വില 70 രൂപയാക്കി വര്‍ധിപ്പിച്ചതെന്നു കുറവിലങ്ങാട്ടെ പ്രമുഖ ഹോട്ടല്‍ ഉടമ പറയുന്നു. ഇതിനു ശേഷം അരി ഉള്‍പ്പെടെ എല്ലാ സാധനങ്ങളുടെയും വില ക്രമാതീതമായി വര്‍ധിച്ചു.പണം കിട്ടാതെ ജനകീയ ഹോട്ടലുകള്‍ സബ്‌സിഡി വിതരണം മുടങ്ങിയതോടെ കുടുംബശ്രീ ഹോട്ടലുകളും പ്രതിസന്ധിയിലായി. ഒരു ഊണിന് പത്ത് രൂപയാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്. ഒരു ദിവസം 300 ഊണ് വരെ വില്‍ക്കുമ്പോള്‍ ഒരു മാസം തന്നെ കുടിശിക എഴുപതിനായിരത്തിനും മുകളിലാണ്. മാര്‍ച്ച് 12നാണ് അവസാനമായി കുടിശിക കിട്ടിയത്.പല ജനകീയ ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ചില ജനകീയ ഹോട്ടലുകള്‍ക്ക് തുക അനുവദിച്ചെന്നും കുടിശികയുള്ളവര്‍ക്ക് ഈ വര്‍ഷത്തെ രണ്ടാം ഗഡു ഉടന്‍ നല്‍കുമെന്നാണ് അധികൃതരുടെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.