- Trending Now:
കൊച്ചി: ഐഡിമിത്സു ഏഷ്യ ടാലന്റ് കപ്പിന്റെ 2024 സീസണിൽ ഹോണ്ട റേസിങ് ഇന്ത്യയുടെ രക്ഷിത് ശ്രീഹരി ദാവേ ഇന്ത്യയെ പ്രതിനിധീകരിക്കും. മലേഷ്യയിലെ സെപാങ് സർക്യൂട്ടിൽ നടന്ന സെലക്ഷൻ റേസിലാണ് ചെന്നൈയിൽ നിന്നുള്ള 15കാരൻ ഫൈനൽ മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. 89 പേരാണ് സെലക്ഷനിൽ പങ്കെടുത്തത്. ശ്രദ്ധേയമായ പ്രകടനവുമായി രക്ഷിത് ദാവേ ഏഷ്യ-ഓഷ്യാന രാജ്യങ്ങളിൽ നിന്നുള്ള മറ്റു പത്ത് റൈഡർമാർക്കൊപ്പം ഐഡിമിത്സു ഏഷ്യ ടാലന്റ് കപ്പ് 2024ൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഓസ്ട്രേലിയ, ചൈന, ചൈനീസ് തായ്പേയ്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, തായ്ലൻഡ്, വിയറ്റ്നാം എന്നീ പത്ത് രാജ്യങ്ങളിൽ നിന്നുള്ള 20 മുഴുവൻ സമയ റൈഡർമാരാണ് ഐഎടിസിയുടെ 2024 സീസണിൽ മത്സരിക്കുന്നത്.
രക്ഷിത് ദാവേ 2024 ഐഡിമിത്സു ഏഷ്യ ടാലന്റ് കപ്പിലെ മത്സരാർത്ഥികളിൽ ഒരാളാവുന്നത് ഹോണ്ട റേസിങ് ഇന്ത്യക്ക് മറ്റൊരു അഭിമാന നിമിഷമാണെന്ന് ഇതേകുറിച്ച് പ്രതികരിച്ച ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ സെയില്സ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു. 2019 മുതൽ, ഹോണ്ട റേസിങ് ഇന്ത്യയിൽ നിന്നുള്ള മൂന്ന് റൈഡർമാർ ഈ അംഗീകാരം നേടിയിട്ടുണ്ട്. രക്ഷിത് തന്റെ തീവ്രമായ കഴിവിലൂടെ ഇത് സാധ്യമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറുപ്പത്തിൽ തന്നെ ഹോണ്ട റേസിങ് അക്കാദമിക്ക് കീഴിൽ പരിശീലനം നേടിയ രക്ഷിത്, 2019ൽ സിബിആർ 150ആർ വിഭാഗത്തിലാണ് തന്റെ പ്രൊഫഷണൽ റേസിങ് കരിയര് ആരംഭിച്ചത്. 2020, 2021 വർഷങ്ങളിൽ യഥാക്രമം സെക്കൻഡ് റണ്ണർഅപ്പും ഫസ്റ്റ് റണ്ണർഅപ്പുമായി. ഈ സീസണിൽ എൻ എസ് എഫ് 250ആർ വിഭാഗത്തിലും ഫസ്റ്റ് റണ്ണർ അപ്പ് സ്ഥാനം നേടി. ഏഷ്യൻ ചാമ്പ്യൻഷിപ്പ് എന്റെ സ്വപ്നമായിരുന്നു, അത് യാഥാർഥ്യമായതിൽ ഏറെ സന്തോഷമുണ്ടെന്ന് രക്ഷിത് ദാവേ പറഞ്ഞു. ആഗോള പ്ലാറ്റ്ഫോമിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കാൻ അവസരം നല്കിയതിന് ഹോണ്ട റേസിങ് ഇന്ത്യയോട് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.