- Trending Now:
ന്യൂഡൽഹി: ഉത്തർപ്രദേശിലെ കർഷക ഉൽപ്പാദക സംഘടനകളെ (എഫ്പിഒ) ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രൊജക്ട് അന്നദാത - സശക്ത കിസാൻ, സമൃദ്ധി രാഷ്ട്ര പദ്ധതിയുമായി ഹോണ്ട ഇന്ത്യ ഫൗണ്ടേഷൻ (എച്ച്ഐഎഫ്). ഇതു സംബന്ധിച്ച് ഉത്തർപ്രദേശ് സർക്കാരുമായി പരസ്പര സഹകരണ ധാരണാപത്രത്തിൽ (മെമ്മോറണ്ടം ഓഫ് കോ ഓപ്പറേഷൻ) ഫൗണ്ടേഷൻ ഒപ്പു വച്ചു. കർഷകർക്ക് കൂടുതൽ വിഭവങ്ങൾ പ്രാപ്യമാക്കുക, വിപണി ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്നിവയിലൂടെ കാർഷികമേഖലയിലെ സുസ്ഥിര വളർച്ചയും ഉൽപ്പാദക സംഘടനകളുടെ സമഗ്രക്ഷേമവും ഈ പദ്ധതി ലക്ഷ്യമിടുന്നു.
ന്യൂഡൽഹിയിൽ പരസ്പര സഹകരണം സംബന്ധിച്ച ധാരണാപത്രം (മെമ്മോറണ്ടം ഓഫ് കോ ഓപ്പറേഷൻ) ഒപ്പിടുന്ന ചടങ്ങിൽ ഉത്തർപ്രദേശ് കൃഷി മന്ത്രി ശ്രീ സൂര്യ പ്രതാപ് ഷാഹി, ഹോണ്ട ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റികളായ വിനയ് ധിംഗ്ര, കറ്റ്സുയുകി ഒസാവ എന്നിവരടക്കമുള്ള പ്രമുഖർ പങ്കെടുത്തു. ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ), ഹോണ്ട ഇന്ത്യ പവർ പ്രൊഡക്ട്സ് (എച്ച്ഐപിപി), ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎൽ) എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.
2025 ലെ കേന്ദ്ര ബജറ്റിൽ പ്രതിഫലിച്ചതു പോലെ ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിലും കാർഷിക ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിലും ഇന്ത്യാ ഗവൺമെന്റിന്റെ കാഴ്ചപ്പാടുമായി യോജിച്ചു പ്രവർത്തിക്കുന്നതിൽ ഹോണ്ട ഇന്ത്യ ഫൗണ്ടേഷൻ പ്രതിജ്ഞാബദ്ധരാണെന്ന് ചടങ്ങിൽ സംസാരിച്ച ഹോണ്ട ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റി വിനയ് ധിംഗ്ര പറഞ്ഞു. പ്രധാനമന്ത്രി ധൻ-ധന്യ കൃഷി യോജന, പയറുവർഗ്ഗങ്ങളിലെ ആത്മനിർഭരതയ്ക്കുള്ള ദൗത്യം, കർഷകർക്ക് ന്യായമായ വില ഉറപ്പാക്കൽ തുടങ്ങിയ സംരംഭങ്ങൾ ഫൗണ്ടേഷന്റെ ലക്ഷ്യങ്ങളുമായി കൈ കോർക്കുന്നവയാണ്. പ്രോജക്ട് അന്നദാതയിലൂടെ കർഷക ഉൽപ്പാദക സംഘടനകളെ (എഫ്പിഒ) ശക്തിപ്പെടുത്താനുള്ള ഞങ്ങളുടെ തീരുമാനവും ഈ മുൻഗണനകളുടെ ഭാഗമാണ്. വിഭവ ലഭ്യത മെച്ചപ്പെടുത്തുന്നതിനും കർഷകർക്ക് വലിയ തോതിൽ പ്രയോജനകരമായ പ്രതിരോധശേഷിയുള്ള കാർഷിക ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും ഞങ്ങൾ പ്രവർത്തിക്കുന്നു. ഈ സഹകരണം താഴെത്തലത്തിൽ വരെ അർത്ഥവത്തായ സ്വാധീനത്തിന് ഞങ്ങളെ പ്രാപ്തരാക്കും. കൂടുതൽ ഊർജസ്വലവും സമൃദ്ധവുമായ കാർഷിക ആവാസവ്യവസ്ഥയുടെ വികസനത്തിന് ഫൗണ്ടേഷൻ തുടർന്നും പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ സംരംഭത്തിന് കീഴിൽ ഇതിനായി നിയോഗിച്ചിട്ടുള്ള നിർവഹണ പങ്കാളിയിലൂടെ ഹോണ്ട ഇന്ത്യ ഫൗണ്ടേഷൻ ചിട്ടയായ വിലയിരുത്തലുകൾ, ശേഷി വർദ്ധിപ്പിക്കൽ സംരംഭങ്ങൾ, ബിസിനസ് ആസൂത്രണം, പ്രവർത്തന മെച്ചപ്പെടുത്തലുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അഞ്ച് കർഷക ഉൽപ്പാദന സംഘടനകളുള്ള രണ്ട് ക്ലസ്റ്ററുകളിലായി ആകെ പത്ത് സംഘടനകളെ തിരഞ്ഞെടുത്ത് ശാക്തീകരിക്കും. സംഘടനകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും ആധുനിക കാർഷിക രീതികളിലേക്ക് അവരെ നയിക്കുന്നതിനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു. ദീർഘകാല സുസ്ഥിര സമ്പ്രദായങ്ങൾ വളർത്തുന്നതിലും ഭാവി തലമുറകൾക്കായി വിഭവങ്ങൾ സംരക്ഷിക്കുന്നതിലും പ്രതിജ്ഞാബദ്ധരായ കർഷകർ, യുവാക്കൾ, പരിസ്ഥിതി പ്രവർത്തകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നയരൂപീകരണ വിദഗ്ധർ, ലാഭേച്ഛയില്ലാത്ത സംഘടനകൾ, മറ്റ് പങ്കാളികൾ എന്നിവരുമായി സംവദിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. പദ്ധതി അതിന്റെ പ്രാരംഭ ഘട്ടത്തിൽ ഒരു ലക്ഷത്തിലധികം പേരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ദീർഘകാലാടിസ്ഥാനത്തിൽ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട പത്തു ലക്ഷം പേരെ സ്വാധീനിക്കാൻ ഈ പദ്ധതിക്ക് കഴിയും.
ജനതയുടെ ദൈനംദിന ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന സാർവത്രിക കാഴ്ചപ്പാടിലൂന്നി 'വ്യക്തികളോടുള്ള ബഹുമാനം', 'മൂന്ന് സന്തോഷങ്ങൾ' എന്നീ അടിസ്ഥാന തത്വങ്ങളിൽ അധിഷ്ഠിതമാണ് ഹോണ്ടയുടെ കോർപ്പറേറ്റ് തത്ത്വചിന്ത. സാമൂഹിക വികസനത്തിനും ഗ്രാമീണ ശാക്തീകരണത്തിനുമുള്ള ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്റെ വിശാല പ്രതിബദ്ധതയുടെ ഭാഗമാണ് കാർഷിക ഉൽപാദക സംഘടനകൾക്ക് വേണ്ടിയുള്ള ഈ സംരംഭം. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്ക് സംഭാവന നൽകുന്നതിൽ ഉത്തരവാദിത്തമുള്ള കോർപ്പറേറ്റ് സ്ഥാപനമെന്ന നിലയിൽ ഹോണ്ടയുടെ പങ്ക് ഇത് കൂടുതൽ ശക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.