- Trending Now:
കൊച്ചി: ദക്ഷിണേന്ത്യയിൽ രണ്ടു കോടി ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന നേട്ടവുമായി രാജ്യത്ത് ഈ രംഗത്തെ പ്രമുഖ നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ). രാജ്യത്തെ പ്രധാന വിപണികളിലെ സാന്നിധ്യത്തിൽ ഹോണ്ടയുടെ സുപ്രധാന നാഴികക്കല്ലാണിത്.
ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചത് മുതൽ ദക്ഷിണേന്ത്യയിലുടനീളം ശക്തമായ ഉപഭോക്തൃ അടിത്തറ എച്ച്എംഎസ്ഐ കൈവരിച്ചിട്ടുണ്ട്. 17 വർഷത്തിനിടെ ഒരു കോടി വിൽപ്പന എന്ന നാഴികക്കല്ല് കമ്പനി പിന്നിട്ടു. അടുത്ത ഒരു കോടി വിൽപ്പന നേട്ടം കൈവരിച്ചത് കേവലം ഏഴു വർഷത്തിനുള്ളിലാണ്.
രണ്ടു കോടി വാഹന വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടതിന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ഉപഭോക്താക്കൾക്കായി പരിമിത കാല ഓഫർ എച്ച്എംഎസ്ഐ പ്രഖ്യാപിച്ചു. 2025 ഫെബ്രുവരിയിൽ ആക്ടിവ, ആക്ടിവ 125 എന്നിവ വാങ്ങുന്നവർ പ്രൊസസിംഗ് ചാർജോ, ഡോക്യുമെന്റേഷൻ ചാർജോ നൽകേണ്ടതില്ല.
ഹോണ്ട മോട്ടോർ സൈക്കിൾ & സ്കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാഥൂർ പറഞ്ഞു, 'ദക്ഷിണേന്ത്യയിൽ 2 കോടി വിൽപ്പന നേട്ടം കൈവരിക്കാനായത് ഹോണ്ടയുടെ ഇരുചക്രവാഹനങ്ങളോടുള്ള ഉപഭോക്താക്കൾക്കുള്ള ആഴത്തിലുള്ള വിശ്വാസവും മുൻഗണനയും പ്രതിഫലിപ്പിക്കുന്നു. തമിഴ് നാട്, കർണാടക, തെലങ്കാന, കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ ഉപഭോക്താക്കളുമായി ഹോണ്ടയുടെ സുദൃഢമായ ബന്ധത്തിന്റെ പ്രതീകമാണിത്. ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് മികവുറ്റ സവാരി അനുഭവം ഉറപ്പാക്കുന്ന ഉയർന്ന നിലവാരമുള്ളതും വിശ്വസനീയവും നൂതനവുമായ ഉൽപ്പന്നങ്ങൾ നൽകുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.'
1773ലധികം ടച്ച് പോയിന്റുകളുടെ വിപുലമായ ശൃംഖലയുള്ള എച്ച്എംഎസ്ഐക്ക് ദക്ഷിണേന്ത്യയിൽ ശക്തമായ സാന്നിധ്യമുണ്ട്. സ്കൂട്ടർ വിഭാഗത്തിലെ ആക്ടിവ, ആക്ടിവ 125, മോട്ടോർസൈക്കിൾ വിഭാഗത്തിലെ ഷൈൻ 125, യൂണികോൺ, എസ്പി 125 എന്നിവ ഇരുചക്ര വാഹന വിപണിയിൽ കമ്പനിയുടെ നേട്ടത്തിന്റെ പതാകാവാഹകരാണ്.
ആക്ടിവ, ആക്ടിവ 125 എന്നിവയ്ക്ക് പുറമെ കമ്പനിയുടെ സ്കൂട്ടർ നിരയിൽ 110 സിസി, 125 സിസി പതിപ്പുകളിൽ ഡിയോ ഉൾപ്പെടുന്നു. മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഒമ്പത് ഉജ്വല മോഡലുകളാണുള്ളത്. 100 - 110 സിസി ശ്രേണിയിൽ ഷൈൻ 100, സിഡി 110 ഡ്രീം ഡീലക്സ് & ലിവോ, 125 സിസിയിൽ ഷൈൻ 125 & എസ്പി 125, 160 സിസിയിൽ യൂണികോൺ & എസ്.പി 160, 180-200 സിസിയിൽ ഹോർനെറ്റ് 2.0 & സിബി 200 എക്സ് എന്നിവ അടങ്ങുന്നതാണ് ഈ ശ്രേണി. ആക്ടിവ ഇ:, ക്യുസി1 എന്നിവയുമായി ഇലക്ട്രിക് സ്കൂട്ടറുകളുടെ വിഭാഗത്തിലേക്കും എച്ച്എംഎസ്ഐ ഈയിടെ ചുവടു വച്ചു.
മുൻനിര മെട്രോകളിൽ എച്ച്എംഎസ്ഐയുടെ പ്രീമിയം മോട്ടോർസൈക്കിൾ റീട്ടെയിൽ ഫോർമാറ്റിന് നേതൃത്വം നൽകുന്നത് ബിഗ് വിംഗ് ടോപ് ലൈൻ (200 - 1800 സിസി) ആണ്. മിഡ് സൈസ് (200 സിസി - 500 സിസി) വിഭാഗത്തിൽ ബിഗ് വിംഗും നേതൃത്വം അലങ്കരിക്കുന്നു. പുതിയ സിബി 350, ഹൈനെസ് സിബി 350, സിബി 350ആർഎസ്, സിബി 300എഫ്, സിബി 300ആർ, എൻഎക്സ് 500, എക്സ്എൽ 750 ട്രാൻസാൽപ്പ്, ഗോൾഡ് വിംഗ് ടൂർ എന്നിവയും അടങ്ങുന്നതാണ് ഹോണ്ടയുടെ വൈവിധ്യമാർന്ന മോട്ടോർ സൈക്കിൾ ശ്രേണി. കൂടാതെ, ഹോർനെറ്റ് 2.0, സിബി 200 എക്സ് എന്നിവ ഇപ്പോൾ ബിഗ് വിംഗ് ഷോറൂമുകൾ വഴിയും വിൽക്കുന്നു.
നവീകരണത്തോടും ഉപഭോക്തൃ സംതൃപ്തിയോടുമുള്ള പ്രതിബദ്ധതയോടെ, എച്ച്എംഎസ്ഐ അതിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനും ദക്ഷിണേന്ത്യയിൽ പുതിയ നേട്ടങ്ങൾ കുറിക്കാനും ലക്ഷ്യമിടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.