- Trending Now:
കേരളത്തിന്റെ സ്വന്തം കുപ്പിവെള്ളമായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഹില്ലി അക്വയ്ക്ക് ഉത്പാദനത്തിലും വിതരണത്തിലും ഇരട്ടി നേട്ടം. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 2138 ലക്ഷം രൂപയുടെ വിറ്റുവരവാണ് തൊടുപുഴ പ്ലാന്റിലൂടെ നേടിയത്. തിരുവനന്തപുരം അരുവിക്കരയില്‍ 2021ല്‍ ആരംഭിച്ച പ്ലാന്റില്‍ 2021 ജനുവരി മുതല്‍ 2022 ജൂണ്‍ വരെയുള്ള ഉത്പാദനം 38100 ജാറുകളാണ്. 18.30 ലക്ഷം രൂപയാണ് ഈ കാലയളവിലെ വിറ്റുവരവ്.
ന്യായമായ വിലയില്‍ കുടിവെള്ളം ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഹില്ലി അക്വയുടെ നിര്‍മ്മാണത്തിന് തുടക്കമിട്ടത്. എട്ടിലധികം ശുദ്ധീകരണ പ്രക്രിയകള്‍ക്ക് ശേഷമാണ് വെള്ളം കുപ്പികളിലും ജാറുകളിലും നിറയ്ക്കുന്നത്. ഓരോ മണിക്കൂറിലും വെള്ളത്തിന്റെ ഗുണനിലവാരം പ്ലാന്റില്‍ സ്ഥാപിച്ചിട്ടുള്ള ലാബില്‍ പരിശോധിച്ച് ഉറപ്പാക്കുന്നുമുണ്ട്. ഭൂഗര്‍ഭ ജലം ശുദ്ധീകരിക്കുന്നതിന് പകരം തൊടുപുഴയില്‍, മലങ്കര ജലാശയത്തില്‍ നിന്നുള്ള ഉപരിതല ജലമാണ് ഉപയോഗിക്കുന്നത്. ഐഎസ്ഒയുടെ അംഗീകാരവും ഈ പ്ലാന്റിന് ലഭിച്ചിട്ടുണ്ട്.
സ്വകാര്യ കുപ്പിവെള്ള കമ്പനികള്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപ ഈടാക്കുമ്പോള്‍ ഹില്ലി അക്വ 15 രൂപയ്ക്കാണ് വിപണിയിലെത്തിക്കുന്നത്. കേരള ജലസേചന ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്ലാന്റുകളാണ് നിലവിലുള്ളത്. വിപണനശൃംഖല ശക്തിപ്പെടുത്താന്‍ വിതരണക്കാരാകാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുകയും കൂടുതല്‍ വിതരണക്കാരെ സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്തു. തിരക്കേറിയ സ്ഥലങ്ങളില്‍ കുറഞ്ഞനിരക്കില്‍ തണുത്തവെള്ളം ലഭ്യമാക്കാന്‍ 'കോഫ്ബ നെറ്റ്വര്‍ക്സ്' എന്ന സ്റ്റാര്‍ട്ടപ് സ്ഥാപനം ഹില്ലി അക്വയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ സ്ഥാപിച്ചിട്ടുള്ള കിയോസ്‌കുകളില്‍ നിന്ന് രണ്ടു രൂപയ്ക്ക് ഒരു ഗ്ലാസ് വെള്ളവും അഞ്ചു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളവും ശേഖരിക്കാനും സാധിക്കും. സെക്രട്ടേറിയറ്റിനുള്ളിലും സമീപത്തും പാളയത്തും ശാസ്തമംഗലത്തും കിയോസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. ജയില്‍വകുപ്പും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിന്റെ ഫ്രീഡം ഫുഡ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത് ഹില്ലി അക്വ ആണ്. കോടതി ഉത്തരവിലൂടെ സ്വകാര്യ കമ്പനികള്‍ കുപ്പിവെള്ള വില20 രൂപയാക്കിയപ്പോഴും ഹില്ലി അക്വയുടെ വില വര്‍ധിപ്പിച്ചിട്ടില്ല. കുപ്പിവെള്ള വിതരണം വിജയകരമായി മുന്നോട്ട് പോകുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്ലാന്റുകള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.