- Trending Now:
വിശ്വസിക്കാവുന്ന വിധത്തിലുള്ള ഗുണമേന്മ ഉറപ്പുനല്‍കും വിധമുള്ള പ്രാദേശിക ബ്രാന്റുകള്‍ക്ക് മികച്ച വിപണിയുണ്ട്
മിക്കവര്‍ക്കും കൊതിയോടെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവയാണ് ചോക്ലേറ്റുകള്‍. കുട്ടികള്‍ക്കാണ് ചോക്ലേറ്റ് കൂടുതല്‍ പ്രിയമെങ്കിലും പ്രായമായവരും അതിന്റെ ആരാധകര്‍ തന്നെയാണ്. വന്‍കിട കമ്പനികളാണ് ചോക്ലേറ്റ് വിപണിയുടെ നല്ലൊരു ശതമാനവും കയ്യടക്കിയിരിക്കുന്നത്. എന്നാല്‍ രാസ വസ്തുക്കളില്ലാത്ത ഹാന്റ് മെയ്ഡ് ചോക്ലേറ്റുകള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. വിശ്വസിക്കാവുന്ന വിധത്തിലുള്ള ഗുണമേന്മ ഉറപ്പുനല്‍കും വിധമുള്ള പ്രാദേശിക ബ്രാന്റുകള്‍ക്ക് മികച്ച വിപണിയുണ്ട്. ചോക്ലേറ്റ് നിര്‍മാണത്തില്‍ അഭിരുചി കൂടിയുണ്ടെങ്കില്‍ സംഭവം ഉഷാറാകും. മികച്ച ആദായം നല്‍കുന്ന ചോക്ലേറ്റ് ബിസിനസ് ആരംഭിക്കുന്നത് എങ്ങനെയെന്ന് അറിയാം.
വലിയ മുതല്‍മുടക്ക് വേണ്ട
ഹാന്റ്മെയ്ഡ് ചോക്ലേറ്റ് ബിസിനസില്‍ വലിയ മുതല്‍മുടക്കിന്റെ ആവശ്യമില്ല. വലിയ തോതിലുള്ള യൂണിറ്റ് ആരംഭിക്കണമെങ്കില്‍ നാല് ലക്ഷം രൂപ മുതല്‍ ആറ് ലക്ഷം രൂപാവരെ ചെലവ് വരും. എന്നാല്‍ ചെറുകിട യൂണിറ്റ് നിങ്ങളുടെ വീട്ടില്‍ വെച്ച് ആരംഭിക്കുകയാണെങ്കില്‍ കുറഞ്ഞ നിക്ഷേപം മതിയാകും. ഉല്‍പ്പാദനതോത് അനുസരിച്ചാണ് മുതല്‍മുടക്ക് ആവശ്യമായി വരുന്നത്. ചെറുകിട യൂണിറ്റില്‍ നിന്ന് പ്രതിമാസം 30,000 രൂപ മുതല്‍ ഒരു ലക്ഷം രൂപാവരെ ലാഭം പ്രതീക്ഷിക്കാം. വന്‍കിട യൂണിറ്റുകളില്‍ നിന്ന് ആദായവും വലിയ തോതില്‍ ലഭിക്കുന്ന ഒരു സംരംഭമാണിത്.
ആവശ്യമായ ചേരുവകള്‍
വിവിധ രുചികള്‍ നല്‍കുന്ന ചോക്ലേറ്റ് ഫ്ളേവറുകള്‍ വിപണിയില്‍ ലഭിക്കും. ഇഷ്ടമുള്ള ഫ്ളേവറുകള്‍ നമുക്ക് വാങ്ങാം. സുഗന്ധങ്ങള്‍ ഉപയോഗിക്കുന്നതും ചോക്ലേറ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കും. അതേസമയം വിപണികളില്‍നിന്നു ലഭിക്കുന്ന കെമിക്കലുകള്‍ പരമാവധി ഒഴിവാക്കി നാടന്‍ രുചിഭേദങ്ങളില്‍ ചോക്ലേറ്റുകള്‍ വിപണിയില്‍ എത്തിക്കുന്നതാകും അഭികാമ്യം.
ആവശ്യമായ ഉപകരണങ്ങള്‍
കൈക്കൊണ്ട് നിര്‍മിക്കുന്ന ചോക്ലേറ്റുകള്‍ക്ക് ചെറുകിട ഉപകരണങ്ങള്‍ ആവശ്യമാണ്. ചോക്ലേറ്റ് മോള്‍ഡ്, ഫോര്‍ജിങ് ടൂള്‍സ്, റഫ്രിജറേറ്ററുകള്‍, ഡിസ്പ്ലേ കെയ്സ്, ഹീറ്റിങ് ഷീറ്റ്, ബൗളുകള്‍ എന്നിവയാണ് ചോക്ലേറ്റ് നിര്‍മാണത്തിന് വേണ്ട വസ്തുക്കള്‍. ഇവ വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്.
മികച്ച പാക്കിങ് അനിവാര്യം
ഹാന്റ്മെയ്ഡ് ചോക്ലേറ്റുകള്‍ക്ക് മികച്ച പാക്കേജിങ് നിര്‍ബന്ധമാണ്. വിവിധ പാക്കിങ് ഫോയിലുകള്‍ വിപണിയില്‍ ലഭ്യമാണ്. വ്യത്യസ്ത ആകൃതിയിലുള്ള കൈകൊണ്ട് നിര്‍മ്മിച്ച ചോക്ലേറ്റുകള്‍ നിങ്ങള്‍ക്ക് വ്യത്യസ്ത റാപ്പറുകളില്‍ പൊതിയാം. ഇത് നിങ്ങളുടെ അവതരണത്തിന് വൈവിധ്യം നല്‍കും. നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നതും ഹാന്റ്മെയ്ഡ് ചോക്ലേറ്റ് ബിസിനസിന് നിര്‍ണായകമാണ്.
മാര്‍ക്കറ്റിങ്
ചോക്ലേറ്റ് ബിസിനസില്‍ മാര്‍ക്കറ്റിങ്ങിന് വലിയ പ്രാധാന്യമുണ്ട്. മിക്ക ആളുകളും ബിസിനസ് തന്ത്രത്തില്‍ മാര്‍ക്കറ്റിങ് ഉള്‍പ്പെടുത്തുന്നില്ല. നമ്മുടെ ഉല്‍പ്പന്നം എന്തുകൊണ്ട് ആളുകള്‍ വാങ്ങണമെന്ന് നിങ്ങള്‍ മാര്‍ക്കറ്റിങ്ങിലൂടെ പറയണം. ഓണ്‍ലൈന്‍ നല്ലൊരു പ്ലാറ്റ്ഫോം ആയി ഉപയോഗിക്കുകയും ചെയ്യാം. ജീവനക്കാരെ ഉപയോഗിച്ച് മാര്‍ക്കറ്റ് ചെയ്യുന്നതിനേക്കാള്‍ തുടക്കകാലത്ത് ഉല്‍പ്പന്നം മാര്‍ക്കറ്റ് ചെയ്യാന്‍ നല്ലത് നമ്മള്‍ തന്നെയാണ്.
ലൈസന്‍സ്
ഈ ബിസിനസിനും ലൈസന്‍സും അനുമതികളും നിര്‍ബന്ധമാണ്. ഒരു എഫ്എസ്എസ്എഐ ലൈസന്‍സ്, ട്രേഡ്, ജിഎസ്ടി ലൈസന്‍സ്, ഇറക്കുമതി- കയറ്റുമതി കോഡ്, വ്യാപാരമുദ്ര രജിസ്ട്രേഷന്‍ എന്നിവയും മറ്റും നേടേണ്ടതുണ്ട്. രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ ലൈസന്‍സുകളും സര്‍ട്ടിഫിക്കറ്റുകളും നേടിയിരിക്കണം.
ശ്രദ്ധിക്കണം ഇവയൊക്കെ
ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് മറ്റ് ബിസിനസുകളെ പോലെ ഈ മേഖലയെ കുറിച്ച് നല്ലൊരു ഗവേഷണം ആവശ്യമാണ്. വിപണിയിലെ മറ്റ് ബ്രാന്റുകളെ കുറിച്ച് നന്നായി മനസിലാക്കണം. ഈ ബ്രാന്റുകളുടെ ന്യൂനതകള്‍ തിരിച്ചറിഞ്ഞ് വേണം നിങ്ങളുടെ ബ്രാന്റ് പുറത്തിറക്കാന്‍.
ലൊക്കേഷന് പ്രാധാന്യം നല്‍കണം: പല ബിസിനസുകാരും ബിസിനസിനായി തെരഞ്ഞെടുക്കുന്ന സ്ഥലത്തിന് പ്രാധാന്യം നല്‍കാറില്ല. എന്നാല്‍ നിങ്ങള്‍ ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കുക. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആണ് പ്രധാന വിപണിയായി നിങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്കിലും ഒരു ചെറിയ ഷോപ്പ് ഉണ്ടായിരിക്കുന്നതാണ് ഉചിതം. ആള്‍ത്തിരക്കുള്ള ഇടങ്ങളായിരിക്കണം ഷോപ്പിനായി തെരഞ്ഞെടുക്കേണ്ടത്. അവിടെ വില വിവരം ഉപഭോക്താക്കള്‍ ശ്രദ്ധിക്കുംവിധം പ്രദര്‍ശിപ്പിക്കുക.
കുട്ടികളാണ് നിങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍. അവരെ ആകര്‍ഷിക്കണമെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും കളര്‍ ഉപയോഗിക്കേണ്ടി വരും. മനോഹരമായ നിറങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ചാല്‍ ചോക്ലേറ്റുകള്‍ വേഗത്തില്‍ വിറ്റുപോകും. കുട്ടികളെ ആകര്‍ഷിക്കുന്ന നിറങ്ങള്‍ ഏതൊക്കെ എന്ന കാര്യത്തില്‍ ചെറിയൊരു ഗവേഷണം ആവശ്യമാണ്.
ഓര്‍ഗാനിക് നിറങ്ങളാണ് തെരഞ്ഞെടുക്കാന്‍ നല്ലത്. ആരോഗ്യത്തിന് ഹാനികരമായ സിന്തറ്റിക് നിറങ്ങള്‍ ഒഴിവാക്കി ഓര്‍ഗാനിക് നിറങ്ങള്‍ സ്വീകരിച്ചാല്‍ വിപണിയില്‍ ആവശ്യക്കാരും വര്‍ധിക്കും. ഇത് നിങ്ങളുടെ ബ്രാന്റിനെ വേറിട്ടതാക്കാന്‍ സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.