Sections

സംസ്ഥാനത്തെ വനിതകൾക്ക് വരുമാനം ഉറപ്പാക്കുന്ന പുതിയ പദ്ധതിയിതാ

Tuesday, Apr 25, 2023
Reported By admin
women

മാനവിഭവ ശേഷി വർധിപ്പിക്കാനും അവരെ സംരംഭ മേഖലയിലേക്ക് കൈപിടിച്ചുയർത്താനും സാധിക്കണം


അടുത്ത മൂന്ന് വർഷം കൊണ്ട് ഒന്നര ലക്ഷം സംരംഭങ്ങളും മൂന്ന് ലക്ഷം വനിതകൾക്ക് വരുമാനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീയുമായി ചേർന്ന് ഷീ സ്റ്റാർട്ട്‌സ് പദ്ധതി നടപ്പാക്കുന്നത്. സംരംഭക വർഷത്തിന്റെ വിജയം നൽകിയ ആത്മവിശ്വാസം കൈമുതലാക്കി വൈവിധ്യമാർന്ന രൂപത്തിൽ ഈ പദ്ധതി നടപ്പാക്കും.

ആദ്യ ഘട്ടമായി കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ 40,000 സംരംഭങ്ങളെങ്കിലും രൂപീകരിക്കും. വ്യവസായ വകുപ്പും കുടുംബശ്രീയും ചേർന്നാണ് നിർവ്വഹണം. വ്യവസായ വകുപ്പ് നിയോഗിച്ച ഇന്റേണുകളാണ് ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് പരിശീലനം നൽകുക. ജെറിയാട്രിക് കെയർ, വെൽനസ് ട്രെയിനിംഗ്, സ്പാ & സലൂൺ, ഓൺലൈൻ ട്യൂട്ടറിംഗ് , ഡിസൈനർ ബിന്ദി - ജ്വല്ലറി മേക്കിംഗ്, പെറ്റ് ഗ്രൂമിംഗ്, ഹൈഡ്രോപോണിക്‌സ് തുടങ്ങി ആധുനിക തൊഴിലുകളുമായി ബന്ധപ്പെട്ട സംരംഭങ്ങളാണ് പ്രധാനമായും പരിഗണനയിലുള്ളത്.

സംരംഭ മേഖലയിൽ ഇടപെടാൻ കഴിയുന്ന ഏറ്റവും ശക്തമായ സംവിധാനമാണ് കുടുംബശ്രീ യെന്ന് നിയമ, വ്യവസായ, കയർ വികസന വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കുടുംബശ്രീ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി സൂക്ഷ്മസംരംഭ വികസനം ലക്ഷ്യമിട്ട് എറണാകുളം കളമശ്ശേരി സമ്ര ഇന്റർനാഷണൽ കൻവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ സംഘടിപ്പിച്ച മൈക്രോ എന്റർപ്രൈസ് കോൺക്ളേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.   സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പദ്ധതി പുതുതായി ആരംഭിക്കുന്ന പത്തു ബ്ളോക്കുകളുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.
ചെറുകിട സംരംഭങ്ങൾ വളരാൻ അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.  

വിദ്യാസമ്പന്നരും തൊഴിൽരഹിതരുമായ വീട്ടമ്മമാർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസൃതമായ തൊഴിൽ നൈപുണ്യ പരിശീലനം നൽകി മാനവിഭവ ശേഷി വർധിപ്പിക്കാനും അവരെ സംരംഭ മേഖലയിലേക്ക് കൈപിടിച്ചുയർത്താനും സാധിക്കണം. കുടുംബശ്രീ ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാക്കുന്ന അവസരത്തിൽ തുടക്കമിടുന്ന ഷീ സ്റ്റാർട്ട്സ് പദ്ധതിയിലൂടെ വലിയ മുന്നേറ്റത്തിനാണ് കുടുംബശ്രീ തുടക്കമിടുന്നത്. വിവിധ സർക്കാർ ഏജൻസികളുമായുള്ള ഏകോപനത്തിലൂടെ വിവിധങ്ങളായ തൊഴിൽ നൈപുണ്യപരിശീലനം നൽകാൻ സാധിക്കും. കുടുംബശ്രീ ഷീ സ്റ്റാർട്ട്സ് പദ്ധതി വ്യവസായ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.