- Trending Now:
ഈ മാസം ചില ധനകാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ധനകാര്യ വിഷയങ്ങള്‍ എങ്ങനെ സ്മാര്‍ട്ടായി കൈകാര്യം ചെയ്യാം എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍, അതിന് ആദ്യം വേണ്ടത് സുപ്രധാന ദിനങ്ങള്‍ അറിഞ്ഞിരിക്കുക എന്നുള്ളതാണ്. ആദായനികുതി അടയ്ക്കുന്ന കാര്യമായാലും ദേശീയ പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപിക്കുന്നവരാണെങ്കിലും അടുത്ത ഒരു മാസം വരാനിരിക്കുന്ന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. സെപ്റ്റംബറില്‍ വരാനിരിക്കുന്ന നിരവധി സുപ്രധാന മാറ്റങ്ങള്‍ ഇവയാണ്;
ഡെബിറ്റ് കാര്‍ഡ് ഫീസ്
സെപ്തംബര്‍ മുതല്‍, ഡെബിറ്റ് കാര്‍ഡുകളുടെ വാര്‍ഷിക ചാര്‍ജുകളും കാര്‍ഡ് നല്‍കുന്ന ഫീസും ബാങ്കുകള്‍ ഉയര്‍ത്തും. കാര്‍ഡിലും മറ്റ് ഇന്‍പുട്ടുകളിലും ഉപയോഗിക്കുന്ന അര്‍ദ്ധചാലക ചിപ്പുകളുടെ വില കുത്തനെ വര്‍ധിച്ചതാണ് ഇതിന് കാരണം. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് സെപ്തംബര്‍ 6 മുതല്‍ ഡെബിറ്റ് കാര്‍ഡുകളുടെ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. അതുപോലെ, യെസ് ബാങ്ക് അതിന്റെ റുപേ ഡെബിറ്റ് കാര്‍ഡിന്റെയും എലമെന്റ് ഡെബിറ്റ് കാര്‍ഡിന്റെയും വാര്‍ഷിക ഫീസ് യഥാക്രമം 149 രൂപയായും 299 രൂപയായും വര്‍ദ്ധിപ്പിച്ചു. നേരത്തെ, ഈ കാര്‍ഡുകള്‍ക്ക് യഥാക്രമം 99 രൂപയും 249 രൂപയുമാണ് യെസ് ബാങ്ക് ഈടാക്കിയിരുന്നത്.
കാര്‍ഡ് ടോക്കണൈസേഷന്‍
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡ് ടോക്കണൈസേഷന്‍ ചെയ്യാനുള്ള അവസാന അവസരം സെപ്തംബര് 30 ന് അവസാനിക്കും. ഓണ്‍ലൈന്‍ കാര്‍ഡ് പേയ്മെന്റിന്റെ അപകട സാധ്യതകള്‍ കുറയ്ക്കാന്‍ കാര്‍ഡ് ടോക്കണൈസേഷന്‍ ചെയ്യുന്നതിലൂടെ സാധിക്കുന്നു. ഉപയോക്തയാവിന്റെ വിവരങ്ങള്‍ മറച്ച് വെച്ചുകൊണ്ട് കാര്‍ഡ് പേയ്‌മെന്റ് നടത്താന്‍ സാധിക്കും. ഓരോ ഇടപാടിനും ഓരോ കാര്‍ഡുകള്‍ ലഭിക്കുന്നതിനാല്‍ കാര്‍ഡ് വിവരങ്ങള്‍ നഷ്ടപ്പെടില്ല. വെബ്സൈറ്റുകളില്‍ കാര്‍ഡ് വിശദാംശങ്ങള്‍ സംരക്ഷിക്കുന്നത് അപകടകരമാണ്. വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെടുകയും തട്ടിപ്പുകാര്‍ സേവ് ചെയ്ത കാര്‍ഡ് ഡാറ്റ ശേഖരിക്കുകയും ചെയ്യുന്ന സംഭവങ്ങളുണ്ട്. ഇത് ഒഴിവാക്കാന്‍ കാര്‍ഡ് ടോക്കണൈസേഷന്‍ ചെയ്യണം.
ആദായ നികുതി റിട്ടേണ്‍
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ക്ക് നികുതി റിട്ടേണ്‍ ഫോമില്‍ നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് പരിശോധിപ്പിച്ചുറപ്പിക്കാന്‍ ഇനി 30 ദിവസം കൂടി ഉണ്ട്. 1961 ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് റിട്ടേണുകള്‍ ഫയല്‍ ചെയ്തിരിക്കുന്നത് എന്ന് ഉറപ്പു വരുത്തണം. റിട്ടേണുകള്‍ പരിശോധിക്കുന്നതിനുള്ള സമയപരിധി 120 ദിവസത്തില്‍ നിന്ന് 30 ദിവസമായി ആദായ നികുതി വകുപ്പ് വെട്ടികുറച്ചിട്ടുണ്ട്.
അടല്‍ പെന്‍ഷന്‍ യോജന
അടല്‍ പെന്‍ഷന്‍ യോജനയില്‍ നിക്ഷേപിക്കാനുള്ള അവസാന അവസരം സെപ്റ്റംബര്‍ 30 ന് അവസാനിക്കും. 18 മുതല്‍ 40 വയസ്സിനിടയിലുള്ളവര്‍ക്ക് അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാം. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അഡ്മിനിസ്ട്രേഷന്‍ നിയന്ത്രിക്കുന്ന പെന്‍ഷന്‍ പദ്ധതി അസംഘടിത തൊഴിലാളികള്‍ക്ക് പ്രതിമാസം 1,000-5,000 രൂപ വരെ ഉറപ്പുള്ള പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്നു. 2015-ലാണ് ഇത് ആരംഭിച്ചത്.
ദേശീയ പെന്‍ഷന്‍ സ്‌കീം
സെപ്റ്റംബര്‍ 1 മുതല്‍ ദേശീയ പെന്‍ഷന്‍ സ്‌കീമിലേക്ക് നിക്ഷേപിക്കുമ്പോള്‍ ഡയറക്ട്-റെമിറ്റ് മോഡ് വഴിയുള്ള സംഭാവനകളുടെ ട്രയല്‍ കമ്മീഷനുകള്‍ നിലവിലുള്ള സംഭാവന തുകയുടെ 0.10 ശതമാനത്തില്‍ നിന്ന് 0.20 ശതമാനമായി ഉയര്‍ത്തും. എന്നാല്‍ ഇത് രാവിലെ 9.30-ന് നിക്ഷേപം ലഭിച്ചാല്‍ അതേ ദിവസത്തെ നെറ്റ് അസറ്റ് മൂല്യം വാഗ്ദാനം ചെയ്യുന്ന ഡയറക്ട്-റെമിറ്റ് മോഡില്‍ നിക്ഷേപിക്കുന്നതിന് മാത്രമേ ഫീസ് വര്‍ദ്ധനവ് ബാധകമാകൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.