- Trending Now:
ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമാണ് കരൾ. പിത്തനീര് ഉത്പാദിപ്പിക്കുക, അന്നജം, കൊഴുപ്പ്, ഗ്ലൂക്കോസ് എന്നിവയെ ഊർജമാക്കി മാറ്റുക, മദ്യവും മറ്റ് വിഷാംശങ്ങളും നീക്കം ചെയ്യുക മുതലായവയാണ് കരളിന്റെ പ്രവർത്തനങ്ങൾ. കരളിന് നീർവീക്കം ഉണ്ടാകുന്ന അവസ്ഥയാണ് ഹെപ്പറ്റൈറ്റിസ്. വൈറസ്, ബാക്ടീരിയ, ചില മരുന്നുകൾ, മദ്യം, ഇവയെല്ലാം ഇതിനു കാരണമാണ്. ഇവ കൂടാതെ ഓട്ടോ ഇമ്യൂൺ ഡിസീസ്, മെറ്റബോളിക് ഡിസീസസ്, ജന്മന പിത്തനാളി ചുരുങ്ങുക, ശരീരത്തിൽ ചെമ്പ് കൂടുതലുള്ള വിൽസൺ ഡിസീസ് മുതലായവ എല്ലാം ഹെപ്പറ്റൈറ്റിസ് രോഗത്തിന് കാരണമാണ്. കരളിന്റെ പ്രവർത്തന തകരാറുകൾമൂലം 'ബിലിറൂബിൻ' രക്തത്തിൽ കൂടുന്നതാണ് മഞ്ഞനിറത്തിനു കാരണം. കരളിന്റെ പ്രവർത്തനത്തിൽ തടസ്സം നേരിടുമ്പോൾ പിത്തരസം പുറത്തുപോവാതാവുന്നത് മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്നു. അഞ്ചുതരം വൈറസുകൾ വഴിയാണ് കരൾവീക്ക മഞ്ഞപ്പിത്തരോഗങ്ങളുണ്ടാകുന്നത്. ഹെപ്പറ്റൈറ്റിസ് എ വൈറസ് (HAV), ഹെപ്പറ്റൈറ്റിസ് ബി (HBV), ഹെപ്പറ്റൈറ്റിസ് സി (HCV), ഹെപ്പറ്റൈറ്റിസ് ഡി (HDV) ഹെപ്പറ്റൈറ്റിസ് ഇ (HEV) എന്നാണ് ഈ മഞ്ഞപ്പിത്തരോഗങ്ങൾ അറിയപ്പെടുന്നത. ഹെപ്പറ്റൈറ്റിസ് എ യും ഇ യും വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ആണു പകരുക. നീണ്ടുനിൽക്കാത്ത ഇവ തനിയെ മാറും. ഹെപ്പറ്റൈറ്റിസ് ഇ ഗർഭിണികളിൽ ചിലപ്പോൾ പ്രശ്നങ്ങൾ സൃഷ്ടിക്കാമെങ്കിലും സാധാരണരീതിയിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കില്ല.
ഹെപ്പറ്റൈറ്റിസ് ബി യും സി യും ഡി യും ചിലപ്പോൾ അതീവ ഗുരുതരമായ കരൾരോഗങ്ങൾക്കും മരണത്തിനും വരെ ഇടയാക്കിയേക്കാം. രക്തത്തിലൂടെയും മറ്റു ശരീരസ്രവങ്ങളിലൂടെയും ആണ് ഈ മൂന്നു വൈറസുകളും ശരീരത്തിൽ പ്രവേശിക്കുക. ലൈംഗിക ബന്ധത്തിലൂടെ പകരാമെങ്കിലും ഹെപ്പറ്റൈറ്റിസ് ബിയേക്കാൾ സാധ്യത കുറവാണ് ഹെപ്പറ്റൈറ്റിസ് ഡി വൈറസ്. ഡെൽറ്റ വൈറസ് എന്നും അറിയപ്പെടുന്നു. അതിനാൽ ഈ മഞ്ഞപ്പിത്തത്തിന് ഡെൽറ്റ ഹെപ്പറ്റൈറ്റിസ് എന്നും പേരുണ്ട്. മറ്റ് മഞ്ഞപ്പിത്ത വൈറസുകളിൽ നിന്നും വ്യത്യസ്തമാണ് ഡി യുടെ ഘടന.
എല്ലാ വൈറസ് മഞ്ഞപ്പിത്തങ്ങളുടെയും രോഗലക്ഷണങ്ങൾ ഏതാണ്ട് ഒന്നു തന്നെയാണ്.
മിക്കവരിലും ഹെപ്പറ്റൈറ്റിസ് ഡി യാതൊരു ലക്ഷണവും പലപ്പോഴും കാണിക്കാറുമില്ല താനും.
ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) രോഗങ്ങൾക്ക് ഫലപ്രദമായ ആന്റി വൈറൽ ചികിത്സ ഇന്നു ലഭ്യമാണ്. ചികിത്സ കൃത്യസമയത്തു സ്വീകരിക്കുന്നതിലൂടെ രോഗം ഭേദമാക്കുന്നതിനും സിറോസിസ്, ലിവർ കാൻസർ തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾ ഉടലെടുക്കുന്നത് തടയുന്നതിനും കഴിയും. ഹെപ്പറ്റൈറ്റിസ് എ, ഇ (Hepatitis A, E) രോഗങ്ങൾക്ക് പ്രത്യേക ആന്റിവൈറൽ (antiviral) മരുന്നുകൾ ആവശ്യമില്ല. കൃത്യമായ രോഗീ പരിചരണത്തിലൂടെയും കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ചികിത്സയിലൂടെയും ഈ രോഗങ്ങളെ നമുക്കു കീഴ്പ്പെടുത്താനാവും.
ഹെപ്പറ്റൈറ്റിസ് എ (Hepatitis A), ഹെപ്പറ്റൈറ്റിസ് ബി (Hepatitis B) രോഗങ്ങൾക്ക് ഫലപ്രദമായ വാക്സിനുകൾ ഇന്നു ലഭ്യമാണ്. അവ സ്വീകരിച്ച് രോഗം പകരുന്നത് ഒഴിവാക്കാം.
വൈറൽ ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള ശരിയായ അവബോധം വ്യക്തികളിൽ സൃഷ്ടിക്കപ്പെടുന്നതോടെ ഈ രോഗത്തെ നമുക്ക് പൂർണ്ണമായും നിയന്ത്രിച്ചു നിർത്താൻ സാധിക്കും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.