Sections

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം

Tuesday, Apr 30, 2024
Reported By Admin
Heat Wave

  • സംസ്ഥാനത്തെ സാഹചര്യം മന്ത്രി വീണാ ജോർജ് വിലയിരുത്തി
  • ജില്ലകൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി

ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണം. നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാർഗം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവർ തണലിൽ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. സാധാരണമല്ലാത്ത ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ചികിത്സ തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. ജില്ലാ ഭരണകൂടവുമായി ചേർന്ന് ജില്ലകളുടെ സാഹചര്യം ഇടയ്ക്കിടയ്ക്ക് വിലയിരുത്താനും അതനുസരിച്ച് നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി.

തുടർച്ചയായി വെയിലേറ്റാൽ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. വളരെ ഉയർന്ന ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചർമ്മം, ശക്തമായ തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ തോന്നിയാൽ ശ്രദ്ധിക്കണം. വെയിലിൽ നിന്ന് തണലിലേക്ക് മാറി വിശ്രമിക്കുക. കട്ടികൂടിയ വസ്ത്രങ്ങൾ മാറ്റുക. ധാരാളം വെള്ളം കുടിക്കുക. തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക. കാറ്റ് കൊള്ളുക, വീശുക/ഫാനോ എ.സിയോ ഉപയോഗിക്കുക. ഡോക്ടറെ കാണിച്ചു ചികിത്സ തേടുക.

  • രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് കൂടുതൽ നേരം വെയിലേൽക്കരുത്.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.
  • ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. യാത്രാ വേളയിൽ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.
  • കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നൽകണം.
  • ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
  • വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്.
  • ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.
  • വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളിൽ സൂക്ഷിക്കുന്ന പാനീയങ്ങൾ മാത്രം ഉപയോഗിക്കുക.
  • ജ്യൂസിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാവണം.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.