Sections

തിരുവോണ ദിവസം അവധിയില്ലാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയറിയിച്ച് മന്ത്രി വീണാ ജോർജ്

Tuesday, Aug 29, 2023
Reported By Admin
Health Workers

തിരുവോണ ദിവസം ആശുപത്രികളിൽ അവധിയില്ലാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രികൾ സന്ദർശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലും എസ്.എ.ടി.യിലും ജനറൽ ആശുപത്രിയിലും സന്ദർശനം നടത്തി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ഓണ സമ്മാനവും നൽകിയാണ് മന്ത്രി മടങ്ങിയത്. 150 ഓളം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാണ് മെഡിക്കൽ കോളേജിലും എസ്.എ.ടി.യിലുമായി തിരുവോണ ദിവസം ആദ്യ ഷിഫ്റ്റിൽ സേവനമനുഷ്ഠിച്ചത്. അവർക്ക് മന്ത്രി വസ്ത്രങ്ങൾ സമ്മാനിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. നിസാറുദീൻ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ആരോരുമില്ലാത്തവർ സംരക്ഷിക്കപ്പെടുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി ഒൻപതാം വാർഡിലും മന്ത്രി സന്ദർശനം നടത്തി. അവർക്ക് മന്ത്രി വസ്ത്രങ്ങൾ സമ്മാനിച്ചു. ആരോഗ്യ പ്രവർത്തകരെയും രോഗികളെയും കൂട്ടിരുപ്പുകാരെയും കണ്ടു. ഒപ്പം അവർക്ക് ഓണ സദ്യ വിളമ്പിക്കൊടുക്കുകയും ചെയ്തു.

അടുത്തിടെ മന്ത്രി ജനറൽ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തുമ്പോൾ ഇവരെ നേരിട്ടു കണ്ടിരുന്നു. അവരുടെ പുനരധിവാസം ഉറപ്പ് വരുത്താനായി ഇടപെടൽ നടത്തി. 96 പേരാണ് ജനറൽ ആശുപത്രിയിൽ അന്ന് കഴിഞ്ഞത്. പത്തനംതിട്ട കുമ്പനാട് ഗിൽഗാലിനോട് മന്ത്രി ആവശ്യപ്പെട്ട പ്രകാരം 15 പേരെ ഏറ്റെടുക്കാൻ തയ്യാറായി. സാമൂഹ്യനീതി വകുപ്പും പുനരധിവാസം ഏറ്റെടുത്തിരുന്നു. ഇപ്പോൾ നിലവിൽ 69 പേരാണ് ജനറൽ ആശുപത്രിയിൽ പുനരധിവാസം കാത്ത് കഴിയുന്നത്.

തിരുവോണ ദിവസം കുടുംബങ്ങൾക്കൊപ്പം കഴിയാതെ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരുണ്ട്. രോഗം മൂലം ആശുപത്രികളിൽ കഴിയേണ്ടി വരുന്നവരുമുണ്ട്. അവധിയില്ലാതെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന പ്രിയപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം അറിയിക്കാനും അവരിൽ ചിലർക്കെങ്കിലുമൊപ്പം അൽപസമയം ചെലവഴിക്കാനുമാണ് മന്ത്രിയെത്തിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.