Sections

രാത്രി മുഴുവൻ ഫാനിനു ചുവട്ടിൽ കിടന്നുറങ്ങുന്നവരാണോ നിങ്ങൾ, എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Thursday, Nov 07, 2024
Reported By Soumya
Health risks of sleeping with a fan on, dehydration, dry skin, allergies, sleeping with a fan

എത്ര തണുപ്പത്തും ഫാനിന്റെ കാറ്റില്ലാതെ അല്ലെങ്കിൽ ഫാനിന്റെ ശബ്ദം കേൾക്കാതെ ഉറങ്ങാൻ സാധിക്കാത്ത ആളുകൾ ഉണ്ട്.മുറിയിൽ ആവശ്യത്തിന് കാറ്റ് നൽകുക മാത്രമാണ് ഫാൻ ചെയ്യുന്നത്. ഫെബ്രുവരി-മെയ് മാസങ്ങളിൽ മാത്രമാണ് അധികമായി ചൂട് അനുഭവപ്പെടാറ്. ചൂടുകാലത്ത് ശരീരത്തിൽ വിയർപ്പ് വർധിക്കും. ഈ വിയർപ്പിനുമേൽ കാറ്റടിക്കുമ്പോൾ ജലാംശം ബാഷ്പീകരിക്കുന്നതിനാലാണ് നമുക്ക് തണുപ്പ് അനുഭവപ്പെടുന്നത്. രാത്രി മുഴുവൻ ഫാനിനു ചുവട്ടിൽ കിടന്നുറങ്ങുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എല്ലാവർക്കും ഇത് ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നില്ല, എന്നാൽ ചില ആളുകൾക്ക് ഇത് നേരിയ തോതിൽ ആരോഗ്യ അസ്വസ്ഥതകൾ കാണിക്കുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അവ എന്തൊക്കെയെന്ന് നോക്കാം.

  • ഫാനിൽ നിന്ന് വരുന്ന കാറ്റ് വായ, മൂക്ക്, തൊണ്ട എന്നിവ വരണ്ടതാക്കുന്നു. ഇത് അമിതമായി കഫം ഉൽപാദിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. കാലക്രമേണ ഇത് തലവേദന, ജലദോഷം, തൊണ്ടവേദന എന്നിവയ്ക്ക് കാരണമാകാം. ഒരു ഫാൻ രോഗിയാക്കില്ലെങ്കിലും കാലാവസ്ഥ പണിതന്നേക്കാം. തണുത്ത കാലാവസ്ഥയിലാണെങ്കിൽ ഇത് രോഗലക്ഷണങ്ങളെ കൂടുതൽ വഷളാക്കിയേക്കാം. കൂടുതൽ വെള്ളം കുടിച്ചും ഫാനിനൊപ്പം ഒരു ഹ്യുമിഡിഫയർ ഉപയോഗിച്ചും ഇത്തരം അവസ്ഥകളിൽ നിന്ന് രക്ഷനേടാം.
  • മുറിയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഫാൻ ഓണാക്കുന്നതിലൂടെ വായുവിൽ പൊടിയും മറ്റും നിറയാൻ കാരണമാകുന്നു. ഇത് ചിലരിൽ അലർജികൾക്ക് കാരണമാകുന്നു. ഫാനിന്റെ ലീഫുകളും പൊടിപടലത്തിന്റെ മറ്റൊരു ഉറവിടമാണ്. ഇത് ശ്വസിക്കുന്നതിലൂടെ മൂക്കൊലിപ്പ്, തൊണ്ടയിലെ ചൊറിച്ചിൽ, തുമ്മൽ, കണ്ണുകളിൽ വെള്ളം, അല്ലെങ്കിൽ ശ്വസിക്കാനുള്ള ബുദ്ധിമുട്ടുകൾ എന്നിവ പോലുള്ള ലക്ഷണങ്ങൾ അനുഭവപ്പെടാം. ഫാനിന്റെ ലീഫിന്റെ ഇരുവശവും ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം. കിടപ്പുമുറിയിൽ വസ്ത്രങ്ങൾ, കടലാസുകൾ, പുസ്തകങ്ങൾ, ചാക്കുകെട്ടുകൾ, ബോക്സുകൾ എന്നിവയൊന്നും വലിച്ചുവാരിയിടരുത്. കിടപ്പുമുറി എപ്പോഴും ശുചിയാക്കി സൂക്ഷിക്കുക.
  • രാത്രി മുഴുവൻ ഫാനിട്ട് ഉറങ്ങുന്നതിലൂടെ ഫാനിൽ നിന്നുള്ള കാറ്റ് ചർമ്മത്തെയും കണ്ണുകളെയും വരണ്ടതാക്കും. ഇത് തടയാനായി ചർമ്മത്തിൽ മോയ്സ്ചറൈസറും കണ്ണിൽ ഐ ഡ്രോപ്പും ഉപയോഗിക്കാം.
  • കൂടുതൽ സമയം ഫാനിന്റെ കാറ്റ് കൊള്ളുന്നതിലൂടെ രക്തചംക്രമണത്തിൽ തടസം നേരിട്ട് പേശികളിൽ പിരിമുറുക്കമുണ്ടാകുന്നു. ഇത് കുറയ്ക്കാനായി ഫാനിന്റെ കാറ്റ് നേരിട്ട് വീഴാത്തവിധം ഫാൻ ക്രമീകരിച്ചു വയ്ക്കാവുന്നതാണ്.
  • രാത്രി മുഴുവൻ ഫാനിട്ട് കിടക്കുന്നവർ മുറിയിൽ ആവശ്യത്തിന് വെന്റിലേഷൻ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം. ശരീരം മുഴുവൻ മൂടുന്നവിധത്തിലുള്ള വസ്ത്രം ധരിച്ചുവേണം രാത്രിയിൽ ഫാനിട്ട് കിടന്നുറങ്ങുന്ന ശീലമുള്ളവർ കിടക്കാൻ. തുണിയെത്താത്ത ശരീര ഭാഗത്ത് കൂടുതൽ നേരം കാറ്റടിക്കുമ്പോൾ ചർമ്മം അമിതമായി വരളുന്നു. ചർമ്മത്തിലെ ജലാംശം ബാഷ്പീകരിച്ച് നിർജ്ജലീകരണവും ഉണ്ടാകുന്നു. ഇതാണ് ഉറക്കമുണരുമ്പോൾ പലർക്കും ക്ഷീണം അനുഭവപ്പെടുന്നത്.
  • ഫാനിട്ടു തന്നെ ഉറങ്ങണമെന്ന് നിർബന്ധമുള്ളവർ നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിച്ച ശേഷം കിടന്നുറങ്ങുക. കൂടാതെ കിടപ്പു മുറിയിൽ നനഞ്ഞ വസ്ത്രങ്ങൾ ഇടുന്നതും ഒഴിവാക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.