Sections

ഹെല്‍ത്ത് ഇന്‍ഷുറന്‍സിനോടുള്ള വിമുഖത മാറ്റിയില്ലെങ്കില്‍ ഭാവിയില്‍ കുറ്റബോധം തോന്നും തീര്‍ച്ച

Monday, Sep 06, 2021
Reported By Aswathi Nurichan
health isurance

ഒരു ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എന്താണ് എന്ന് അറിയുന്നതിനു മുന്‍പായി അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തമ്മില്‍ വളരെ വലിയ വ്യത്യാസങ്ങളുണ്ട് എന്നതാണ്


വളരെയേറെ ദുഷ്‌കരമായ ഒരു സാഹചര്യത്തിലൂടെ ആണ് നമ്മള്‍ എല്ലാവരും കടന്നു പോകുന്നത്. കൊറോണ കാരണം നിരവധി പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇവരില്‍ പലര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജും മറ്റുമില്ല. അതുകൊണ്ടുതന്നെ ഒരു വലിയ തുകയാണ് ആശുപത്രികളില്‍ മെഡിക്കല്‍ ചിലവിനായി നല്‍കേണ്ടി വരുന്നത്. എന്നാല്‍ ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടെങ്കില്‍ നിങ്ങളുടെ മെഡിക്കല്‍ എക്‌സ്‌പെന്‍സ് എങ്ങിനെ കുറയ്ക്കാം? ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എപ്പോള്‍ എടുക്കണം? തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കാം. 

ഒരു ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എന്താണ് എന്ന് അറിയുന്നതിനു മുന്‍പായി അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തമ്മില്‍ വളരെ വലിയ വ്യത്യാസങ്ങളുണ്ട് എന്നതാണ്. ഒരു ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുന്ന വ്യക്തിക്ക് മരണം സംഭവിക്കുകയാണെങ്കില്‍ ആ വ്യക്തി നോമിനിയായി വെച്ചിട്ടുള്ള ആള്‍ക്ക് തുക ലഭിക്കുന്നതാണ്.

അതുപോലെ മെച്യൂരിറ്റി പിരീഡ് കഴിഞ്ഞാല്‍ ആ തുക തിരികെ ലഭിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ പലരും ഇതിന് ഒരു ഇന്‍വെസ്റ്റ്‌മെന്റ് ആയും കണക്കാക്കുന്നു. എന്നാല്‍ ഒരു ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസിയില്‍ നിങ്ങള്‍ക്ക് ഒരു കാരണവശാലും ക്ലെയിം ചെയ്യാത്ത തുക തിരികെ ലഭിക്കുന്നതല്ല. ഒരു വാഹന ഇന്‍ഷുറന്‍സ് ഏത് രീതിയിലാണോ പ്രവര്‍ത്തിക്കുന്നത് അതേ രീതിയിലാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രവര്‍ത്തിക്കുന്നത്. ഇന്‍ഷൂറന്‍സ് കാലാവധിക്കുള്ളില്‍ ഏതെങ്കിലും രീതിയിലുള്ള ക്ലെയിം ചെയ്യുന്നതിനുള്ള സാഹചര്യമുണ്ടായാല്‍ മാത്രമാണ് ആ തുക ഉപയോഗിക്കപ്പെടുന്നുള്ളൂ.

നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രീമിയം അനുസരിച്ചുള്ള കവറേജ് ആണ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസിയില്‍ ലഭിക്കുക. ആ കാലയളവിനുള്ളില്‍ വരുന്ന എല്ലാ വിധ മെഡിക്കല്‍ ചെലവുകളും നിങ്ങള്‍ക്ക് ഈ പോളിസി ഉപയോഗിച്ച് ക്ലെയിം ചെയ്യാവുന്നതാണ്. ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുക്കാന്‍ പോകുമ്പോള്‍ പലരും ചിന്തിക്കുന്ന ഒരു കാര്യമാണ് 25,30 പ്രായമുള്ള ഉള്ള ഒരാള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ആവശ്യമാണോ എന്നുള്ളത്. എന്നാല്‍ ഇതിനുള്ള ഉത്തരം ആവശ്യമാണ് എന്നു തന്നെയാണ്. കാരണം ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ചില അസുഖങ്ങള്‍ക്ക് കൃത്യമായ ഒരു വെയിറ്റിംഗ് പിരീഡ് നല്‍കിയിട്ടുണ്ടാകും. ഈ ഒരു സമയം കഴിഞ്ഞാല്‍ മാത്രമാണ് നിങ്ങള്‍ക്ക് അതിനായുള്ള തുക ലഭിക്കുകയുള്ളൂ.

ഈ ഒരു സാഹചര്യം പരിഗണിക്കുകയാണെങ്കില്‍ നിങ്ങള്‍ 50 വയസ്സു കഴിഞ്ഞ ശേഷമാണ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നത് എങ്കില്‍ പോളിസി വെയ്റ്റിംഗ് പിരീഡ് കഴിയാത്ത അസുഖങ്ങള്‍ക്കുള്ള ക്ലെയിം ലഭിക്കുന്നതല്ല. എന്നാല്‍ നിങ്ങള്‍ മുന്‍കൂട്ടി തന്നെ ഇത്തരത്തില്‍ ഒരു പോളിസി എടുക്കുകയാണെങ്കില്‍ ഭാവിയില്‍ ഉപകാരപ്പെട്ടേക്കാം. ഇനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍ നിന്നും പലരെയും മാറ്റി നിര്‍ത്തുന്ന മറ്റൊരു ഘടകമാണ് പലരും കമ്പനി പ്രൊവൈഡ് ചെയ്യുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉപയോഗിക്കാമെന്നു കരുതുന്നത്.

എന്നാല്‍ ചിലപ്പോള്‍ നിങ്ങള്‍ ഒരു ജോലിയില്‍ നിന്നും മറ്റൊരു ജോലിയിലേക്ക് മാറുകയാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന കവറേജ് വ്യത്യസ്തമാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല മിക്ക കമ്പനികളും ഒരു കൂട്ടം ആള്‍ക്കാര്‍ക്കു വേണ്ടിയാണ് ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കുന്നത്. ഇതില്‍ ചില ആള്‍ക്കാര്‍ മാത്രം ആ നിശ്ചിത കാലയളവിനുള്ളില്‍ തുക ക്ലെയിം ചെയ്തു എന്നും വരാം. അടുത്ത സാഹചര്യം ഏതെങ്കിലും കാരണവശാല്‍ നിങ്ങള്‍ നിലവിലെ ജോലി മാറുകയാണെങ്കില്‍ പുതിയ ജോലിയില്‍ കയറി ഒരു നിശ്ചിത കാലയളവിനുള്ളില്‍ നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കുന്നതല്ല.

പ്രധാനമായും രണ്ടു രീതിയിലാണ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുക്കാന്‍ സാധിക്കുക ഒന്ന് ഇന്‍ഡിവിജ്വല്‍ എന്ന രീതിയിലും രണ്ടാമത്തേത് ഫാമിലി ഫ്‌ലോട്ടര്‍ എന്ന രീതിയിലും. ഫാമിലി ഫ്‌ലോട്ടര്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇത് പോളിസി ഷെയര്‍ ചെയ്യുന്നതിന് സഹായിക്കുന്നു. പ്രായമായവരുടെയും മറ്റും മെഡിക്കല്‍ ചെലവുകള്‍ നടത്തുന്നതിനായി കൂടുതല്‍ തുക ചിലവാക്കുന്നതിന് ഇത് സഹായിക്കുന്നതാണ്. ഫാമിലി ഫ്‌ലോട്ടര്‍ തിരഞ്ഞെടുക്കുമ്പോള്‍ പോളിസി എടുക്കുന്ന വ്യക്തിയുടെ മക്കള്‍ക്ക് 24 വയസ്സ് വരെയാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുക.

കൂടാതെ ഫാമിലിയില്‍ പെടാത്ത മറ്റാരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് ഇന്‍ഡിവിജ്വല്‍ ആയും ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തു നല്‍കാവുന്നതാണ്. ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് ടാക്‌സ് ബെനഫിറ്റും നല്‍കുന്നു. മൂന്നു ലക്ഷത്തിന്റെ ഒരു ഇന്‍ഷുറന്‍സ് ആണ് നിങ്ങള്‍ എടുക്കുന്നത് എങ്കില്‍ ഒരു വര്‍ഷത്തിന് 4000 രൂപയുടെ അടുത്തും, ഒരു മാസത്തേക്ക് 300 രൂപയും, ഒരു ദിവസത്തേക്ക് വെറും 20 രൂപയും മാത്രം മാറ്റിവച്ചാല്‍ മതിയാകും. ഇത് തീര്‍ച്ചയായും നമ്മുടെ ഭാവി സുരക്ഷിതമാക്കാന്‍ സഹായിക്കുന്നതാണ്.

കാരണം വലിയ രീതിയിലുള്ള ഓപ്പറേഷനുകളും മറ്റും വരികയാണെങ്കില്‍ ഇത്തരത്തിലൊരു വലിയ തുക ഉണ്ടാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ ഒരു അവസരത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തീര്‍ച്ചയായും നമ്മളെ സഹായിക്കുന്നതാണ്.ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നതിനു മുന്‍പായി നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് ഏജന്റിനെ അറിയിച്ചുകൊണ്ട് പോളിസി തുടങ്ങുക. അല്ലാത്തപക്ഷം ഭാവിയില്‍ ഒരു അത്യാവശ്യഘട്ടത്തില്‍ ഇത് നിങ്ങളുടെ ക്ലെയിം റിജക്ട് ആവുന്നതിന് കാരണമാകാം.

നിങ്ങള്‍ക്ക് ഒരു ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ STAR, ആദിത്യ ബിര്‍ള, HDFC എന്നിങ്ങനെ വിവിധ കമ്പനികള്‍ ഇന്ന് മാര്‍ക്കറ്റില്‍ ഉണ്ട്. ഇതില്‍ ഏതാണ് നിങ്ങള്‍ക്ക് അനുയോജ്യമായത് അത് തിരഞ്ഞെടുത്ത് ഏജന്റ് മുഖേന പോളിസി എടുക്കാവുന്നതാണ്.എന്നാല്‍ ഏതു പോളിസി എടുക്കുന്നതിന് മുന്‍പും അതിന്റെ എല്ലാ വിധ നിയമാവലിയും വായിച്ചു മനസ്സിലാക്കി മാത്രം പോളിസിയില്‍ അംഗമാകാന്‍ ശ്രദ്ധിക്കുക.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.