Sections

മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ

Friday, Oct 20, 2023
Reported By Soumya
Egg

മുട്ട എന്നാൽ കൊഴുപ്പ് എന്നാണ് പലരുടെയും മനസ്സിൽ. മുട്ടകഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരം എന്നു പലരും വിശ്വസിച്ചു പോരുന്നു. എന്നാൽ, ശരിക്കും മുട്ട അത്ര വില്ലനല്ല. എന്നു മാത്രമല്ല ശരിയായി കഴിച്ചാൽ നല്ല കൂട്ടുകാരൻകൂടിയാണ് മുട്ട. മുട്ട ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറയാണ്. വൈറ്റമിൻ എ, ബി, ഇ, ബി12, റൈബോഫ്ളാവിൻ, കാത്സ്യം, ഫോസ്ഫറസ്, ലെസിതിൻ, ഇരുമ്പ്, പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും മാംസപേശികളുടെയും വികാസത്തിനു സഹായിക്കുന്ന പ്രോട്ടീന്റെ നിറകുടമാണ് മുട്ട. ജീവകം സിയുടെയും അന്നജത്തിന്റെയും കുറവ് ഒഴിച്ചാൽ സമ്പൂർണ്ണമായ ഭക്ഷണം. കുട്ടികളുടെ ഭക്ഷണത്തിൽ നിത്യവും ഉൾപ്പെടുത്താവുന്ന ആഹാരമാണ് മുട്ട. മുട്ടയുടെ വെള്ളയിലെ പ്രധാനഘടകം പ്രോട്ടീനും മഞ്ഞയിൽ കൊഴുപ്പുമാണ്. അതിനാൽ, കൊളസ്ട്രോൾ ഉള്ളവർ വെള്ളമാത്രം കഴിക്കുന്നതാണ് നല്ലത്.

  • 13 ആവശ്യ ജീവകങ്ങളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട് ഏകദേശം 50 ഗ്രാം ഭാരംവരും ഒരു കോഴിമുട്ടയ്ക്ക്. ഇതിൽ 72 കാലറി ഊർജ്ജവും 186 മില്ലിഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. എല്ലിനും പല്ലിനും ത്വക്കിനും കണ്ണിനും മുട്ട നല്ലതാണ്.
  • കുട്ടികൾക്ക് മുട്ടയുടെ മഞ്ഞ കൊടുക്കാവുന്നതാണ്. മുതിർന്നവർക്ക് മുട്ടയുടെ വെള്ളയാണ് നല്ലത്.
  • കോഴിമുട്ടയേക്കാൾ കുട്ടികൾക്ക് കൊടുക്കാൻ നല്ലത് കാടമുട്ടയാണ്. കാടമുട്ടയ്ക്ക് കോഴിമുട്ടയേക്കാൾ ഗുണവും ഏറെയാണ്. ഒരു കാടമുട്ടയിൽ നിന്ന് 71 കാലറിയോളം ഊർജ്ജവും 6 ഗ്രാം പ്രോട്ടീനും ആവശ്യമായ കൊഴുപ്പിന്റെ 25 ശതമാനത്തോളവും ലഭിക്കുന്നു. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിൽ നല്ല കൊഴുപ്പാണ് കൂടുതൽ അടങ്ങിയിരിക്കുന്നത്. കോഴിമുട്ടയെക്കാൾ 5 മടങ്ങ് കൂടുതലാണ് പ്രോട്ടീന്റെയും അയണിന്റെയും അളവ്. വിറ്റാമിൻ ബി12 ആണെങ്കിൽ 15 മടങ്ങ് അധികവും.
  • 9 മാസം മുതൽ ഒരു വയസ്സുവരെയുള്ള കുട്ടികൾക്ക് കാടമുട്ടയുടെ മഞ്ഞ കൊടുക്കുന്നത് വളരെ നല്ലതാണ്. 1 വയസ്സ് മുതൽ 3 വയസുവരെയുള്ള കുട്ടികൾക്ക് 2 മുതൽ 3 കാടമുട്ട വരെ നൽകാം. 7 വയസിനു മുകളിലുള്ളവർക്ക് അഞ്ച് കാടുമുട്ട വരെ ഒരു ദിവസം കഴിക്കാം. മുതിർന്നയാളുകൾ 5 കാടമുട്ട വരെ കഴിക്കുന്നത് നല്ലതാണ്. എന്നാൽ, അതിൽ കൂടുതലാകുന്നത് ദോഷം ചെയ്യും.കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കും വികാസത്തിനും കാടമുട്ട വളരെ ഗുണം ചെയ്യും. തൊലിക്ക് തിളക്കം, മുടി വളരുന്നതിനും എല്ലിനും മസിലുകൾക്കും ശക്തി ലഭിക്കുന്നതിനും കാടമുട്ട കഴിക്കുന്നത് നല്ലതാണ്.
  • ഏകദേശം 70ഗ്രാം ഭാരമുണ്ടാകും ഒരു താറാമുട്ടയ്ക്ക്. ഇതിൽ 130 കാലറി ഊർജ്ജവും 619 മില്ലി ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഒരാൾക്ക് ആവശ്യമുള്ളതിനേക്കാൾ അധികം കൊഴുപ്പ് താറാമുട്ടയിൽ നിന്ന് ലഭിക്കുന്നതിനാൽ താറാമുട്ട ഹൃദ്രോഗം, അമിത കൊളസ്ട്രോൾ, രക്താതിസമ്മർദ്ദം തുടങ്ങിയവയുള്ളവർക്ക് ഒട്ടും നല്ലതല്ല.
  • കോഴിമുട്ടയെ അപേക്ഷിച്ച് അലർജി സാധ്യത കുറവാണ് താറാമുട്ടയ്ക്ക്. കോഴിമുട്ട കഴിക്കുമ്പോൾ മലബന്ധം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാൽ, താറാമുട്ടയ്ക്ക് ആ പ്രശ്നമില്ല. അതിനാൽ, പ്രായമായവർ പലരും താറാമുട്ടയാണ് കഴിക്കാൻ തിരഞ്ഞെടുക്കുന്നത്. ആൽബുമിൻ, ഒമേഗ 3 എന്നിവയുടെ അളവ് താറാമുട്ടയിൽ കൂടുതലാണ്. അതിനാൽ, ആൽബുമിൻ കുറഞ്ഞു പോകുന്നവരോട് താറാമുട്ട കഴിക്കാൻ നിർദ്ദേശിക്കാറുണ്ട്.
  • ഭാരം കുറയ്ക്കാം- മുട്ടയിൽ പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് വളരെ കുറവാണ്. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തിയാൽ, ദിവസം മുഴുവൻ ഊർജ്ജം നിലനിർത്തി ക്ഷീണവും വിശപ്പും മാറാൻ ഇത് സഹായിക്കും. രാവിലെ മുട്ട കഴിച്ചാൽ പകൽ സമയത്ത് അമിതമായി ഭക്ഷണം കഴിക്കേണ്ടി വരില്ല. ഇത് നിങ്ങളുടെ കലോറി ഉപഭോഗം ഗണ്യമായി കുറയ്ക്കുന്നു. അങ്ങനെ ശരീരഭാരം കുറയ്ക്കാൻ മുട്ട പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.