രുചികരവും പോഷകസമ്പുഷ്ടവുമായ ഫലമാണ് വാളൻ പുളി. മറ്റു പഴങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഇതിൽ ധാരാളം കാൽസ്യവും ജീവകങ്ങളായ ഇ, സി, ബി എന്നിവയും നിരവധി ധാതുക്കളും ഉണ്ട്. 100 ഗ്രാം പുളി സത്തിൽ 35 മുതൽ 170 വരെ മി.ഗ്രാം കാൽസ്യം, 375 മി. ഗ്രാം പൊട്ടാസ്യം, 151.U ജീവകം എ, 0.16 മി.ഗ്രാം തയാമിൻ, 8-23.8 മി.ഗ്രാം ടാർടാറിക് ആസിഡ്, 54-110 മി.ഗ്രാം ഫോസ്ഫറസ്, 3.10 ഗ്രാം പ്രോട്ടീൻ, 92 ഗ്രാം മഗ്നീഷ്യം, 0.07 മി.ഗ്രാം റൈബോ ഫ്ലേവിൻ ഇവയടങ്ങിയിട്ടുണ്ട്. ചിലർ മീൻകറി പാകം ചെയ്യുമ്പോൾ കുടംപുളിക്ക് പകരമായി വാളൻപുളി ഉപയോഗിക്കുന്നു. ഇന്ത്യൻ ഭക്ഷണരീതികളിൽ ഒട്ടുമിക്ക വിഭവങ്ങളിലും പുളിയുടെ സാന്നിധ്യമുണ്ടാകാറുണ്ടെന്നതാണ് പ്രത്യേകത. വാളൻപുളിയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്നു നോക്കാം
- ഹൃദയസംബന്ധമായ എല്ലാ പ്രശ്നങ്ങളും കുറയ്ക്കാൻ വാളൻ പുളി സഹായിക്കും.പുളിയിലടങ്ങിയ നാരുകൾ ധമനികളിലെ എൽഡിഎൽ കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നു. വാളൻ പുളിയിലെ പൊട്ടാസ്യം, ധമനികളിലെയും മറ്റു രക്തക്കുഴലുകളിലെയും സ്ട്രെസ് കുറച്ച് രക്തസമ്മർദം നിയന്ത്രിക്കുന്നു. ജീവകം സി ഫ്രീ റാഡിക്കലുകളെ തുരത്തുന്നു.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് പ്രമേഹത്തിലേക്കു നയിക്കും. പുളിയിലടങ്ങിയ ആൽഫാ അമിലേസ്, ഷുഗർ ആയി മാറുന്ന കാർബോഹൈഡ്രേറ്റിന്റെ ആഗിരണം തടഞ്ഞ് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.
- കാർബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയിട്ടുണ്ടെങ്കിലും പുളിയിൽ കൊഴുപ്പിന്റെ അംശമില്ല. കൂടാതെ പുളിയിൽ അടങ്ങിയിട്ടുള്ള ഫ്ളേവനോയ്ഡുകളും പോളിഫെനോളുകളും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലുള്ള എൻസൈം എന്ന ഘടകം വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതുവഴി ശരീരഭാരം നിയന്ത്രിക്കാൻ വാളൻപുളി സഹായിക്കുന്നു.
- വയറിലെ പേശികളെ ശക്തിപ്പെടുത്താൻ പുളിക്ക് കഴിയും. അതിനാൽ വയറിളക്കത്തിനുള്ള മികച്ച പ്രതിവിധി കൂടിയാണ് വാളൻപുളി. ദഹനപ്രശ്നങ്ങളെ ഒരുപരിധിവരെ സുഗമമാക്കാൻ പുളിക്ക് സാധിക്കും.
- ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ധാരാളമുള്ള വാളൻ പുളിക്ക് ആന്റി മൈക്രോബിയൽ, ആന്റി സെപ്റ്റിക് ഗുണങ്ങൾ ഉണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു.
- ചൂടു കൂടുമ്പോഴുണ്ടാകുന്ന സൂര്യാഘാതം തടയാൻ വാളൻ പുളി സഹായിക്കുന്നു. പുളിച്ചാറിൽ ജീരകം ചേർത്തുപയോഗിക്കുന്നത് ചൂടു മൂലമുള്ള പ്രശ്നങ്ങൾ തടയുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും.
- വാളൻ പുളിയിൽ തയാമിന്റെ രൂപത്തിൽ ജീവകം ബി കോംപ്ലക്സ് അടങ്ങിയിട്ടുണ്ട്. ഇത് നാഡികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, പേശികളെ ശക്തിപ്പെടുത്തുന്നു.
- നിരോക്സീകാരികൾ ധാരാളം ഉള്ളതിനാൽ കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ വാളൻപുളിക്ക് കഴിവുണ്ട്.
- കരളിനെ പരിപാലിക്കാൻ പുളിക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്. പതിവ് ഭക്ഷണത്തിൽ പുളി ഉൾപ്പെടുത്തിയാൽ കരളിൽ കൊഴുപ്പ് അടിയുന്നത് ഒഴിവാകുന്നു.
ഭക്ഷണത്തിൽ പുളിയുടെ അളവ് അനിയന്ത്രിതമായാലും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അതിനാൽ ആരോഗ്യവിദഗ്ധരുടെ ശുപാർശകൾക്ക് അനുസൃതമായി മാത്രം ആഹാരത്തിൽ ഉൾപ്പെടുത്തുന്ന പുളിയുടെ അളവ് തീരുമാനിക്കുക.
ഓർമ്മക്കുറിവിന് പരിഹാരം കാണാം ജീവിത ശൈലിയിലെ ഈ മാറ്റങ്ങളിലൂടെ... Read More
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.