Sections

പാരിസ്ഥിതിക സാമൂഹ്യ സുസ്ഥിര ലക്ഷ്യങ്ങൾ നടപ്പാക്കാൻ ഹാരിസൺസ് മലയാളം

Wednesday, Nov 20, 2024
Reported By Admin
Harrisons Malayalam tea plantation with sustainable farming practices

കൊച്ചി: മികച്ച കൃഷി രീതികൾ അവലംബിക്കുന്നതിനും വാണിജ്യ സുസ്ഥിരത കൈവരിക്കുന്നതിനുമായി പാരിസ്ഥിതിക-സാമൂഹ്യ-സുസ്ഥിര ലക്ഷ്യങ്ങൾ(എൻവയറോൺമെൻറൽ സോഷ്യൽ ഗവേണൻസ്- ഇഎസ്ജി) നടപ്പാക്കാൻ ഹാരിസൺസ് മലയാളം(എച്എംഎൽ) തീരുമാനമെടുത്തു. പാരിസ്ഥിതിക സൗഹൃദമായ നടപടികൾ കൈക്കൊള്ളുന്നത് തൊഴിലാളികൾക്കും ജീവനക്കാർക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് കണക്കു കൂട്ടുന്നതെന്ന് കമ്പനി അറിയിച്ചു.

തോട്ടം മേഖലയ്ക്ക് ഇഎസ്ജി മാനദണ്ഡങ്ങൾ പാലിക്കേണ്ട നിയമപരമായ ബാധ്യത ഇല്ലാത്ത സാഹചര്യത്തിൽ കൂടിയാണ് ഇത് നടപ്പാക്കാൻ ഹാരിസൺസ് മലയാളം തീരുമാനിച്ചത്. ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബർ റിപ്പോർട്ടിംഗ് ഇനിഷ്യേറ്റീവാണ് ഈ മാനദണ്ഡങ്ങൾ ക്രോഡീകരിച്ചിരിക്കുന്നത്. ബിസിനസിനും വ്യവസായങ്ങൾക്കും സുസ്ഥിര ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിലൂടെ സാമ്പത്തികവും പാരിസ്ഥിതികവും സാമൂഹ്യവുമായ നേട്ടങ്ങൾ കൈവരിക്കാനാകും.

ആഗോള സുസ്ഥിര ലക്ഷ്യങ്ങൾ ഭാവിയിലെ പുരോഗതിയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ഹാരിസൺസ് മലയാളം സിഇഒ ചെറിയാൻ എം ജോർജ്ജ് പറഞ്ഞു. ഹാരിസൺസ് മലയാളത്തിൻറെ ഏഴ് തേയിലത്തോട്ടങ്ങൾക്കൊപ്പം ഹാരിസൺസിൻറെ ഫാക്ടറിയിൽ സ്ഥിരമായി തേയില നൽകുന്ന ചെറുകിട തോട്ടങ്ങളിലും ഇഎസ്ജി നടപ്പാക്കും. തേയില ഉത്പന്നങ്ങളിലെ സുരക്ഷ ഉറപ്പാക്കാനും മികച്ച കൃഷി രീതികൾ നടപ്പിൽ വരുത്താനും സുസ്ഥിര ലക്ഷ്യമാനദണ്ഡങ്ങൾ പാലിക്കുന്നത് സഹായിക്കും. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെ തൊഴിലാളികൾക്കും പ്രാദേശികസമൂഹത്തിനും പരിരക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പ്രധാന തോട്ടം ഉടമകളായ ഹാരിസൺസ് മലയാളം ചെറുകിട തോട്ടമുടമകളെയും തോട്ടം തൊഴിലാളികളെയും ഇതു സംബന്ധിച്ച അവബോധം വളർത്താൻ നിരവധി പരിപാടികൾ നടപ്പാക്കി വരുന്നുണ്ട്. സമഗ്ര കീടനാശിനി പ്രയോഗം, തൊഴിലിട ആരോഗ്യ സുരക്ഷ, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, മാലിന്യനിർമ്മാർജ്ജനം തുടങ്ങിയ കാര്യങ്ങളാണ് നടപ്പാക്കുന്നത്. തേയിലയ്ക്ക് പുറമെ, റബർ, കൊക്കോ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ തോട്ടങ്ങളാണ് ഹാരിസൺസ് മലയാളത്തിനുള്ളത്.

കാർഷികമേഖലയിലെ ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനും ഹാരിസൺസ് മലയാളം സുസ്ഥിര മാനദണ്ഡങ്ങൾ നടപ്പാക്കിയിട്ടുണ്ട്. തൊഴിലിടങ്ങളിലെ ലൈംഗികചൂഷണം തടയുന്നതിനുള്ള അവബോധവും പരിശീലനവും ഐഡിഎച് ഇൻറർനാഷണലുമായി ചേർന്ന് നടപ്പാക്കി വരുന്നുണ്ട്. വിമെൻ സേഫ്റ്റി ആക്സിലറേറ്റർ ഫണ്ട് പ്രോഗ്രാമും എച്എംഎൽ നടത്തുന്നുണ്ട്.

എച്എംഎല്ലിൻറെ എസ്ബിയു-ബി തേയില ഡിവിഷന് സുസ്ഥിര മാനദണ്ഡങ്ങളിലെ ആഗോള അംഗീകാരങ്ങളായ റെയിൻഫോറസ്റ്റ് അലയൻസ്, യുടിസെഡ്, എത്തിക്കൽ ടീ പാർട്ണർഷിപ്പ്, ട്രസ്റ്റ് ടീ എന്നിവ 2014 മുതൽ ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ കമ്പനിയുടെ എല്ലാ തോട്ടങ്ങളിലും കർശനമായ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയിട്ടുണ്ട്.

വനസംരക്ഷണം, ജലസംരക്ഷണം, തൊഴിലാളികൾക്കുള്ള ക്ഷേമപരിപാടികൾ, സാമൂഹ്യക്ഷേമം, മണ്ണ് സംരക്ഷണം എന്നിവയും എച്എംഎൽ നടപ്പിൽ വരുത്തിയിട്ടുണ്ട്. സുസ്ഥിര മാനദണ്ഡങ്ങളുടെ ഫലപ്രദമായ നടപ്പാക്കാലിന് വാർഷിക ഓഡിറ്റും ഹാരിസൺസ് മലയാളം നടത്തുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.