Sections

പപ്പടത്തിനും ശര്‍ക്കരയ്ക്കും 5 ശതമാനം ജിഎസ്ടി, 143 സാധനസാമഗ്രികളുടെ നികുതി കൂട്ടാന്‍ ആലോചന  

Monday, Apr 25, 2022
Reported By Admin

നികുതി കൂട്ടുന്ന 143 ഇനങ്ങളില്‍ ഭൂരിഭാഗത്തിന്റെയും ജിഎസ്ടി നിരക്ക് 18 ല്‍ നിന്ന് 28% ആക്കാനാണ് നിര്‍ദേശം

 

ന്യൂഡല്‍ഹി: നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ചരക്കു സേവന നികുതി നിരക്ക് കുത്തനെ കൂട്ടാന്‍ നീക്കം. 143 ഇനങ്ങളുടെ നികുതിനിരക്ക് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ജിഎസ്ടി കൗണ്‍സില്‍, സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി. 

നികുതി കൂട്ടുന്ന 143 ഇനങ്ങളില്‍ ഭൂരിഭാഗത്തിന്റെയും ജിഎസ്ടി നിരക്ക് 18 ല്‍ നിന്ന് 28% ആക്കാനാണ് നിര്‍ദേശം. പട്ടം, പവര്‍ബാങ്ക്, ച്യൂയിങ് ഗം, ഹാന്‍ഡ്ബാഗ്, വാച്ച്, സ്യൂട്ട്കേസ്, 32 ഇഞ്ചില്‍ താഴെയുള്ള ടിവി, ചോക്കലേറ്റ്, വാല്‍നട്ട്, സെറാമിക് സിങ്ക്, വാഷ് ബേസിന്‍, കൂളിങ് ഗ്ലാസ്, കണ്ണട ഫ്രെയിം, വസ്ത്രം, ലെതര്‍ കൊണ്ടുള്ള ആക്സസറീസ്, നോണ്‍ ആല്‍ക്കഹോളിക് പാനീയങ്ങള്‍ എന്നിവയെല്ലാം 28 % ജിഎസ്ടി നിരക്കിലേക്ക് മാറും. ഇവയില്‍ പലതിനും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പുള്ള മാസങ്ങളിലാണ് നിരക്കു കുറച്ചത്. 

പപ്പടത്തിനും ശര്‍ക്കരയ്ക്കും 5% ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ 18% നിരക്കുള്ള വാച്ച്, ലെതര്‍ ഉല്‍പന്നങ്ങള്‍, റേസര്‍, പെര്‍ഫ്യൂം, ലോഷന്‍, കൊക്കോപൗഡര്‍, ചോക്കലേറ്റ്, കോഫി എക്സ്ട്രാക്റ്റ് , പ്ലൈവുഡ്, വാഷ്ബേസിന്‍, ജനലുകള്‍, ഇലക്ട്രിക് സ്വിച്ച്, സോക്കറ്റ്, ബാഗുകള്‍ തുടങ്ങിയവയ്ക്ക് 28 ശതമാനമാവും. കസ്റ്റഡ് പൗഡറിന് 5ല്‍ നിന്ന് 18 ശതമാനവും മരത്തിന്റെ മേശകള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവയ്ക്ക് 12ല്‍ നിന്ന് 18 ശതമാനവുമാക്കാനാണു നിര്‍ദേശം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.